കണ്ണൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ സംസ്ഥാനത്ത് പ്രായംകൊണ്ട് മൂപ്പ് കണ്ണൂരിന്. ജില്ലയിലെ മുന്നണി സ്ഥാനാര്‍ഥികളില്‍ 61-ന് മുകളില്‍ പ്രായമുള്ളവര്‍ 7.25 ശതമാനത്തിന് മുകളിലാണെന്നാണ് മാതൃഭൂമി നാട്ടങ്കം സര്‍വേ.

ഇടതുമുന്നണിയാണ് തലമുതിര്‍ന്നവരെ കൂടുതല്‍ കളത്തിലിറക്കിയിരിക്കുന്നത്. അവരുടെ സ്ഥാനാര്‍ഥികളില്‍ 9.47 ശതമാനവും മുതിര്‍ന്ന പൗരന്മാരാണ്. യു.ഡി.എഫില്‍ 7.92 ശതമാവും ജനവിധി തേടുന്നു. മുതിര്‍ന്ന പൗരന്മാരോട് അത്ര മമത കാണിക്കാത്തത് എന്‍.ഡി.എ. ആണ്. അവരുടെ സ്ഥാനാര്‍ഥികളില്‍ 3.37 ശതമാനംമാത്രമാണ് 61-ന് മുകളിലുള്ളവര്‍.

മുന്നില്‍ കരിവെള്ളൂര്‍-പെരളം

കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലാണ് മുതിര്‍ന്നവര്‍ക്ക് മുന്തിയ പരിഗണന. ഇവിടെ മുന്നണി സ്ഥാനാര്‍ഥികളില്‍ 30.95 ശതമാനവും അറുപതിന് മുകളിലുള്ളവരാണ്. നഗരസഭകളില്‍ ആന്തൂരിലെ സ്ഥാനാര്‍ഥികളാണ് കാരണവന്മാര്‍. മുന്നണി സ്ഥാനാര്‍ഥികളില്‍ 20.33 ശതമാനം. പയ്യന്നൂരാണ് തൊട്ടുപിന്നില്‍. 12.87 ശതമാനംപേര്‍.

രണ്ട് തലമുറകള്‍ക്കും ഒരുപോലെ പരിഗണന നല്‍കുന്നതാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. മുന്നണി സ്ഥാനാര്‍ഥികളില്‍ 12.12 ശതമാനവും അറുപതിനുമുകളില്‍ പ്രായമുള്ളവരാണ്. അതേസമയം, േകാര്‍പ്പറേഷനുകളില്‍ കണ്ണൂര്‍ യൗവനയുക്തമാണ്.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ മുപ്പതില്‍താഴെയുള്ളവര്‍ കൂടുതല്‍ മത്സരിക്കുന്നത് കണ്ണൂരാണ്. 12.19 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും മുപ്പതില്‍താഴെയാണ് പ്രായം.

തൊഴിലില്ലാ സ്ഥാനാര്‍ഥികളില്‍ എന്‍.ഡി.എ.

ജില്ലയില്‍ ദിവസക്കൂലിക്കാരായ സ്ഥാനാര്‍ഥികള്‍ എന്‍.ഡി.എ.യിലാണ് കൂടുതല്‍. 31.15 ശതമാനം. ഇക്കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പമാണ്. യു.ഡി.എഫില്‍ 21.37 ശതമാനവും എല്‍.ഡി.എഫില്‍ 21.14 ശതമാനവുംപേര്‍ ഈ വിഭാഗത്തില്‍പ്പെടും.

തൊഴിലില്ലാ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും മുന്നില്‍ എന്‍.ഡി.എയാണ്. സ്ഥാനാര്‍ഥികളില്‍ 24.95 ശതമാനം. യു.ഡി.എഫില്‍ 22.6 ശതമാനത്തിനും എല്‍.ഡി.എഫില്‍ 20.33 ശതമാനത്തിനും എടുത്തുപറയാവുന്ന തൊഴിലില്ല.

  • കണ്ണൂര്‍ കോര്‍പ്പറേഷന്‍ [55]
  • നഗരസഭ 8 [289]
  • ജില്ലാ പഞ്ചായത്ത് [24]
  • ഗ്രാമപ്പഞ്ചായത്ത് 71 [1166]