കേളകം: ലൂസിഫറിലെ സ്റ്റീഫന്‍ സ്‌റ്റൈലില്‍ വില്ലീസ് ജീപ്പില്‍നിന്ന് പുറത്തേക്കിങ്ങുന്ന രാഹുല്‍ ഗാന്ധി... ലൂസിഫര്‍ എന്ന പേരിനു പകരം അതേ ഫോണ്ടില്‍ രാഹുല്‍ ഗാന്ധി. ജീപ്പിനു മുമ്പിലെ നെടുമ്പള്ളിക്കുപകരം കോണ്‍ഗ്രസ്. എം.ബി. രാജേഷും എം.എ. ആരിഫുമെല്ലാം പരീഷിച്ച് ഹിറ്റാക്കിയ സിനിമ പോസ്റ്റര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ യൂത്ത് ഐക്കണായി.

പക്ഷേ, കാലംമാറി... കഥമാറി. സിനിമകള്‍ക്കപ്പാടെ കോവിഡ് കട്ട് പറഞ്ഞു. അതോടെ തല വെട്ടിയൊട്ടിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഹിറ്റ് സിനിമാ പോസ്റ്ററുകളും ഇല്ലാതായി.

poster
സിനിമാ പോസ്റ്ററുകളെവെല്ലുന്ന സ്ഥാനാര്‍ഥികളുടെ വ്യത്യസ്തതയാര്‍ന്ന പോസ്റ്ററുകള്‍

പക്ഷേ, പോസ്റ്റര്‍ ഡിസൈനേഴ്‌സിനെ തോല്‍പ്പിക്കാനാവില്ല മക്കളെ... ന്യൂജെന്‍ കല്യാണങ്ങളുടെ ട്രേഡ് മാര്‍ക്കായി മാറിയ സേവ് ദ ഡേറ്റ് സ്‌റ്റൈലില്‍ സ്ഥാനാര്‍ഥി പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയകള്‍ കീഴടക്കിക്കഴിഞ്ഞു. ജനങ്ങളെ കണ്ട് സംസാരിക്കുന്ന സ്ഥാനാര്‍ഥി, അമ്മൂമ്മയോട് വിശേഷം ചോദിക്കുന്ന സ്ഥാനാര്‍ഥി, കുഞ്ഞിന് റ്റാറ്റ കൊടുക്കുന്ന സ്ഥാനാര്‍ഥി... വ്യത്യസ്ത ഭാവങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയകളില്‍ തകര്‍ക്കുകയാണ്. ക്ലീഷെ കൈ ഉയര്‍ത്തലിനും മുഷ്ടി ചുരുട്ടലിനും പകരം പുതിയവ എത്തുന്നതോടെ അണികള്‍ക്കും ആവേശം. സേവ് ദി ഡേറ്റ് മാത്രമല്ല വെറൈറ്റികള്‍ പലതുണ്ട് ഇത്തവണ. റോഡിനു മുകളിലെ ബോര്‍ഡില്‍, ചായക്കടയ്ക്കുള്ളിലെ ഭിത്തിയില്‍, നാല്‍ക്കവലയിലെ ആല്‍മരത്തിലും കെ.എസ്.ആര്‍.ടി.സി. ബസിലും വരെ സ്ഥാനാര്‍ഥി പോസ്റ്ററുകള്‍. ഇത് പണ്ടത്തെ ടെക്‌നിക്കല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ... ചായക്കടയും റോഡും നാല്‍ക്കവലയുമെല്ലാം വെര്‍ച്വലാണ് ബ്രോ. പഴമയുടെ നൊസ്റ്റാള്‍ജിയ തുളുമ്പുന്ന പുത്തന്‍ വിദ്യകള്‍.

poster

ഇവയ്‌ക്കെല്ലാം ഷെയറുകളും ചൂടപ്പം പോലെ. ഓഫ്ലൈന്‍ പ്രചരണത്തെക്കാള്‍ ഓണ്‍ലൈന്‍ അങ്കം മുറുകുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരിലേക്കെത്താന്‍ വെറൈറ്റികള്‍ കൂടിയേ തീരുവെന്ന് പാര്‍ട്ടി മീഡിയ സെല്ലുകള്‍ക്കും ഇവന്റ് ഗ്രൂപ്പുകള്‍ക്കും നിര്‍ബന്ധമാണ്.