ഇടത്-വലത് മുന്നണികള്‍കളോട് കടുത്ത അമര്‍ഷവും പ്രതിഷേധവുമാണ് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. പ്രചാരണരംഗത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത മുന്നേറ്റമാണ് എന്‍.ഡി.എ. നടത്തുന്നത്. ബി.ജെ.പി. വിഭാവനം ചെയ്യുന്ന വികസനത്തിനും അഴിമതിരഹിത ഭരണത്തിനും വര്‍ധിച്ച സ്വീകാര്യതയാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നത്. ഇടത്-വലത് മുന്നണികളുടെ അവകാശവാദങ്ങള്‍ തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പാണിത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്തടക്കമുളള തട്ടിപ്പുകള്‍ നടക്കുന്നതായി അന്വേഷണം നടത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ടും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെക്കുറിച്ചും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളപ്രചാരണങ്ങളാണ് സി.പി.എം. നടത്തുന്നത്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട് പരസ്പരം പഴിചാരുന്ന മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍നിന്ന് ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെട്ടു കഴിഞ്ഞു.

രണ്ട് മുന്നണികളും അന്യോന്യം പഴിചാരുകയും പരസ്യമായും രഹസ്യമായും പരസ്പര ധാരണയില്‍ അഴിമതിയും വെട്ടിപ്പും നടത്തുകയാണ്. ഇക്കൂട്ടര്‍ കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ സയാമീസ് ഇരട്ടകളാണ്. തമിഴ്നാട്ടില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൂടെനിന്ന് മത്സരിച്ചാണ് സി.പി.എമ്മിന് രണ്ട് പാര്‍ലമെന്റ് സീറ്റ് ലഭിച്ചത്.

നൂറുകണക്കിന് ക്ഷേമപദ്ധതികള്‍

കഴിഞ്ഞ ആറുവര്‍ഷം രാജ്യം ഭരിച്ച നരേന്ദ്ര മോദി രാജ്യത്ത് ജനങ്ങള്‍ക്ക് നൂറുകണക്കിന് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. ഈ ക്ഷേമപദ്ധതികളുടെ ഗുണം ജില്ലയിലെ നാനാവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ലഭ്യമായി.

കിസാന്‍ സമ്മാന നിധി, ജന്‍ധന്‍ യോജന, അമൃത് പദ്ധതി, പ്രധാനമന്ത്രി ബീമാ യോജന എന്നീ പദ്ധതികള്‍ ഉദാഹരണം. അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് സ്ഥലം ഏറ്റെടുത്ത് കാടുപിടിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ മോദിസര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ദ്രുതഗതിയിലുള്ള പണി നടന്നുവരികയുമാണ്. ഉജ്ജ്വല്‍ യോജന വഴി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ചു. കണ്ണൂരുകാരുടെ കാലങ്ങളായുളള വിമാനത്താവള സ്വപ്നം യാഥാര്‍ഥ്യമായിതിനു പിന്നിലും മോദിസര്‍ക്കാരിന്റെ വികസനനയമാണ്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങള്‍ വികസനപാതയിലാണ്, ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ പ്രവര്‍ത്തനം തുടങ്ങിയ സി.ജി.എച്ച്.എസ്. വെല്‍നെസ് സെന്റര്‍ കണ്ണൂരിന് മോദിസര്‍ക്കാരിന്റെ മറ്റൊരു സമ്മാനമാണ്.

കേന്ദ്രത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം മൂന്ന് പള്ളികള്‍ക്കുള്‍പ്പെടെ ആറ് ആരാധനാലയങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു. മലനാട് ക്രൂസ് ടൂറിസം പദ്ധതിക്ക് 80.37 കോടി രൂപ ലഭ്യമാക്കി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരില്‍ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് ഗ്രൗണ്ടിന്റെ പ്രവൃത്തി ആരംഭിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ രണ്ട് ഓണ്‍ലൈന്‍ പരീക്ഷാപരിശീലനകേന്ദ്രങ്ങള്‍ ജില്ലയില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് യാഥാര്‍ഥ്യമായി. ആയിരക്കണക്കിനാളുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ വൈദ്യുത പദ്ധതിയുടെ ഗുണഭാക്താക്കളായി.

എല്ലാവര്‍ക്കും ടാപ്പ് വെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടപ്പാക്കുന്ന ജലജീവന്‍ കുടിവെള്ള പദ്ധതി, കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന 15-ഓളം ജന്‍ ഔഷധി സ്റ്റോറുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ കോമണ്‍ സര്‍വീസ് സെന്ററുകള്‍, നൂറുകണക്കിന് സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബുകള്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയിലൂടെ എല്ലാവര്‍ക്കും വീട് പദ്ധതി, വീവേഴ്‌സ് സര്‍വീസ് സെന്ററിന് സ്വന്തമായി കണ്ണൂരില്‍ ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമാക്കി. ഇത്തരത്തില്‍ നിരവധി വികസനപദ്ധതികളും ജനക്ഷേമ-സുരക്ഷാ പദ്ധതികളുമാണ് ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.

വര്‍ഗീയപ്രീണനം നടത്തുന്നു

വോട്ടിനുവേണ്ടി തരാതരം വര്‍ഗീയപ്രീണനം നടത്തുകയാണ് രണ്ട് മുന്നണിയും. തലശ്ശേരി നഗരസഭയില്‍ എസ്.എഫ്.ഐ. ജില്ലാ നേതാവിനെ സ്ഥാനാര്‍ഥിസ്ഥാനത്തുനിന്ന് രണ്ടാഴ്ച കഴിഞ്ഞ് മാറ്റി ലീഗുകാരിയായ സ്ഥാനാര്‍ഥിയെ സി.പി.എം. പിന്തുണയ്ക്കുന്നു. ലീഗും കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള ധാരണയാണ് ഇത് വെളിപ്പെടുത്തുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച ആളെ ഡെപ്യൂട്ടി മേയറാക്കി എല്‍.ഡി.എഫ്. ഭരണം നടത്തിയതും പിന്നീട് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്ത് യു.ഡി.എഫ്. ഭരണം നടത്തിയതും ഇടതു-വലത് മുന്നണികളുടെ ജനവഞ്ചനയുടെയും രാഷ്ട്രീയ അധാര്‍മികതയുടെയും ഉദാഹരണമാണ്.

ഇരു മുന്നണികളുടെയും കാപട്യം തിരിച്ചറിഞ്ഞ് ജനങ്ങളും ഇടത്-വലത് മുന്നണി പ്രവര്‍ത്തകരും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും.