കണ്ണൂര്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് ഡിവിഷനില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ബേബി തോലാനിക്കലും ജോജി വര്‍ഗീസ് വട്ടോളിയും ഏറ്റുമുട്ടുന്നു. ബേബിക്കാണ് കൈപ്പത്തിചിഹ്നം കിട്ടിയത്. ബേബിക്ക് ചിഹ്നം അനുവദിച്ച് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ പാച്ചേനി വരണാധികാരിക്ക് കത്തു നല്‍കിയിരുന്നു. ഇതിനെതിരേ ജോജി നല്‍കിയ അപ്പീല്‍ അനുവദിച്ച കെ.പി.സി.സി.അപ്പീല്‍ കമ്മിറ്റി ബേബിയുടെ ചിഹ്നം മരവിപ്പിച്ച് ജോജിക്ക് നല്‍കാന്‍ നിര്‍ദേശിച്ചു. പക്ഷേ, ഡി.സി.സി. കേട്ടില്ല.

പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചപ്പോള്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ജോജിയും തയ്യാറായില്ല. ചിഹ്നം കിട്ടിയില്ലെങ്കിലും കെ.പി.സി.സി. അംഗീകരിച്ച ഔദ്യോഗിക സ്ഥാനാര്‍ഥി താനാണെന്ന് ജോജി പറയുന്നു. അലമാരയാണ് അദ്ദേഹത്തിന്റെ ചിഹ്നം. തന്നോട് ആരും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടില്ലെന്നും കൈപ്പത്തി ചിഹ്നത്തില്‍ നില്‍ക്കുന്ന താനല്ലാതെ മറ്റൊരാള്‍ എങ്ങനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകുമെന്നും ബേബി ചോദിക്കുന്നു.

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരണ് ഇരുവരും. ഞായറാഴ്ച രാത്രി വൈകിയും ജോജിയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഡി.സി.സി. നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഉളിക്കല്‍ പഞ്ചായത്തില്‍ പെടുന്നതാണ് ന്യുചാട് ഡിവിഷന്‍.