കണ്ണൂര്‍: ഇടിച്ചുകയറി വോട്ട് അഭ്യര്‍ഥിക്കുന്നത് തിരിഞ്ഞുകുത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ മുന്നണിസ്ഥാനാര്‍ഥികള്‍. മുന്‍ തിരഞ്ഞെടുപ്പ് പോലെ പരിവാരസമേതം വോട്ട് ചോദിക്കാന്‍ വീട്ടിലെത്തിയവര്‍ക്ക് ചിലര്‍ വാക്കാല്‍ മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. നിങ്ങളെന്താണ് ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കാത്തത് എന്ന്. വോട്ട് പിടിക്കുന്നതിനേക്കാള്‍ വോട്ട് പോകാതിരിക്കാനാണ് രണ്ടാംഘട്ട പര്യടനത്തില്‍ സ്ഥാനാര്‍ഥികളും അണികളും പ്രത്യേകം ശ്രദ്ധിക്കുന്നത്.

പ്രചാരണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം അഞ്ചുപേര്‍ മാത്രമേ പാടുള്ളുവെന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോവിഡ് കാലത്ത് നല്‍കിയ പ്രധാന നിര്‍ദേശമാണ്. പക്ഷേ, ഭൂരിഭാഗം സ്ഥാനാര്‍ഥികളും ഇത് തെറ്റിക്കുന്നതാണ് തിരിച്ചടിയായത്.

മെമ്പര്‍ ആവുന്നതിന് മുമ്പ് തന്നെ ആരോഗ്യ പ്രോട്ടോകോള്‍ തെറ്റിച്ച് പ്രചാരണം നടത്തുന്നവരെ സോഷ്യല്‍മീഡിയ വെറുതെ വിടുന്നില്ല. പ്രചാരണത്തിന്റെ രണ്ടാം ഘട്ട വീടുകയറലില്‍ പ്രായമായവരെ കാണാന്‍ ആവേശം മൂത്ത് വീട്ടിനുള്ളില്‍ കയറുന്നവരെ കോവിഡ് കാലം പഠിപ്പിക്കുമെന്ന് ട്രോളുകള്‍ ഇറങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥിയും കൂടെയുള്ളവരും ആരോഗ്യ പ്രോട്ടോകോള്‍ മറന്നാല്‍ വോട്ടുതേടിയ വീട്ടില്‍ പിന്നീട് നടക്കുന്നത് ഇവയാണ്. കോളിങ് ബെല്‍ സാനിറ്റൈസര്‍ പുരട്ടുന്നു. നല്‍കിയ നോട്ടീസ് സാനിറ്റൈസര്‍ പുരട്ടുന്നു. മാസ്‌ക് ധരിക്കാത്തവര്‍ എത്രയെന്ന് ചര്‍ച്ച ചെയ്യുന്നു. അവരിലൊരാള്‍ മാസ്‌ക് താഴ്ത്തിവെച്ചാണ് സംസാരിച്ചത്. ഇവയൊക്കെ വോട്ട് നഷ്ടപ്പെടാനുള്ള കാരണങ്ങളാണെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞടുപ്പ് കമ്മിഷന്റെ നിരീക്ഷണംപോലെ കോവിഡിന്റെ ആരോഗ്യകാര്യത്തില്‍ ജനവും ഈ വോട്ടുകാലം ശ്രദ്ധിക്കുന്നു.

മാസ്‌കും സാനിറ്റൈസറുമായി വോട്ട് ചോദിക്കാന്‍ പോകുന്നവര്‍ക്ക് ഇത് അംഗീകരിക്കാന്‍ അല്‍പ്പം വിഷമമുണ്ട്. ചിലപ്പോള്‍ ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ സ്ഥാനാര്‍ഥികള്‍ ഒരുമിച്ചായിരിക്കും വീട്ടില്‍ വോട്ട് ചോദിക്കാന്‍ എത്തുക. സ്ഥാനാര്‍ഥിയെയും വീട്ടുകാരെയും പരസ്പരം പരിചയപ്പെടുത്താന്‍ വാര്‍ഡുതല കമ്മിറ്റിക്കാര്‍ കൂടിയേ തീരു. ഇത് ചിലപ്പോള്‍ അഞ്ചില്‍ കൂടുതല്‍പേര്‍ ആകും. എന്നാല്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ നടക്കാറുള്ളൂവെന്നും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പറയുന്നു. എന്നാല്‍ ഒരു സ്ഥാനാര്‍ഥി മാത്രമാകുമ്പോള്‍ അഞ്ചുപേരില്‍ കൂടാറില്ലെന്നും അവര്‍ പറയുന്നു.

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പറയുന്നു. എന്നാല്‍ ഒരു സ്ഥാനാര്‍ഥി മാത്രമാകുമ്പോള്‍ അഞ്ചുപേരില്‍ കൂടാറില്ലെന്നും അവര്‍ പറയുന്നു.

കണ്ണൂര്‍ ​5138 സ്ഥാനാര്‍ഥികള്‍,20,00922 വോട്ടര്‍മാര്‍

ജില്ലയില്‍ വിവിധ തലങ്ങളിലായി മത്സരരംഗത്തുള്ളത് 5138 സ്ഥാനാര്‍ഥികളാണ്. ജില്ലാ പഞ്ചായത്ത്- 79, കോര്‍പ്പറേഷന്‍- 206, നഗരസഭകള്‍-873, ബ്ലോക്ക് പഞ്ചായത്തുകള്‍-437, ഗ്രാമപ്പഞ്ചായത്തുകള്‍- 3543 എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികള്‍.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 2,000,922 പേരാണ് ഉള്ളത്. ഇതില്‍ 1,069,518 സ്ത്രീകളും 931,400 പുരുഷന്‍മാരും നാലുപേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 187,256 വോട്ടര്‍മാരാണുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള എട്ട് മുനിസിപ്പാലിറ്റികളിലായി ആകെ 325,644 വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലായി ആകെ 1,488,022 വോട്ടര്‍മാരുണ്ട്.