യു.ഡി.എഫില്‍നിന്ന് എല്‍.ജെ.ഡിയും കേരള കോണ്‍ഗ്ര(എം)സും വിട്ടതോടെ ഒരു ദുര്‍ബല മുന്നണിയായി അത് മാറിക്കഴിഞ്ഞു. മലയോരമേഖലയിലെ വിജയമാണ് യു.ഡി.എഫിന് മുന്‍കാലങ്ങളില്‍ അല്പമെങ്കിലും ആശ്വാസമായിരുന്നത്.

കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിന്റെ ഭാഗമായതോടെ മലയോരമേഖലയിലും വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടാകാന്‍ പോവുന്നത്. ഉജ്ജ്വലമായ മുന്നേറ്റം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേടാന്‍ കഴിയും. അതോടെ യു.ഡി.എഫ് തകര്‍ന്നടിയും.

മുന്നണിമര്യാദയോ പരസ്പരവിശ്വാസമോ ഇല്ലാത്തവരുടെ ഒരു സങ്കേതമാണ് യു.ഡി.എഫ്. എന്ന തിരിച്ചറിവ് കേരളത്തിലെ പൊതുസമൂഹത്തിത്തിനുണ്ട്. ഇങ്ങനെയുള്ളവരെയല്ല, ത്രിതല പഞ്ചായത്തിലെ ഭരണം ഏല്‍പ്പിക്കേണ്ടതെന്ന രാഷ്ട്രീയബോധം കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളില്‍ രൂപപ്പെട്ടുകഴിഞ്ഞു.

രാജ്യം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഐതിഹാസികമായ കര്‍ഷകസമരം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചയോളമായി ലക്ഷക്കണക്കിന് കര്‍ഷകരാണ് തലസ്ഥാനത്ത് സഹനസമരം നടത്തുന്നത്. കോര്‍പ്പറേറ്റകള്‍ക്ക് കൃഷിഭൂമി തീറെഴുതുകയും ഭക്ഷ്യസുരക്ഷ തകര്‍ക്കുകയും ചെയ്യുന്ന താങ്ങുവിലയില്ലാതാക്കി കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ വിധിയെഴുതും.

ഇടതുപക്ഷസര്‍ക്കാരിന്റെ പ്രവര്‍ത്തനമികവും കാര്യക്ഷമമായ ജനകീയ ഇടപെടലുകളും ഒരു ഭരണകൂടത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ളതാണെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിപ്പയും പ്രളയവും കോവിഡും ജനസമൂഹത്തെ ആകെ വിറപ്പിക്കുകയും ഭയചകിതരാക്കുകയും ചെയ്തപ്പോള്‍ കേരള ജനതയെ ഒന്നടങ്കം ഒരുമിപ്പിച്ചുനിര്‍ത്തി, ഈ മഹാദുരന്തങ്ങളെ നേരിടാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാനും പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഓര്‍മയിലും മനസ്സിലുമുണ്ട്.

കോവിഡ് കാലത്ത് പുറത്തിറങ്ങാന്‍ കഴിയാതെവന്ന പട്ടിണിപ്പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഭക്ഷണസാധനങ്ങള്‍ മുറതെറ്റാതെ എത്തിച്ചുകൊടുത്ത് സര്‍ക്കാര്‍ പ്രവര്‍ത്തന മികവിന്റെ ലോകമാതൃകയായി മാറിയതും ജനങ്ങള്‍ കാണുന്നുണ്ട്.

ഇടതുപക്ഷ മുന്നണിയുടെ മതനിരപേക്ഷനിലപാടുകളും ജനകീയ ഇടപെടലുകളും കര്‍ഷകജനതയോടുള്ള ഐക്യദാര്‍ഢ്യ നിലപാടുകളും ഭരണരംഗത്തെ കാര്യക്ഷമമാക്കിയതും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അഭൂതപൂര്‍വമായ വിജയത്തിന് സഹായകമാകുന്ന ഘടകങ്ങളാണ്.