കണ്ണൂര്‍: ഗ്രാമപ്പഞ്ചായത്തുകളില്‍ വര്‍ധിതശക്തിയോടെ ഇടതുമുന്നണി മേധാവിത്വം നിലനിര്‍ത്തി.
71 പഞ്ചായത്തുകളില്‍ കഴിഞ്ഞതവണ 52 ഇടത്തായിരുന്നു അവര്‍ക്ക് ഭൂരിപക്ഷമെങ്കില്‍ ഇക്കുറി 56 ഇടത്ത് അവര്‍ ഭൂരിപക്ഷം നേടി. ഇതില്‍ 11 ഇടത്ത് സമ്പൂര്‍ണമേധാവിത്വമാണ്. മുഴുവന്‍ സീറ്റും നേടി. അഞ്ചിടത്ത് ഓരോ സീറ്റ് മാത്രമേ നഷ്ടപ്പെട്ടുള്ളു. കഴിഞ്ഞതവണ 18 പഞ്ചായത്ത് നേടിയ യു.ഡി.എഫിന് ഇക്കുറി 12 ഇടത്തേ വിജയം നേടാനായുള്ളൂ. മൂന്നിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.
കൊട്ടിയൂര്‍, തൃപ്രങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
കഴിഞ്ഞതവണ യു.ഡി.എഫ്. ഭരിച്ച കൊട്ടിയൂരില്‍ ഇക്കുറി എല്‍.ഡി.എഫും യു.ഡി.എഫും ഏഴുസീറ്റുവീതം നേടി. കുന്നോത്തുപറമ്പില്‍ 21-ല്‍ 10 സീറ്റ് ഇടതുമുന്നണി നേടി.
യു.ഡി.എഫിന് എട്ടും ബി.ജെ.പി.ക്ക് മൂന്നും സീറ്റാണ്. ഈ സാഹചര്യത്തില്‍ ഇടതുമുന്നണി പഞ്ചായത്ത് ഭരിച്ചേക്കും. തൃപ്രങ്ങോട്ടൂരില്‍ 18-ല്‍ ഒന്‍പത് യു.ഡി.എഫ്. നേടി.
അഞ്ച് എല്‍.ഡി.എഫും മൂന്നിടത്ത് ബി.ജെ.പി.യും ജയിച്ചതിനാല്‍ ഇവിടെ യു.ഡി.എഫിന് ഭരിക്കാമെന്ന് കരുതുന്നു. ഒരിടത്ത് ലീഗ് വിമതന്‍ ജയിച്ചിട്ടുമുണ്ട്. പരമ്പരാഗത യു.ഡി.എഫ്. മേഖലയായ മലയോരത്ത് ഇടതുമുന്നണി മികച്ച പ്രകടനാണ് കാഴ്ചവെച്ചത്. ഉദയഗിരി, ചെറുപുഴ, കണിച്ചാര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ അവര്‍ പിടിച്ചെടുത്തു. ഇടനാട്, തീരമേഖലകളില്‍ അവര്‍ ആധിപത്യം നിലിനിര്‍ത്തുകയും ചെയ്തു.
വിമത ശല്യവും കേരള കോണ്‍ഗ്രസ് ജോസ് മാണി വിഭാഗത്തിന്റെ മുന്നണി മാറ്റവും ഇതിന് അവരെ സഹായിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇടതുസ്വാധീനം വര്‍ധിക്കുന്നതും കാണാം. കടമ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫ്. പിടിച്ചെടുത്തു. കോണ്‍ഗ്രസും മുസ്ലിം ലീഗും ചേരി തിരഞ്ഞ് മത്സരിച്ച വളപട്ടണം പഞ്ചായത്തില്‍ ലീഗ് തനിച്ച് ഭൂരിപക്ഷം നേടി.
ഇവിടെ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാനായതുമില്ല. വിവിധ പഞ്ചായത്തുകളിലായി ബി.ജെ.പി. 25-ഓളം വാര്‍ഡുകളാണ് നേടിയത്.
എവിടെയും നിര്‍ണായകശക്തിയാകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 71 പഞ്ചായത്തുകളിലായി ആകെ 1166 വാര്‍ഡുകളുണ്ട്. 1300-ഓളം സ്ഥലങ്ങളില്‍ അവര്‍ മത്സരിച്ചിരുന്നു. കഴിഞ്ഞതവണ 16 ഇടത്താണ് ജയിച്ചത്.
- 56 ഇടത്ത് എല്‍.ഡി.എഫ്. യു.ഡി.എഫിന് 12 മാത്രം, ആര്‍ക്കും ഭൂരിപക്ഷമില്ലാതെ മൂന്ന്
- 11 ഇടത് പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ല, അഞ്ചിടത്ത് ഒരാള്‍മാത്രം
- മലയോരത്ത് ഇടതുമുന്നണി കടന്നുകയറി
- കോണ്‍ഗ്രസും ലീഗും ചേരിതിരിഞ്ഞ് മത്സരിച്ച വളപട്ടണത്തിന് ലീഗിന് തനിച്ച് ഭൂരിപക്ഷം
- ബി.ജെ.പി.ക്ക് ജയിക്കാനായത് ഇരുപത്തഞ്ചോളം വാര്‍ഡുകളില്‍