ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ നാലാം വാര്‍ഡ് ചാലില്‍ വയലില്‍ സ്ഥാനാര്‍ഥിയുടെ പേര് നോക്കി വോട്ട് ചെയ്താല്‍ ചിലപ്പോള്‍ പണി കിട്ടും. ഇവിടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും വേണ്ടി മത്സരിക്കുന്നത് കെ.പി. അബൂബക്കര്‍മാരാണ്.

ഒരേ പേരും ഒരേ ഇനീഷ്യലുമുള്ള സ്ഥാനാര്‍ഥികളായതിനാല്‍ ചിഹ്നം നോക്കി തന്നെ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുമായാണ് ഇരു മുന്നണികളും പ്രചാരണം നടത്തുന്നത്.

യു.ഡി.എഫിനുവേണ്ടി മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് കെ.പി. അബൂബക്കറാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് ചെങ്ങളായി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ചുഴലി ബൈത്തുറഹ്മ പദ്ധതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുഴലി യൂത്ത് ലീഗ് ശാഖ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്നു. 50 വര്‍ഷമായുള്ള പൊതുപ്രവര്‍ത്തന പാരമ്പര്യമാണ് തന്റെ കൈമുതലെന്ന് അബൂബക്കര്‍ പറയുന്നു. പതിവായി മുസ്ലിം ലീഗ് ജയിക്കുന്ന വാാര്‍ഡാണിത്. അതുകൊണ്ട് ഇവിടെത്തെ ജനങ്ങള്‍ക്ക് പേര് മാറിയാലും ഏണി ചിഹ്നം മാറില്ലെന്ന ഉറച്ചവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന കെ.പി. അബൂബക്കറും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.

അഭിഭാഷകനായ ഇദ്ദേഹം ടേബിള്‍ഫാന്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് ചുഴലി മണ്ഡലം ജന. സെക്രട്ടറിയായിരുന്നു.

തുര്‍ടന്ന് കുറച്ച് വര്‍ഷം വിദേശത്തായിരുന്ന അബൂബക്കര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും സജീവമായി പൊതുപ്രവര്‍ത്തനം നടത്തുകയാണ്. ഒരേ പേരായതുകൊണ്ട് തനിക്ക് കിട്ടേണ്ട വോട്ടുകള്‍ എതിര്‍സ്ഥാനാര്‍ഥിക്ക് കിട്ടുമോ എന്ന പേടി മാത്രമേയുള്ളുവെന്നാണ് അബൂബക്കര്‍ പറയുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് താന്‍ സ്വതന്ത്രനായി മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടത് സ്വതന്ത്രനായി മത്സരിക്കുന്നതുകൊണ്ട് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയായി എ. ഗോവിന്ദനും സ്വതന്ത്രസ്ഥാനാര്‍ഥിയായി പി.എം. ഷാഹുല്‍ ഹമീദും ഈ വാര്‍ഡില്‍നിന്ന് ജനവിധി തേടുന്നുണ്ട്.