കണ്ണൂര്‍: ആന്തൂരിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഏകപക്ഷീയമായ വിജയം കൈക്കലാക്കാന്‍ സി.പി.എം. ഏറ്റവും വലിയ പൗരാവകാശധ്വംസനമാണ് നടത്തുന്നതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. കുറ്റപ്പെടുത്തി. നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാന തീയതിയായ നവംബര്‍ 23-ന് നഗരസഭയിലെ മൂന്ന് സ്ഥാനാര്‍ഥികളോടൊപ്പം എടുത്ത വീഡിയോ സന്ദേശത്തിലാണ് ബല്‍റാം സി.പി.എമ്മിനെതിരേ ആരോപണം ഉന്നയിച്ചത്. നോമിനേഷന്‍ നല്‍കിയത് മുതല്‍ നിരന്തരം ഭീഷണിയാണ്. ഫോണില്‍ നിരന്തരം വിളിയാണ്. ബന്ധുക്കളെ സമ്മര്‍ദത്തിലാക്കി അടുത്ത ആള്‍ക്കാരെ ഉപയോഗിച്ചും പത്രിക പിന്‍വലിക്കാന്‍ വേണ്ടിയുള്ള വിളിയാണ്. ഇതിനെ പ്രതിരോധിക്കാനും ആന്തൂരില്‍ ജനാധിപത്യം പുലരാനുമാണ് സ്ഥാനാര്‍ഥികളെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും എം.എല്‍.എ. പറഞ്ഞു.
സ്ഥാനാര്‍ഥികളോടൊപ്പമുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥികളായ മമ്പാല വാര്‍ഡിലെ കെ. സുമിത്ര, തളിയില്‍ വാര്‍ഡിലെ കെ. രാജശ്രീ, വേണിയില്‍ വാര്‍ഡിലെ പി.കെ. രഘുനാഥന്‍ എന്നിവര്‍ എം.എല്‍.എ.യോടൊപ്പമുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതോടൊപ്പം മുണ്ടപ്രം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ. ഉണ്ണികൃഷ്ണന് നേരേയും ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സാക്ഷ്യപത്രത്തില്‍ രാഷ്ട്രീയ എതിരാളികള്‍ ഒപ്പിട്ട് വാങ്ങിയിരുന്നു. ഇതറിഞ്ഞ യു.ഡി.എഫ്. നേതാക്കള്‍ ഉണ്ണികൃഷ്ണനേയും സ്ഥലത്തുരനിന്ന് മാറ്റിയിരുന്നു. അതിനെ തുടര്‍ന്ന് സാക്ഷ്യപത്രം ഹാജരാക്കിയെങ്കിലും സ്ഥാനാര്‍ഥി നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തോളം വോട്ട് ആന്തൂര്‍ നഗരസഭയില്‍നിന്ന് മാത്രം യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ആകെയുള്ള 28-ല്‍ 14-ലും ഇടതുപക്ഷം എതിരില്ലാ വിജയം നേടിയിരുന്നു. എന്നാല്‍ ഇക്കുറി അത് ആറിലൊതുക്കാന്‍ സാധിച്ചത് തന്നെ പുതിയ മാറ്റത്തിന്റെ സൂചകമാണെന്നതും എം.എല്‍.എ. പറഞ്ഞു.
Content Highlights: Kerala Local Body Election 2020 Kannur Anthoor Municipality VT Balram MLA