കണ്ണൂര്‍: അന്തിക്കണ്ണെത്തുന്ന നേരത്ത്... യെങ്കളെന്‍ ന്നമ്മയെ നോക്കിയിരുന്നേ.. എണ്ണക്കറുപ്പുള്ള ന്റമ്മ മുന്നാഴി നെല്ലും പറിച്ചോണ്ട് നിന്നേ... തിരഞ്ഞെടുപ്പിന്റെ പ്രചാരണവാതില്‍ കോവിഡ് അടച്ചപ്പോള്‍ നാടന്‍പാട്ടുകാരന്‍ വാതില്‍ തുറന്നത് കൃഷിപ്പണിയില്‍. സംസ്ഥാനത്തെ നൂറുകണക്കിന് വേദികളില്‍ ആടിപ്പാടി ആളെക്കൂട്ടിയ ഉദയന്‍ കുണ്ടംകുഴിയാണ് കൃഷിപ്പണിയിലിറങ്ങിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൃന്ദാ കാരാട്ടിനെവരെ നാടന്‍പാട്ടു പാടിച്ച സുഭാഷ് അറുകരയ്ക്കും ടീമിനും ഇക്കുറി ഒരു ബുക്കിങ്ങും ലഭിച്ചില്ല.

നേതാക്കളും സ്ഥാനാര്‍ഥിയും എത്തുംവരെ ജനത്തെ പിടിച്ചിരുത്തിയിരുന്നത് നാടന്‍പാട്ടുകാരായിരുന്നു. വാട്ട്സ്ആപ്പിലും മൊബൈലിലും കളിക്കുന്ന പുതുതലമുറയ്ക്കുപോലും ഇഷ്ടമായ നാടന്‍പാട്ടുകളെയാണ് കോവിഡ് പുറത്തിരുത്തിയത്. വേദികള്‍ നഷ്ടമായ രാഷ്ട്രീയ പൂരക്കളിക്കും കോല്‍ക്കളിക്കും സംഗീതശില്പത്തിനും പിന്നാലെയാണ് നാടന്‍പാട്ടും പ്രചാരണത്തില്‍നിന്ന് പുറത്തായത്.

മണ്ണിന്റെ മണവും ചൂരുമുള്ള നാടന്‍പാട്ടുകള്‍ തിരഞ്ഞെടുപ്പില്‍ എന്നും ഹരമായിരുന്നുവെന്ന് ഉദയന്‍ കുണ്ടംകുഴി പറഞ്ഞു. കോവിഡ് കാരണം പ്രചാരണത്തിനിടം കിട്ടാതെ നാടന്‍പാട്ട് സംഘാംഗങ്ങള്‍ വാര്‍പ്പുപണിയിലിലും മീന്‍വളര്‍ത്തലിലേക്കും പോയി. താന്‍ അച്ഛനൊപ്പം കൃഷിപ്പണിയിലേക്കും.... പ്രചാരണത്തിന്റെ അവസാന നിമിഷമെങ്കിലും തകിലും തുടിയും ചെണ്ടയും ഇലത്താളവും ഉണരുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായതായി സുഭാഷ് അറുകര പറഞ്ഞു. പോരാട്ടപ്പാട്ടുകള്‍, പ്രതിഷേധപ്പാട്ടുകള്‍, നോരമ്പോക്ക് പാട്ടുകള്‍, ആചാരപ്പാട്ടുകള്‍, കളിപ്പാട്ടുകള്‍ എന്നിവ ഇക്കുറി വേദികളിലെത്തിയില്ല. കഴിഞ്ഞ പ്രചാരണ കണക്കെടുപ്പില്‍ മലബാറില്‍ തെരുവുനാടകങ്ങള്‍ അടക്കം പിന്നിലായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ നാടന്‍പാട്ടുകാരായ റംഷി പട്ടുവം, അനില്‍ പെരളം, സനേഷ് വെരീക്കര, നാടന്‍പാട്ടിന് തകില്‍ വായിക്കുന്ന പ്രസൂണ്‍ മയ്യില്‍ അടക്കം പാട്ടില്ലാത്തതിന്റെ വിഷമത്തിലാണ്.