കണ്ണൂര്‍: പാര്‍ട്ടിയുടെ സ്വാധീനത്തിനനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം ലഭിക്കാത്ത പ്രശ്നം ഇത്തവണ പരിഹരിക്കാനാവുമെന്ന വിശ്വാസത്തില്‍ ബി.ജെ.പി. കണ്ണൂര്‍ ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആകെയുള്ള 1718 സീറ്റില്‍ 31 എണ്ണത്തില്‍ മാത്രമാണ് കഴിഞ്ഞതവണ ബി.ജെ.പി. വിജയിച്ചത്.

പാര്‍ലമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയ വോട്ടിന്റെ പകുതി പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിയാത്ത കഴിഞ്ഞകാല ദൗര്‍ബല്യം പരിഹരിക്കാന്‍ മൂന്നുമാസം മുമ്പേതന്നെ ആസൂത്രിതമായ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നു. ഇത്തവണ വെറും പ്രാതിനിധ്യമല്ല, ചിലേടത്ത് ഭരണവും കുറെയധികം പഞ്ചായത്തുകളില്‍ മുഖ്യപ്രതിപക്ഷസ്ഥാനവും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനമെന്നാണ് നേതാക്കള്‍ പറയുന്നു. ബി.ജെ.പി.യുടെ മുഴുന്‍ വോട്ടും സമാഹരിക്കുന്നതിന് പുറമെ ഇരുമുന്നണിയുടെയും ഭാഗമായിരുന്ന വലിയ വിഭാഗം ഇത്തവണ ബി.ജെ.പി.ക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പാണെന്ന് ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പറഞ്ഞു.

ബി.ഡി.ജെ.എസിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് സീറ്റ് നല്‍കും. ഇതിനുള്ള ചര്‍ച്ച തീര്‍ന്നിട്ടില്ല. മൂന്നുദിവസത്തിനകം സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കാനാണ് പരിപാടി. തുടര്‍ന്ന് സ്ഥാനാര്‍ഥികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം തുടങ്ങും. പ്രാദേശികതലത്തില്‍ നടത്തിയ ശില്പശാലയില്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനെതിരേ കുറ്റപത്രം തയ്യാറാക്കുകയുണ്ടായി. അതോടപ്പം ഓരോ വാര്‍ഡിലും ബി.ജെ.പി.യും സഖ്യശക്തികളും ജയിക്കുകയാണെങ്കില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വികസനരേഖയും ശില്പശാലയില്‍ തയ്യാറാക്കി. ഇത് രണ്ടുമായാണ് ഭവനസന്ദര്‍ശനം നടത്തുക.

പഞ്ചായത്തുതലത്തിലും നഗരസഭകളില്‍ ഏതാനും ഡിവിഷനുകള്‍ ചേര്‍ന്ന ഏരിയാ തലത്തിലുമാണ് ശില്പശാല നടത്തിയത്.

വാര്‍ഡുതലത്തില്‍ മൂന്നുമാസം മുമ്പേതന്നെ രൂപവത്കരിച്ച മാനേജ്മെന്റ് കമ്മിറ്റിയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുക. ഇതില്‍ 17 പേരാണ് അംഗങ്ങള്‍. ജില്ലാതലത്തില്‍ 21 വകുപ്പ് കമ്മിറ്റികളും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി രൂപവത്കരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക, വനിതാവിഭാഗം, ഓരോ വാര്‍ഡിലും കൂടുതല്‍ വോട്ടറെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതുന്ന വ്യക്തി (കീ വോട്ടര്‍) കളുമായി നിരന്തരം ബന്ധപ്പെടല്‍, സമൂഹമാധ്യമവിഭാഗം എന്നിങ്ങനെയാണ് വകുപ്പ് ചുമതലക്കാര്‍.

ഓരോ തദ്ദേശ സ്ഥാപനത്തിനും സംസ്ഥാന-ജില്ലാതലത്തിലുള്ള നേതാക്കള്‍ക്ക് മേല്‍നോട്ട ചുമതലയുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കാണ് മുഖ്യചുമതല. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ഥിപട്ടികയ്ക്ക് അന്തിമാംഗീകാരം നല്‍കേണ്ടത്.