കണ്ണൂര്‍: ഇടതുമുന്നണിയിലേക്ക് ചുവടുമാറ്റിയ കേരള കോണ്‍ഗ്രസ് എമ്മിന് ജില്ലയില്‍ മുന്നണി നല്‍കിയത് മുന്തിയ പരിഗണന. 47 തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് അവര്‍ക്ക് മത്സരിക്കാന്‍ വിട്ടുകൊടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിലായിരുന്നപ്പോള്‍ 24 എണ്ണമായിരുന്നു, പാതിയോളം. പത്ത് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡും രണ്ട് ബ്ലോക്ക് വാര്‍ഡും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുമാണ് ജയിച്ചത്. പുതിയ മുന്നണിയില്‍ കരുത്ത് തെളിയിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പാര്‍ട്ടി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമാണ് അവര്‍ക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടുന്നത്.

പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ മലയോരങ്ങളിലാണ് ഇത്തവണ മത്സരിക്കാന്‍ കിട്ടിയ അധിക സീറ്റും. ജില്ലാ പഞ്ചായത്തില്‍ ആലക്കോട് ഡിവിഷനാണ്. കഴിഞ്ഞ തവണ നടുവിലായിരുന്നു. അവിടന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കാടന്‍ തന്നെയാണ് ആലക്കോട് മത്സരിക്കുന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ കരുവഞ്ചാല്‍, ഇരിക്കൂറില്‍ നുച്യാട്, ഇരിട്ടിയില്‍ അങ്ങാടിക്കടവും ചരളും, പേരാവൂരില്‍ അടയ്ക്കാത്തോട് എന്നിവിടങ്ങളിലാണ് മത്സരിക്കുന്നത്.

നഗരസഭയില്‍ ശ്രീകണ്ഠപുരത്ത് രണ്ടിടത്ത് മത്സരിക്കുന്നുണ്ട്. ഗ്രാമപ്പഞ്ചായത്തുകളില്‍ ചെറുപുഴയില്‍ അഞ്ച്, ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളില്‍ മൂന്നുവീതം, ഏരുവേശ്ശി, പയ്യാവൂര്‍, ആറളം എന്നിവിടങ്ങളില്‍ രണ്ടുവീതം, എരമം, ഉളിക്കല്‍, പായം പെരിങ്ങോം എന്നിവിടങ്ങളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് പാര്‍ട്ടി മത്സരിക്കുന്ന വാര്‍ഡുകളുടെ എണ്ണം. ഇതില്‍ ചുരുക്കം സ്ഥലങ്ങളിലേ ബദ്ധവൈരികളായ ജോസഫ് വിഭാഗം എതിരെ വരുന്നുള്ളൂ. ഭൂരിഭാഗം സ്ഥലങ്ങളിലും കോണ്‍ഗ്രസാണ് എതിരാളികള്‍. മാണി ഗ്രൂപ്പിന് ഇടതുമുന്നണി കൂടുതല്‍ പരിഗണന കൊടുത്തത് ജോസഫ് ഗ്രൂപ്പിനെയും കോണ്‍ഗ്രസിനെയും സമ്മര്‍ദത്തിലാക്കി. കൂടുതല്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ മറുപക്ഷത്തേക്ക് പോകുമെന്ന് കോണ്‍ഗ്രസിന് ജോസഫ് വിഭാഗം മുന്നറിയിപ്പുകൊടുക്കുന്നു.

മുന്നണി മാറിയതോടെ മാണി വിഭാഗത്തില്‍നിന്ന് പരമാവധി പേരെ ജോസഫ് ഗ്രൂപ്പിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതായി ആരോപണമുണ്ടായിരുന്നു.

Content Highlights: Kerala Local Body Election 2020 Kannur Kerala Congress(M)