കണ്ണൂര്‍: കണ്ണൂരിന്റെ ചുവപ്പിന് ഒട്ടും മങ്ങലേറ്റില്ല. ജില്ലാ ആസ്ഥാനത്തെ കോര്‍പ്പറേഷന്‍ വഴുതിപ്പോയതൊഴിച്ചാല്‍ ഇടതുകോട്ട ഇളകാതെ നിന്നു. ഭൂരിഭാഗം ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും ചെങ്കൊടി പാറി. ബുധനാഴ്ച 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1,571,887 വോട്ടര്‍മാരുടെ മനസ്സ് വ്യക്തമായപ്പോള്‍ സമീപകാല വിവാദങ്ങള്‍ അവരെ ഒട്ടും ഏശിയില്ലെന്ന് വ്യക്തമായി.

ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കണക്ക് പ്രകാരം എല്‍.ഡി.എഫിന് 191,620 വോട്ടിന്റെ മേല്‍കൈ ഉണ്ട്.

ജില്ലാ പഞ്ചായത്തിലെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. ബ്ലോക്കുകളിലെ വിജയവും. പക്ഷേ, ഗ്രാമപ്പഞ്ചായത്തുകളില്‍ ഇത്ര നേട്ടം ഇടതുമുന്നണിയും പ്രതീക്ഷിച്ചില്ല. ആകെയുള്ള 71-ല്‍ 56-ലും വ്യക്തമായ ഭൂരിപക്ഷത്തോടെ അവര്‍ക്ക് ഭരിക്കാം. യു.ഡി.എഫിന് 12 എണ്ണം മാത്രം. സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങള്‍ മാത്രമായിരുന്നില്ല ഇവിടെ ഇടതുമുന്നണിയുടെ തലവേദന. കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി സാജന്‍ പറയിലിന്റെ മരണവും ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വയല്‍ക്കിളി വിവാദവും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഇളക്കമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. കണ്‍വെന്‍ഷന്‍ സെന്റര്‍ നിലകൊള്ളുന്ന ആന്തൂര്‍ നഗരസഭയില്‍ പതിവുപോലെ പ്രതിപക്ഷമില്ലാതെയാണ് ഇടതുതേരോട്ടം ഉണ്ടായത്. അവിടെ ആറ് സീറ്റില്‍ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് ഒരു സീറ്റുനേടി. പക്ഷേ, മുമ്പ് ലീഗ് ഒരു വാര്‍ഡില്‍ അവിടെ ജയിച്ചിരുന്നു. മൂന്ന് പഞ്ചായത്തില്‍ ഭരണവും 150 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുമാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ അവകാശപ്പെട്ടത്. പക്ഷേ, അവരുടെ നേട്ടം 25 ഗ്രാമവാര്‍ഡുകളിലും ഏതാനും നഗരവാര്‍ഡുകളിലും ഒതുങ്ങി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒരു വാര്‍ഡ് ജയിച്ച് അക്കൗണ്ട് തുറന്നുവെന്നൊരു സമാധാനവും അവര്‍ക്കുണ്ട്.

11 ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രതിപക്ഷത്തിന് ഒരു സീറ്റും കിട്ടിയില്ലെന്നത് ചെറിയ കാര്യമല്ല. അഞ്ച് പഞ്ചായത്തില്‍ ഒരാളെ മാത്രമേ അവര്‍ക്ക് ജയിപ്പിക്കാന്‍ പറ്റിയുള്ളു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്. പിടിച്ചെടുത്തിട്ടുണ്ടാകാം, ഇരിക്കൂറില്‍ ഇടതുമുന്നണിയുമായി തുല്യനിലയിലെത്തിയിട്ടുണ്ടാകം. പക്ഷേ, പാനൂര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരു സീറ്റുപോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തവണ ഒരു ബ്ലോക്ക് പഞ്ചായത്തുപോലും കിട്ടാത്തതിനാല്‍ ഇക്കുറി യു.ഡി.എഫ്. നേരത്തെ ബ്ലോക്ക് ഡിവിഷന്‍ അടിസ്ഥാനത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതാണ്. പക്ഷേ, വോട്ടര്‍മാരുടെ മനസ്സിലേക്ക് ചെല്ലാനായില്ല.

മൂന്നോ നാലോ മാസത്തിനകം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകും ഇരുമുന്നണിയുടെയും അടുത്ത നീക്കം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ക്ഷീണം മറികടന്നതിന്റെ ആവേശം ഇടതിനുണ്ടാകുക സ്വാഭാവികം.