ധര്‍മശാല: നഗരസഭ പിറവിയെടുത്ത 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 വാര്‍ഡില്‍ 14-ലും ഇടതുമുന്നണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ കേരളം തരിച്ചുനിന്നിരുന്നു. കേരളത്തില്‍ ഇങ്ങനെയും ഒരു നഗരസഭയുണ്ടോ എന്നാണ് എല്ലാവരും കൗതുകത്തോടെ ചോദിച്ചത്.

ഇക്കുറി അങ്ങനെയുണ്ടാവില്ലെന്നാണ് യു.ഡി.എഫും ബി.ജെ.പി.യും പറയുന്നതെങ്കിലും പത്രികസമര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇരുപര്‍ട്ടികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. അതിനാല്‍, അങ്കത്തട്ടിലിപ്പോള്‍ ഏകപക്ഷീയമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്.

ഇടതുമുന്നണി സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ച് വീട് കയറിയുള്ള വോട്ടുപിടിത്തം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. യു.ഡി.എഫ്. 25 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്തുകയോ പ്രചാരണം തുടങ്ങുകയോ ചെയ്തിട്ടില്ല. അവശേഷിക്കുന്ന മൂന്ന് സീറ്റില്‍ ധാരണയുമായിട്ടില്ല. ബി.ജെ.പി.യാകട്ടെ 20 സീറ്റില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തി യിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്തുകയോ പ്രാചാരണത്തിനിറങ്ങുകയോ ചെയ്തിട്ടില്ല. ബാക്കി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയുമാണ്.

ആകെ വാര്‍ഡുകള്‍: 28എല്‍.ഡി.എഫ്. 28 (സി.പി.എം.-27, സി.പി.ഐ.-1)

ഏകപക്ഷീയ വാര്‍ഡുകള്‍

കഴിഞ്ഞ തിരഞ്ഞടുപ്പില്‍ മൊറാഴ, അഞ്ചാംപീടിക, സി.എച്ച്. നഗര്‍, കാനൂല്‍, കോടല്ലൂര്‍, മുണ്ടപ്രം, മൈലാട്, പാളിയത്തുവളപ്പ്, പറശ്ശിനി, പൊടിക്കുണ്ട്, പുന്നക്കുളങ്ങര, തളിവയല്‍, വെള്ളിക്കീല്‍, വേണിയില്‍ എന്നീ വാര്‍ഡുകളിലാണ് ഇടതുമുന്നണി ഏകപക്ഷീയമായി വിജയിച്ചത്. എന്നാല്‍, ഈ വര്‍ഷം അത്തരം ചരിത്രമുണ്ടാകില്ലെന്ന് യു.ഡി.എഫും ബി.ജെ.പി.യും ഉറപ്പിച്ചുപറയുന്നു.

പ്രതീക്ഷയോടെമുന്നണികള്‍

മുഴുവന്‍ സീറ്റും ഇക്കുറിയും വിജയിക്കുമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. എന്നാല്‍, സി.പി.എമ്മിനുള്ളില്‍തന്നെ കഴിഞ്ഞ നഗരസഭാ ഭരണസമിതിക്കെതിരേ ശക്തമായ പ്രതിഷേധം ഉണ്ടായതിനാല്‍ അടിയൊഴുക്കുകളും പുതിയ രാഷ്ട്രീയ കാലാവസ്ഥയും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എ ഫിനും ബി.ജെ.പി.ക്കുമുള്ളത്. ഇടതുമുന്നണി നവംബര്‍ 16-ന് തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബി.ജെ.പി.യും യു.ഡി.എഫും തൊട്ടടുത്തദിവസങ്ങളിലും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.