കണ്ണൂര്‍: നഗരത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുമെന്നും കണ്ണൂര്‍ ദസറ മൈസൂര്‍ ദസറ മാതൃകയിലാക്കുമെന്നും വാഗ്ദാനംചെയ്ത് കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇടതുമുന്നണിപ്രകടന പത്രിക. ജില്ലയില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന മന്ത്രി ഇ.പി.ജയരാജന്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പത്രിക പ്രകാശനം ചെയ്തു. 153 വര്‍ഷം ചരിത്രമുള്ള നഗരത്തില്‍ ആദ്യമായാണ് കഴിഞ്ഞ തവണ നാലുവര്‍ഷം ഇടതുമുന്നണിക്ക് ഭരണം കിട്ടിയതെന്നും പക്ഷേ, ഭൂരിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരും യു.ഡി.എഫിന് ഒപ്പമായിരുന്നതിനാല്‍ വികസനപ്രവൃത്തികളെ എതിര്‍ക്കുകയാണ് അവര്‍ ചെയ്തതെന്നും മുന്നണി നേതാക്കള്‍ പറഞ്ഞു.

പൊതുഭരണം, കൃഷി-അനുബന്ധമേഖലകള്‍, മൃഗസംരക്ഷണം ക്ഷീരവികസനം, പ്രാദേശിക സാമ്പത്തിക വികസനം, മത്സ്യബന്ധനം, ദാരിദ്ര്യലഘൂകരണം, വനിതാക്ഷേമം, പട്ടികവിഭാഗത്തിന്റെ ഉന്നമനം, മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസം, കലാ സംസ്‌കാരം-സൗന്ദര്യവത്കരണം തുടങ്ങി 18 വിഭാഗങ്ങളിലായി നൂറ്റന്‍പതോളം വാഗ്ദാനങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ഷവും 'പ്രോഗ്രസ് റിപ്പോര്‍ട്ട് 'പ്രസിദ്ധപ്പെടുത്തുമെന്നും പത്രിക പറയുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തെക്കീബസാര്‍-ട്രെയിനിങ് സ്‌കൂള്‍ ഫ്‌ളൈ ഓവര്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. മോണോ റെയില്‍ സാധ്യത പഠിച്ച് മട്ടന്നൂര്‍ വിമാനത്താവളം, തലശ്ശേരി, തളിപ്പറമ്പ് നഗരങ്ങളെ ബന്ധിപ്പിച്ച് റെയില്‍ പദ്ധതിക്ക് ശ്രമിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. കൊച്ചി കോര്‍പ്പറേഷന്‍ മാതൃകയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം കൊണ്ടുവരും.

ലോക് താന്ത്രിക് ജനതാദള്‍ നേതാവ് കെ.പി.പ്രശാന്ത് അധ്യക്ഷനായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, ജില്ലാ സെക്രട്ടേറിയേറ്റംഗം എന്‍.ചന്ദ്രന്‍, സി.പി.ഐ. നേതാവ് വെള്ളോറ രാജന്‍, യു.ബാബു ഗോപിനാഥ്, കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി എന്‍.സുകന്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Kerala Local Body Election 2020 Kannur LDF Manifesto