കണ്ണൂര്‍: പരസ്പരം വോട്ട് ചോദിച്ചുകൊണ്ടാണ് ഉറ്റചങ്ങാതിമാരായ ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. 30 വര്‍ഷത്തോളമായുള്ള സൗഹൃദമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ടെമ്പിള്‍ ഡിവിഷനില്‍ മത്സരിക്കുന്ന എം.പി.രാജേഷും എം.വി.സന്ദീപും തമ്മിലുള്ളത്. രാജേഷ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സന്ദീപ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമാണ്. ഒരാള്‍ ജയിച്ചാല്‍ മറ്റേയാള്‍ തോല്‍ക്കുമല്ലോ എന്നതാണ് ഇരുവരുടെയും സങ്കടം.

രാഷ്ട്രീയമൊഴിച്ച് നാടിന്റെ നന്മയ്ക്കായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഇരുവരും ഒരുമിച്ചാണ്. പനിപിടിച്ചു കിടന്ന സന്ദീപിനെ രാജേഷാണ് കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ കൊണ്ടുപോയത്. തളാപ്പ് മിക്‌സഡ് യു.പി.സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റാണ് രാജേഷ്. ഇതേ പി.ടി.എ.യുടെ വൈസ് പ്രസിഡന്റാണ് സന്ദീപ്. ഇരുവരും അഞ്ചുവര്‍ഷമായി പി.ടി.എ. ഭാരവാഹികളായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനത്തെ ഏറ്റവും നല്ല പി.ടി.എ.യ്ക്കുള്ള അവാര്‍ഡ് ഇവര്‍ നേടിയിട്ടുണ്ട്. മൂന്നുതവണ സബ് ജില്ലാതലത്തിലും രണ്ടുതവണ ജില്ലാതലത്തിലും നല്ല പി.ടി.എ.ക്കുള്ള സമ്മാനം വാങ്ങിച്ചവരുമാണ്. 1200-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് തളാപ്പ് മിക്‌സഡ് യു.പി. സ്‌കൂള്‍. അതുപോലെ തളാപ്പ് റസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് രാജേഷും സെക്രട്ടറി സന്ദീപുമാണ്.

മൂന്നുവര്‍ഷമായി ഇവര്‍ 250 വീടുകളുള്ള റസിഡന്റ്‌സ് അസോസിയേഷനെയും നയിക്കുന്നു. വീടുകളില്‍ 200 എണ്ണം ഇവര്‍ മത്സരിക്കുന്ന ഡിവിഷനിലാണ്.

കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റും ജവാഹര്‍ ബാല്‍ മഞ്ച് ജില്ലാ കോ ഓര്‍ഡിനേറ്ററും എസ്.എന്‍.ഡി.പി. തളാപ്പ് ശാഖ സെക്രട്ടറിയുമാണ് രാജേഷ്. വീക്ഷണം പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ ടൗണ്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയും ലെന്‍സ് ഫെഡ് ഭാരവാഹിയുമായ സന്ദീപ് സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നു.

കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാര്‍ഥി 75 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ ഡിവിഷനില്‍നിന്ന് ജയിച്ചത്. സൗഹൃദം മത്സരത്തെ ബാധിക്കില്ലെന്നും വേറിട്ട പ്രവര്‍ത്തനം കാഴ്ചവെക്കുമെന്ന് പറയുമ്പോഴും ഞാന്‍ മത്സരിച്ചതാണല്ലോ അവന്‍ തോല്‍ക്കാന്‍ കാരണം എന്ന സങ്കടം അവസാനം ഒരാള്‍ക്ക് ഉണ്ടാകുമല്ലോ എന്നതാണ് ഇവരുടെ സങ്കടം.

Content Highlights:Kerala Local body election 2020, Close friends contesting from same division in Kannur