കൂത്തുപറമ്പ് : കൂത്തുപറമ്പ് മേഖലയില്‍ വോട്ടെടുപ്പ് സമാധാനപരം. മികച്ച പോളിങ്ങാണ് മേഖലയില്‍ രേഖപ്പെടുത്തിയത്. ശക്തമായ പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്നു. രാവിലെ ഏഴുമുതല്‍ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ആദ്യ മണിക്കൂറുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ബൂത്തുകള്‍ക്ക് മുന്നില്‍ കാണാനായത്. സാമൂഹികഅകലം ഉറപ്പാക്കുന്നതിനായി ബൂത്തുകളില്‍ നേരത്തെ തന്നെ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെട്ടതോടെ പോലീസ് ഇടപെട്ടാണ് പലയിടങ്ങളിലും സാമൂഹികഅകലം ഉള്‍പ്പെടെ ഉറപ്പാക്കിയത്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് വോട്ടര്‍മാരെ ബൂത്തിനകത്തേക്ക് കടത്തിവിട്ടത്. ഉച്ചയോടെ പല ബൂത്തുകളിലും തിരക്ക് കുറയുകയും ചെയ്തു. പ്രത്യേകം അനുവദിച്ച സമയത്ത് കോവിഡ് ബാധിതരും ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ബൂത്തുകളിലുണ്ടായിരുന്ന മുഴുവന്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി മടങ്ങിയശേഷമാണ് കോവിഡ് ബാധിതര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കോവിഡ് ബാധിതര്‍ പി.പി.ഇ. കിറ്റ് ധരിച്ചാണ് ബൂത്തുകളിലെത്തിയത്. പോളിങ് ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വോട്ടിങ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചുരുക്കം ചിലയിടങ്ങളില്‍ അല്പസമയം വോട്ടിങ് തടസ്സപ്പെട്ടതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും ബൂത്തില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുന്നതായിരുന്നു. ചില ബൂത്തുകളില്‍ വാക്കേറ്റമുണ്ടായ തൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കൂത്തുപറമ്പ്, കതിരൂര്‍, കണ്ണവം എന്നീ സ്റ്റേഷനുകളുടെ പരിധിയിലെ സുരക്ഷ ഒരു ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ അതത് സ്റ്റേഷനുകളിലെ സി.ഐ.മാരാണ് ഒരുക്കിയത്.

കൂടുതല്‍ എസ്.ഐ.മാരെയും വിന്യസിച്ചിരുന്നു. ഒരോ സ്റ്റേഷന്‍ പരിധിയിലും നൂറിലധികം പേലീസുകാരെയും വിന്യസിച്ചിരുന്നു. ഇതിന് പുറമേ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങും ലൈവ് വീഡിയോ കവറേജും ഏര്‍പ്പെടുത്തിയിരുന്നു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന ബൂത്തുകളില്‍ തണ്ടര്‍ബോള്‍ട്ടിനേയും വിന്യസിച്ചിരുന്നു. പേരാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍പെട്ട പെരുവ പാലയത്തുവയല്‍ ഗവ. യു.പി. സ്‌കൂളിലെ രണ്ട് ബൂത്തുകള്‍ക്കാണ് മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്നത്. ഇത് കണ്ണവം പോലീസ് സ്റ്റേഷന് സമീപ പ്രദേശമായതിനാല്‍ സുരക്ഷാച്ചുമതല കണ്ണവം പോലീസിന് നല്‍കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ക്കൊപ്പം ഹരിത പെരുമാറ്റചട്ടവും പാലിച്ചായിരുന്നു വോട്ടെടുപ്പ്. ചിലയിടങ്ങളില്‍ മാതൃകാ പോളിങ് ബൂത്തുകളും ഒരുക്കിയിരുന്നു.

ചെറുവാഞ്ചേരി: രണ്ട് പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ മൂന്ന് പോളിങ് സ്റ്റേഷനുകളുള്ള ചെറുവാഞ്ചേരി മേഖലയില്‍ തിരഞ്ഞെടുപ്പ് പൂര്‍ണമായും സമാധാനപരം. എല്ലായിടത്തും ശരാശരി 70 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി.

വര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയ അക്രമങ്ങള്‍ തുടര്‍ച്ചയായി നടന്നിരുന്ന സ്ഥലത്ത് ഇന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ കൈകോര്‍ത്തുകൊണ്ടാണ് പല കാര്യങ്ങളും നടത്തുന്നത്. പരസ്പര സൗഹാര്‍ദത്തോടെയാണ് സ്ഥാനാര്‍ഥികള്‍ വോട്ടുതേടിയത്. നിലവില്‍ രാഷ്ട്രീയസംഘര്‍ഷം ഇല്ലാത്ത പ്രദേശത്തെ പ്രശ്‌നബാധിത മേഖലയായി പ്രഖ്യാപിച്ചതില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു.

പാനൂര്‍: മേഖലയില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. കൊളവല്ലൂര്‍ വിജ്ഞാനോദയം എല്‍.പി. സ്‌കൂളിലെ ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് രാവിലെ അരമണിക്കൂര്‍ നേരം പോളിങ് തടസ്സപ്പെട്ടു. മിക്ക ബൂത്തുകളിലും രാവിലെമുതല്‍ തന്നെ നീണ്ട നിര കാണാമായിരുന്നു.

കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ കൊളവല്ലൂര്‍, പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു

വോട്ടിനെച്ചൊല്ലി തര്‍ക്കം

തലശ്ശേരി: തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയ വോട്ടര്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം. തിരുവങ്ങാട് ഗവ. ഗേള്‍സ് എച്ച്.എസ്.എസിലെ ബൂത്തിലാണ് സംഭവം. പുതിയ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കിലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞതായാണ് പരാതി. തര്‍ക്കത്തിനൊടുവില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി.

വോട്ടിങ് യന്ത്രം തകരാറിലായത് പോളിങ് വൈകാനിടയാക്കി

ചിറ്റാരിപ്പറമ്പ്: ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അമ്പായക്കാട്ടിലെ ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒന്നരമണിക്കൂര്‍ വൈകി. മാനന്തേരി എല്‍.പി. സ്‌കൂളിലായിരുന്നു ബൂത്ത്.

ആദ്യ വോട്ടര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മെഷിനിലെ സ്വിച്ച് സ്റ്റെക് ആവുകയായിരുന്നു. ട്രയല്‍ നടത്തിയപ്പോള്‍ പ്രശ്‌നമില്ലായിരുന്നു. 100 ഓളം വോട്ടര്‍മാര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.