കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമായിരിക്കാം. പക്ഷെ 66 ലക്ഷത്തിലേറെ ബാലറ്റ് പേപ്പര്‍ അച്ചടിക്കണം. കോവിഡ് പറ്റിച്ച പണിയാണ്.

വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന സാധാരണ തിരഞ്ഞെടുപ്പില്‍ ഒരു ബൂത്തിലേക്ക് 40 ബാലറ്റ് പേപ്പറാണ് അച്ചടിച്ചുനല്‍കിയിരുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ വെയ്ക്കാന്‍ അഞ്ചും ടെന്റര്‍ വോട്ടിന് പതിനഞ്ചും തപാല്‍ വോട്ടിന് ഇരുപതും. ഇത്തവണ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ടാണ്. ഇവര്‍ക്കായി ഗ്രാമ ബൂത്തുകളില്‍ മുപ്പതും നഗരമേഖലയില്‍ അമ്പതും ബാലറ്റ് പേപ്പര്‍ കൂടതലായി അച്ചടിക്കണം.

ഗ്രാമ ബൂത്തില്‍ ഒരാള്‍ക്ക് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തിലേക്കായി മൂന്നുവോട്ടുണ്ട്. അതായത് ഒരു ബൂത്തില്‍ 210 ബാലറ്റ് പേപ്പര്‍ വേണം. സംസ്ഥാനത്ത് ആകെ ത്രിതല പഞ്ചായത്തില്‍ 29322 ബൂത്ത്. അവിടേക്ക് ആകെ 6157620 ബാലറ്റ് പേപ്പര്‍ വേണം. മുന്‍സിപ്പല്‍ -കോര്‍പറേഷന്‍ മേഖലയില്‍ 5388 ബൂത്തുകള്‍. അവിടേക്ക് വേണം 484920 ബാലറ്റ് പേപ്പറുകള്‍. ആകെ വേണ്ടത് 6642540 എണ്ണം. കോവിഡ് ഇല്ലെങ്കില്‍ ആകെ 3734160 എണ്ണം മതിയായിരുന്നു.

തമിഴിലും കന്നഡയിലും അടിക്കുന്ന ബാലറ്റ് ഈ കണക്കില്‍ പെടുന്നില്ല. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പ്രസുകളില്‍ ബാലറ്റ് പേപ്പര്‍ അച്ചടിയും വിതരണവും തുടങ്ങിക്കഴിഞ്ഞു.