george mukkadanകേളകം: 1964 മുതല്‍ 1978 വരെ 14 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റ്. അതും രണ്ട് പഞ്ചായത്തുകളില്‍. മാത്രമല്ല ഈ രണ്ട് പഞ്ചായത്തുകളുടെയും ആദ്യ പ്രസിഡന്റ്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേളകത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ജോര്‍ജുകുട്ടി മുക്കാടന്റെ മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റം.

ഇപ്പോള്‍ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകള്‍ കാപ്പാട് എന്ന പേരില്‍ ഒരു പഞ്ചായത്തായിരുന്ന കാലത്താണ് ആദ്യ അങ്കം. 1963 നവംബര്‍ 23-ന് തിരഞ്ഞെടുപ്പ് നടന്നു. 1964 ജനുവരി ഒന്നിന് ഫലപ്രഖ്യാപനം. മലനാട് കര്‍ഷക യൂണിയനുവേണ്ടി കാപ്പാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി. പിന്നീട് കൊട്ടിയൂര്‍ പഞ്ചായത്ത് രൂപവത്കരിച്ചു. 1968-ല്‍ അവിടെയും ആദ്യ പ്രസിഡന്റായി. 1979 വരെ തുടര്‍ന്നു ആ ഭരണം. കൊട്ടിയൂര്‍ കുടിയിറക്ക് ഭീഷണിയുടെ കാലത്തായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്.

കര്‍ഷകര്‍ ഒറ്റക്കെട്ടായി അണിനിരന്ന് മലനാട് കര്‍ഷക യൂണിയന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു. അവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ രണ്ടാം വാര്‍ഡില്‍ ജയിച്ച മാത്യു നെടുങ്കല്ലേന്‍, അഞ്ചാം വാര്‍ഡംഗം സക്കറിയാസ് പുതനപ്ര, എട്ടാം വാര്‍ഡിലെ ജോര്‍ജുകുട്ടി മുക്കാടന്‍ എന്നിവര്‍ മാത്രം. അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും ഭരണവുമെല്ലാം 84-ാം വയസ്സില്‍ ഇദ്ദേഹം ഓര്‍ത്തെടുക്കുന്നതിങ്ങനെ.

'50 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള കാപ്പാട് പഞ്ചായത്തില്‍ ആകെ ജനസംഖ്യ എട്ടായിരത്തോളം. വാഹനമില്ലാത്ത കാലം. കുന്നും മലയും കയറിയിറങ്ങി കര്‍ഷകരെ നേരില്‍ കാണും. പ്രതിവര്‍ഷം പഞ്ചായത്തിന് സര്‍ക്കാരില്‍നിന്ന് പദ്ധതിവിഹിതമായി ലഭിച്ചിരുന്നത് 5000 രൂപയില്‍ താഴെ. പ്രസിഡന്റ്, മെമ്പര്‍മാര്‍ക്ക് പ്രതിഫലം മാസത്തില്‍ അഞ്ചുരൂപ വീതം മാത്രം.' കൊട്ടിയൂര്‍ കുടിയിറക്ക് വിരുദ്ധ സമരവും മണത്തണ-അമ്പായത്തോട് റോഡ് ഒറ്റദിവസംകൊണ്ട് ജനങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചതും ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു. കൊട്ടിയൂര്‍ കുടിയിറക്ക് വിരുദ്ധസമരം നയിച്ച ഫാ. വടക്കന്‍, ബി.വെല്ലിങ്ടന്‍ എന്നിവരുടെ സന്തതസഹചാരിയുമായിരുന്നു കേളകത്തിന്റെയും കൊട്ടിയൂരിന്റെയും ആദ്യ പ്രസിഡന്റ്.

Content Highlights: Kerala Local Body Election 2020 Kannur