music group
തീവണ്ടിയിലെ ഉദ്യോഗസ്ഥരടങ്ങിയ
ഗായകസംഘം(ഫയല്‍)

കണ്ണൂര്‍: വിപ്ലവഗാനങ്ങള്‍ പാടിയ പാസഞ്ചര്‍ തീവണ്ടികള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. എക്‌സ്പ്രസുകളിലെ കാലിയായ റിസര്‍വേഷന്‍ കോച്ചുകളില്‍ ആരും പോളണ്ടിനെക്കുറിച്ചൊന്നും മിണ്ടാറേ ഇല്ല.

റിസര്‍വേഷന്‍മാത്രമുള്ള അഞ്ചുദിനവണ്ടികളില്‍ സ്ഥിരം യാത്രക്കാര്‍ കയറാറില്ല. ദീര്‍ഘദൂരവണ്ടികള്‍ക്ക് സ്റ്റോപ്പുള്ളത് ജില്ലാ ആസ്ഥാനത്ത് മാത്രം. അതുകൊണ്ട് ബെര്‍ത്തിലിരുന്ന് രാഷ്ട്രീയം പറഞ്ഞവര്‍ ഇപ്പോള്‍ റോഡുയാത്രയിലാണ്. കോവിഡ് കാലത്ത് അവര്‍ക്ക് രാഷ്ട്രീയംപറയാന്‍ നേരവുമില്ല. പറയുന്നതത്രയും വണ്ടിയില്ലാത്തതിന്റെ ദുരിതം.

കണ്ണൂര്‍ പാസഞ്ചറിലും തിരുവനന്തപുരം എക്‌സ്പ്രസിലെ എസ്-ഒന്‍പത് കോച്ചിലും സ്ഥിരം പാട്ടുകാരുണ്ടായിരുന്നു. എന്നാല്‍, വിപ്ലവഗാനങ്ങള്‍ പാടിയ ഈയ്യക്കാട്ടെ ബാബുവിന്റെയും പോലീസിലെ പ്രദീപിന്റെയും ശബ്ദം ഇത്തവണ കേള്‍ക്കില്ല. ''ഈ തിരഞ്ഞെടുപ്പുകാലത്ത് അതെല്ലാം നിലച്ചു'' -സംഘത്തിലെ ഗായകന്‍ പയ്യന്നൂരിലെ പി.വി.മോഹനന്‍ പറഞ്ഞു.

കോഴിക്കോടുമുതല്‍ കാസര്‍കോടുവരെയുള്ള ഉദ്യോഗസ്ഥരാണ് ഇതില്‍ ഭൂരിഭാഗവും. സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്‍, സതീശന്‍, സുരേഷ്, സി.ദാസന്‍, രാജ്കുമാര്‍, സീമ, സിന്ധു അടക്കമുള്ള എല്ലാവര്‍ക്കും കൃത്യമായ രാഷ്ട്രീയമുണ്ട്.

വിപ്ലവഗാനവും പാരഡിയും പാടാന്‍ ഇത്തവണ തീവണ്ടിയിലാവാത്തതിന്റെ സങ്കടത്തിലാണ് പലരും. ഈ കൂട്ടായ്മ ഇപ്പോള്‍ സ്റ്റാര്‍ മേക്കറില്‍ ഗ്രൂപ്പുണ്ടാക്കി പാടുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍-മംഗളൂരു പാസഞ്ചര്‍ തീവണ്ടിയില്‍വരെ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥനയുമായി എത്തിയിരുന്നതായി റെയില്‍വേ പാസഞ്ചേഴ്സ് ഭാരവാഹിയായ കെ.പി.രാമകൃഷ്ണന്‍ ഓര്‍ക്കുന്നു.