കണ്ണൂര്‍ : കെ.പി.സി.സി. നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍ക്ക് പകരം ഡി.സി.സി. നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഔദ്യോഗികചിഹ്നം നല്‍കിയ സംഭവം വിവാദമായിരിക്കെ കോര്‍പ്പറേഷനിലെ വിമതസ്ഥാനാര്‍ഥികള്‍ക്കെതിരേ ഡി.സി.സി. നേതൃത്വം അച്ചടക്ക നടപടി തുടങ്ങി.
കോര്‍പ്പറേഷനില്‍ ചാലാട് 54-ാം ഡിവിഷനില്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ സി.പി. മനോജ്കുമാറിനെയും പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. പ്രകാശനെയും സസ്പെന്റ് ചെയ്തു. ,
പള്ളിക്കുന്ന് നാലാം ഡിവിഷനില്‍ വിമതനായി മത്സരിക്കുന്ന ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രേം പ്രകാശ്, തായത്തെരു ഡിവിഷന്‍ വിമതസ്ഥാനാര്‍ഥി എ.പി. നൗഫല്‍ എന്നിവരെയും ഡി സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി സസ്പെന്‍ഡ് ചെയ്തു
അതിനിടെ കെ.പി.സി.സി. നിര്‍ദേശിച്ച മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കാതെ ഡി.സി.സി. നിര്‍ദേശിച്ചവര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കിയത് വിവാദമായിട്ടുണ്ട്. രണ്ട് സ്ഥാനാര്‍ഥികളും മത്സരത്തില്‍ ഉറച്ചുനിന്നതോടെ പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് മറനീക്കി രംഗത്ത് വന്നിട്ടുള്ളത്. ആര്‍ക്കെതിരേയും നടപടി എടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഡി.സി.സി. നേതൃത്വം. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഈ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നും സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റിയെ നിേയാഗിച്ചത് കെ.പി.സി.സി.യാണെന്നും ഡി.സി.സി. പറയുന്നു.
തര്‍ക്കം നിലനില്‍ക്കെ ഏകപക്ഷീയമായി ഡി.സി.സി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എ വിഭാഗം പറയുന്നു. ഇക്കാര്യം കെ.പി.സി.സി.യെ അറിയിക്കുകയും അവര്‍ സ്ഥാനാര്‍ഥികളെ മാറ്റുകയുമായിരുന്നു. കെ.പി.സി.സി. തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് പറഞ്ഞും പരാതി നല്‍കിയിരുന്നതായി ഈ വിഭാഗം പറയുന്നു.
നിലവില്‍ മൂന്നിടത്തും കെ.പി.സി.സി. നിയോഗിച്ചവര്‍ സ്വതന്ത്രചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് ഡിവിഷനില്‍ സുധാകരവിഭാഗത്തിലെ ബേബി തോലാനിയും കെ.പി.സി.സി. നിര്‍ദേശിച്ച ജോജി വട്ടോളിയും മത്സരിക്കുന്നു. പയ്യാവൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് ജോയി പുന്നശ്ശേരി സുധാകര വിഭാഗത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ കെ.പി.സി.സി. നിയോഗിച്ച നിലവിലുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. അഷറഫ് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നു.
തലശ്ശേരി നഗരസഭയിലെ നാല്‍പ്പതാം ഡിവിഷനില്‍ വി.വി. ഷുഹൈബിനെയാണ് കെ.പി.സി.സി. നിയോഗിച്ചത്. അതേസമയം ഡി.സി.സിയുടെ സ്ഥാനാര്‍ഥി കെ. ജിതേഷ് ആണ്. എല്ലാവരും കൃത്യമായി പ്രാചരണത്തിലുമാണ്. തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. വിഷയം കെ.പി.സി.സി.യുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
ജില്ലാതല സമവായക്കമ്മിറ്റിയില്‍ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ എ ഗ്രൂപ്പ് നേതാക്കളായ അഡ്വ. സോണി സെബാസ്റ്റ്യന്‍,ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവര്‍ കെ.പി.സി.സി. അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കി. ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, കെ.പി. അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി ഗ്രൂപ്പിന്റെ പരാതിയില്‍ അവരുടെ സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിട്ടും ഡി.സി.സി. അനുവദിച്ചില്ലെന്നാണ് ആക്ഷേപം. ജില്ലയില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമ്പോള്‍ ചിലര്‍ വ്യക്തിതാത്പര്യത്തോടെ ചിലര്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെടുകയും കെ.പി.സി.സി.യുമായി ബന്ധപ്പെട്ട് വ്യാജപ്രസ്താവന നടത്തുകയാണെന്നും കഴിഞ്ഞ ദിവസം കെ. സുധാകരന്‍ എം.പി. പറഞ്ഞിരുന്നു.