കണ്ണൂര്‍: മൈക്ക് കണ്ടുപിടിച്ച് രണ്ടുപതിറ്റാണ്ടോളം കഴിഞ്ഞാണ് കേരളത്തില്‍ ഒരു മൈക്ക് 'സ്വന്ത'-മായി എത്തുന്നത്. 1946-ലായിരുന്നു അത്. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യമായി മൈക്ക് ഉപയോഗിച്ചത് കണ്ണൂരിലത്രെ. 1946-ലെ മദിരാശി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികളായ കെ.പി.ഗോപാലനും ടി.സി.നാരായണന്‍ നമ്പ്യാര്‍ക്കും വേണ്ടി.

മുംബൈയില്‍ നാവികകലാപത്തെത്തുടര്‍ന്ന് നാവികസേനയില്‍നിന്ന് പിരിച്ചുവിടപ്പെട്ട പി.കെ.കുഞ്ഞനന്തന്‍ നായര്‍ (ബെര്‍ലിന്‍) സി.പി.ഐ.യുടെ മുംബൈ ആസ്ഥാനത്ത് കുറച്ചുകാലം ജോലിചെയ്ത ശേഷം നാട്ടില്‍ വരുമ്പോഴാണ് മൈക്ക് സെറ്റ് കൊണ്ടുവന്നത്. സി.പി.ഐ. ജനറല്‍ സെക്രട്ടറി പി.സി.ജോഷി കേരള സംസ്ഥാന കമ്മിറ്റിക്കായി കൊടുത്തയച്ച രണ്ടുസെറ്റ് മൈക്ക്. ഒന്ന് മലബാറിലേക്കും രണ്ടാമത്തേത് തിരുവിതാംകൂറിലേക്കായി ആലപ്പുഴയില്‍ കൊടുക്കാനും. 'രണ്ടുസെറ്റ് മൈക്കിന്റെയും രണ്ടുവീതം നാളം, ആംപ്ലിഫയര്‍, ബാറ്ററി, ചാര്‍ജര്‍ എന്നിവയെല്ലാം കൂടി 12 പെട്ടികളുണ്ടായിരുന്നു. തീവണ്ടിയില്‍ മദിരാശിയിലെത്തിയപ്പോള്‍ മൈക്ക് സെറ്റ് സ്വീകരിക്കാന്‍ അന്നത്തെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളായ സി.ഉണ്ണിരാജയും സുബ്രഹ്മണ്യ ശര്‍മയും റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നുപേരും കൂടി മംഗലാപുരത്തേക്കുള്ള ട്രെയിനില്‍ മൈക്കുമായി കോഴിക്കോട്ടെത്തി. അവിടെ പാര്‍ട്ടി ഓഫീസില്‍ പി.കൃഷ്ണപിള്ളയടക്കമുള്ളവര്‍ വലിയ ആഘോഷം പോലെയാണ് സ്വീകരിച്ചത്. അടുത്തദിവസം മുതലക്കുളം മൈതാനത്ത് മൈക്ക് പരീക്ഷിക്കുകകൂടി ലക്ഷ്യമാക്കി പൊതുയോഗം നടത്തി. കൃഷ്ണപിള്ള ആദ്യമായി മൈക്കില്‍ പ്രസംഗിച്ചു. ബോംബെയില്‍നിന്ന് കെ.ആര്‍.എന്ന എന്‍ജിനീയറുടെ ഒപ്പം കൂടി മൈക്ക് ഓപ്പറേറ്ററായി പരിശീലനം നേടിയിരുന്നു.

ആലപ്പുഴയിലേക്ക് കൊടുത്ത മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരാരുമില്ലാത്തതിനാല്‍ 1948 ആദ്യം തിരുവിതാംകൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ടി.വി.തോമസ്, കെ.ആര്‍.ഗൗരിയമ്മ, പി.ടി.പുന്നൂസ് എന്നിവരുടെ പ്രചാരണയോഗത്തിലും മൈക്കുമായി പോയത് ഞാനാണ്.' - കുഞ്ഞനന്തന്‍ നായര്‍ ഓര്‍ക്കുന്നു.

Content Highlights: Kerala Local Body Election 2020 Berlin kunjananthan nair