കാടാച്ചിറ:കടമ്പൂരില്‍ അമ്മാവനും അനന്തരവനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം. ഏഴാം വാര്‍ഡിലാണ് അമ്മാവനായ യു.ഡി.എഫിലെ കെ.സി. പ്രസാദും അനന്തരവന്‍ എല്‍.ഡി.എഫിലെ മിഥുന്‍ ബാബുവും ഏറ്റുമുട്ടുന്നത്.

പ്രസാദ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മുന്‍പ് ആറാം വാര്‍ഡില്‍നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്. 2010-ലായിരുന്നു 300-ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. 20 വര്‍ഷത്തിലധികമായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിട്ട്. കടമ്പൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യു.വില്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ അനന്തരവനായ മിഥുന്‍ ബാബു തുടക്കക്കാരനാണ്. രാഷ്ട്രീയത്തില്‍ പരിചയം കുറവാണ്. നിര്‍മാണത്തൊഴിലാളിയാണ്. പ്രദേശത്തെ റെയിന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ എതിരാളി ആരെന്ന് നോക്കിയില്ല. ജയവും തോല്‍വിയും സമചിത്തതയോടെ നേരിടും - മിഥുന്‍ ബാബു പറഞ്ഞു.

വിരുദ്ധചേരിയിലാണെങ്കിലും കുടുംബത്തില്‍ ഇവര്‍ തമ്മില്‍ നല്ല സ്‌നേഹത്തിലാണ്. പ്രസാദിന് അനന്തരവനോട് എപ്പോഴും ഒരു കരുതലുണ്ട്. അനന്തരവന് തിരിച്ചങ്ങോട്ട് ബഹുമാനവുമുണ്ട്.

അഞ്ചരക്കണ്ടി പഞ്ചായത്തില്‍ എല്‍.ഡി.എഫിനുവേണ്ടി കളത്തിലറങ്ങുന്ന ഏഴാം വാര്‍ഡിലെ ടി.വി. പ്രജീഷ് ബാബു പ്രസാദിന്റെ മറ്റൊരു അനന്തരവനാണ്.