കണ്ണൂര്‍: തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ അനുഭവമുണ്ട്. പോളിങ് നടക്കുന്ന സ്‌കൂളിന്റെ മുറ്റത്തിനരികിലായി താമരക്കുളവും വിരിഞ്ഞുനില്‍ക്കുന്ന താമരപ്പൂക്കളും. കണ്ണിനിമ്പമേകുന്ന താമരപ്പൂക്കള്‍ തലവേദനയായത് വളരെപ്പെട്ടന്ന്. ബൂത്തിലെ താമരയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എന്നതായിരുന്നു കാരണം. പരിഹാരമായി ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ താമരക്കുളം പ്ലാസ്റ്റിക് ഷീറ്റിട്ട് മറയ്‌ക്കേണ്ടിവന്നു. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ചിഹ്നം താമരയാണ് എന്നതാണ് ചട്ടലംഘനത്തിലേക്കും തുടര്‍നടപടികളിലേക്കും വഴിവെച്ചത്.

തിരഞ്ഞെടുപ്പുദിവസം പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള പ്രചാരണസംവിധാനങ്ങളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എങ്കിലും ചില ചിഹ്നങ്ങള്‍ ബൂത്തിനകത്തേക്കും കടന്നുവന്നിരിക്കും; ആര്‍ക്കും തടയാനാവാത്ത വിധത്തില്‍. നിത്യജീവിതത്തിന്റെ ഭാഗമാണ് ഇവയെല്ലാം എന്നതാണ് കാരണം. സ്വതന്ത്ര ചിഹ്നങ്ങളാണ് വോട്ടര്‍മാരിലൂടെ കൂടുതലായും ബൂത്തിനകത്തേക്ക് 'നുഴഞ്ഞുകയറുക'. മോതിരം, കുട, കണ്ണട, വാച്ച് തുടങ്ങിയ ചിഹ്നങ്ങള്‍ വോട്ടര്‍മാരുടെ 'ശരീരത്തില്‍കയറി' ബൂത്തിനകത്ത് എത്തുന്‌പോള്‍ കൈപ്പത്തി വോട്ടറുടെ ശരീരത്തിന്റെ ഭാഗമായിത്തന്നെ ബൂത്തില്‍ വിലസും. ചില ചിഹ്നങ്ങളാകട്ടെ ബൂത്തിനകത്തെ അവശ്യവസ്തുക്കളാണ്. മേശ, സീലിങ്ങ് ഫാന്‍, ഇലക്ട്രിക് സ്വിച്ച്, ഘടികാരം ഇത്യാദികള്‍.

തെങ്ങും മരവും ഇലയും

വയോധികരെയും രോഗികളെയും വോട്ടുചെയ്യാനായി ബൂത്തിലെത്തിക്കാന്‍ ജനകീയവാഹനമായ ഓട്ടോറിക്ഷയും ജീപ്പും തന്നെയാണ് ശരണം; പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍. ബൂത്തിന്റെ മുറ്റംവരെയെത്തുന്ന ഈ ശകടങ്ങള്‍ പല സ്ഥാനാര്‍ഥികളുടെയും ചിഹ്നമാണ്. വൃക്ഷം, തെങ്ങ്, രണ്ടില എന്നീ ചിഹ്നങ്ങളെ ബൂത്തിന്റെ പരിസരത്തുനിന്നും എങ്ങനെ മാറ്റിനിര്‍ത്തും? ബൂത്തിന്റെ നിശ്ചിത ദൂരപരിധിക്കുള്ളിലെ പാര്‍ട്ടി സ്തൂപങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസം പരിശോധിച്ച് കാഴ്ചയില്‍നിന്ന് മറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം ബൂത്തിന്റെ പരിസരത്തുമുള്ള ചിഹ്നങ്ങളെല്ലാം മറയ്ക്കുകയോ മാറ്റുകയോ വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ മരങ്ങളും ചെടികളും ഉള്‍പ്പെടെയുള്ളവ എന്തിട്ട് മൂടും എന്ന ചോദ്യം പ്രസക്തം.

സ്ഥാനാര്‍ഥി ഫോട്ടോഗ്രാഫര്‍, ചിഹ്നം ക്യാമറ

ഓട്ടോത്തൊഴിലാളിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ കിട്ടിയതുപോലുള്ള കൗതുകങ്ങള്‍ വേറെയുമുണ്ട്. 13 വര്‍ഷമായി പത്ര-ദൃശ്യമാധ്യമരംഗത്ത് ഫോട്ടോഗ്രാഫറായും വീഡിയോഗ്രാഫറായും പ്രവര്‍ത്തിക്കുന്ന ടി.പി.വിപിന്‍ദാസിനാണ് 'പണിയായുധ'മായ ക്യാമറ തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് (പത്രഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയ്ക്കുമില്ല, ബൂത്തില്‍ വിലക്ക്). കോര്‍പ്പറേഷന്‍ 32-ാം ഡിവിഷന്‍ ചാലയിലാണ് മത്സരം. ഇക്കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ പൊതുമാരാമത്ത് സ്ഥിരംസമിതി അധ്യക്ഷനായ അഡ്വ. ടി.ഒ.മോഹനന്‍, രാഗേഷ് മന്ദമ്പേത്ത് (എല്‍.ഡി.എഫ്.), കെ.എന്‍.മഹേഷ് (എന്‍.ഡി.എ.) എന്നിവരാണ് എതിരാളികള്‍. നേരത്തെ യൂത്ത് കോണ്‍ഗ്രസ് എസ്. ജില്ലാ സെക്രട്ടറിയായിരുന്ന വിപിന്‍ദാസ് നിലവില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

Content Highlights: Kerala Local Body Election 2020 election symbols for Independent candidates