കണ്ണൂര്‍:'അടുത്ത ബന്ധുവിന്റെ ഓപ്പറേഷന്‍ സമയത്തും മറ്റും ഓടിനടന്ന ചെറുപ്പക്കാരനാണ്. ചികിത്സാ കമ്മിറ്റിയുണ്ടാക്കുന്നതിലും പണം സ്വരൂപിക്കുന്നതിലും രക്തം സംഘടിപ്പിക്കുന്നതിലും എല്ലാറ്റിലും മുന്നിലുണ്ടായിരുന്നു. മൂപ്പര് വന്ന് വോട്ട് ചോദിച്ചാ കൊടുക്കാതിരിക്കാന്‍ പറ്റ്വോ...' ന്യായമായ ആശങ്ക ഉന്നയിക്കുന്നത് പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം. ഇദ്ദേഹം പരാമര്‍ശിച്ച സ്ഥാനാര്‍ഥിയാകട്ടെ ചുവപ്പ് കോട്ടയിലെ ഇളമുറക്കാരനും. ജില്ലയിലെ ഒരു നഗരസഭയില്‍, നഗരത്തിന് തൊട്ടുള്ള വാര്‍ഡിലെ വോട്ടറും സ്ഥാനാര്‍ഥിയുമാണ് ഇരുവരും.

ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടറും സ്ഥാനാര്‍ഥിയുമായുള്ള അകലം തീരെ ചെറുതാണ്. കോര്‍പ്പറേഷനേയും നഗരസഭയേയും ജില്ലാ പഞ്ചായത്തിനേയും അപേക്ഷിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാകട്ടെ ഈ അകലം പിന്നെയുംകുറയും. വോട്ട് ചോദിക്കുന്നയാളും ചെയ്യുന്നയാളും നിത്യവും കാണുന്നവര്‍. ചിലപ്പോള്‍ സഹപാഠി..അല്ലെങ്കില്‍ അടുത്ത ബന്ധു. അതുമല്ലെങ്കില്‍ തൊട്ട അയല്‍ക്കാരന്‍...പലപ്പോഴും പറയാനുണ്ടാവുക ആത്മബന്ധത്തിന്റെ കഥകള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ 'പേടിസ്വപ്ന'വും ഇത്തരം ആത്മബന്ധങ്ങള്‍ തന്നെ.

നിര്‍ണായകം ബന്ധുത്വവും സൗഹൃദവും

തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം പ്രധാന വിഷയമാണെങ്കിലും വാര്‍ഡ് തല തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം ചിലരെങ്കിലും മാറ്റിവെക്കാറുണ്ട്. ഇത്തവണയും വോട്ടര്‍മാര്‍ക്ക് ചിരപരിചിതര്‍ തന്നെയാണ് മത്സരിക്കുന്നത്. നിയമസഭാതിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ വോട്ടാണ് നല്‍കാറുള്ളതെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡ് സ്ഥാനാര്‍ഥികളായി നില്‍ക്കുന്നത് വോട്ടര്‍മാരുടെ ബന്ധുക്കളും സഹപ്രവര്‍ത്തകരും അയല്‍വാസികളും അടുത്ത ചങ്ങാതിമാരുമൊക്കെയാണ്.

അതുകൊണ്ടുതന്നെ ആരേയും പിണക്കാന്‍ പറ്റില്ല. കടപ്പാടിന്റേയും കൊടുക്കല്‍ വാങ്ങലുകളുടേയും കഥകള്‍ യഥേഷ്ടം. വാര്‍ഡുതലത്തില്‍ ഓരോ വോട്ടും നിര്‍ണായകമായിരിക്കെ ഏത് വിധേയനയും വിജയമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും.

ചങ്ങാതിയായിപ്പോയില്ലേ...

ജില്ലയില്‍ നെല്ലുത്പാദനത്തില്‍ മുന്നാക്കം നില്‍ക്കുന്ന പഞ്ചായത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആള്‍ പൊതുകാര്യപ്രസക്തനും നാട്ടുമുഖ്യസ്ഥരിലൊരാളുമാണ്. യു.ഡി.എഫ്. സ്വതന്ത്രനായാണ് മത്സരം. വലിയ ബന്ധുബലമുള്ളയാള്‍. ബന്ധുക്കളെല്ലാം എതിര്‍ മുന്നണിയുടെ പ്രവര്‍ത്തകരും അനുഭാവികളുമാണെങ്കിലും ഇദ്ദേഹം വലിയ വോട്ട് അടിച്ചെടുക്കുമെന്നാണ് അടക്കംപറച്ചില്‍.

പയ്യന്നൂര്‍ നഗരസഭക്ക് തൊട്ടുള്ള പഞ്ചായത്തില്‍ മകന്‍ മത്സരിക്കുന്നത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി. സ്ഥാനാര്‍ഥിയുടെ അച്ഛനാകട്ടെ പരമ്പരാഗത കോണ്‍ഗ്രസ് തറവാട്ടിലെ തലമുതിര്‍ന്ന അംഗവും പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനും. വീട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചപ്പോള്‍ മകന് വോട്ടുചെയ്യാമെന്ന് അച്ഛന്‍ സമ്മതം മൂളിയതായാണ് വിവരം. പോളിങ് ബൂത്തില്‍ അച്ഛന്റെ മനസ്സ് മാറുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യം.

സ്ഥാനാര്‍ഥികളില്‍ പലരുമുണ്ട് കലാകാരന്‍മാരായി. ചിത്രകാരന്‍മാരും ഗായകരും നടീനടന്മാരും ഒക്കെയായി. കലാവഴിയില്‍ ലഭിച്ച സൗഹൃദങ്ങള്‍ രാഷ്ട്രീയം ഭേദിച്ച് വോട്ടായി മാറാനുള്ള സാധ്യതയേറെ.

മുഴക്കുന്ന് പഞ്ചായത്തിലെ ഗ്രാമം വാര്‍ഡിലായിരിക്കും ഇത്തവണ രസകരവും കൗതുകകരവുമായ കാഴ്ച. ഏട്ടനും അനിയനും ഏറ്റമുട്ടുന്നത് ഒരേ വാര്‍ഡില്‍. ഏട്ടന്‍ എല്‍.ഡി.എഫിന്റേയും അനിയന്‍ യു.ഡി.എഫിന്റേയും സ്ഥാനാര്‍ഥി. ഇതേ വാര്‍ഡില്‍ വോട്ടുള്ള ഇവരുടെ കുടുംബാംഗങ്ങള്‍ ആര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കുപോലുമില്ല എത്തും പിടിയും.