കണ്ണൂര്‍: സ്ഥാനാര്‍ഥികളെയും വോട്ടര്‍മാരേയും രാഷ്ട്രീയ കുതുകികളെയും പോലെത്തന്നെ വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ 14 കാത്തിരിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍. മുമ്പ് നിരവധി തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയെടുത്തവരും മുന്‍ വര്‍ഷങ്ങളില്‍ റിസര്‍വില്‍ നിയോഗിക്കപ്പെട്ടവരും പുതുതായി രംഗത്തുള്ളവരുമുണ്ട് കൂട്ടത്തില്‍. ഇവരില്‍ ചിലര്‍ക്ക് മുന്‍ വര്‍ഷങ്ങളിലുണ്ടായ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ട്. പുതുമുഖങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അടുത്തറിയാനുള്ള ആകാംക്ഷയും. ലോകമെങ്ങും വ്യാപിച്ച ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തേതിന്.

താമസ സൗകര്യത്തില്‍ ആശങ്ക

തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കൊപ്പം പതിവ് പരാതികളും ഉയരുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പോളിങ്ങ് ഡ്യൂട്ടിക്ക് നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ താമസ-അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, വനിതാ ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുക, ദമ്പതിമാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാളെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പല സംഘടകളും ഉന്നയിക്കുന്നത്.

എന്‍.ജി.ഒ. അസോസിയേഷന്‍, ജോയിന്റ് കൗണ്‍സില്‍, കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ ഈ ആവശ്യങ്ങളുമായി രംഗത്തുണ്ട്.

പ്രിസൈഡിങ് ഓഫീസര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന്റെ തലേന്നാള്‍ ബൂത്തിലെത്തണമെന്നാണ് ചട്ടം. രാത്രി താമസിക്കുകയും വേണം. പലരും ബന്ധുക്കളുടെയും പരിചയക്കാരുടെയും വീട്ടുകളില്‍ തങ്ങാറാണ് പതിവ്. തദ്ദേശീയരായ ചിലര്‍ താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്യും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ അപരിചിതരെ വീട്ടില്‍ പാര്‍പ്പിക്കാനും ഭക്ഷണം വിളമ്പാനും ആളുകള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ (രണ്ട്), പോളിങ്ങ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാവുക. ഇവരെല്ലാവരും തലേന്നുതന്നെ ബൂത്തിലെത്തണമെന്നാണ് ചട്ടം. വോട്ടെടുപ്പുദിവസം പോളിങ്ങിന് മുമ്പായി 'മോക് പോള്‍ ഇവര്‍ നടത്തണം. പോളിങ്ങ് സാമഗ്രികള്‍ തലേന്ന് ശേഖരിച്ച് സൂക്ഷിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. ഇവര്‍ക്കുള്ള പരിശീലനക്ലാസുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയോട് താത്പര്യം

നാടിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുമായി സഹകരിക്കാന്‍ താത്പര്യമാണ്. ഇക്കാരണത്താല്‍ത്തന്നെ ദമ്പതിമാരില്‍ ഒരാള്‍ക്കുമാത്രം തിരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കണമെന്ന ഇളവ് പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചില്ല. ഇത്തവണ സ്ത്രീകളെ ധാരാളമായി ഡ്യൂട്ടിക്ക് നിയോഗിച്ചതായി കാണുന്നു. ഇത് പോസിറ്റീവായി പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ. വോട്ടര്‍മാരുള്‍പ്പെടെ ബൂത്തിലെത്തുന്ന എല്ലാവരും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കണമെന്നാണ് അഭിപ്രായം. പ്രത്യേകിച്ച് കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍

സ്മിത പന്ന്യന്‍-(പ്രിസൈഡിങ് ഓഫീസര്‍), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക, പിണറായി

ഉത്കണ്ഠകളേറെ

ഒട്ടേറെ ഉത്കണ്ഠകളോടെയാണ് പോളിങ് ഡ്യൂട്ടിയെടുക്കുന്നത്. മുമ്പ് മൂന്നുതവണ ഫസ്റ്റ് പോളിങ്ങ് ഓഫീസറായി ഡ്യൂട്ടി ചെയ്തപ്പോള്‍ കലുഷവും കയ്‌പേറിയതുമായ അനുഭവങ്ങളാണുണ്ടായത്. ഇപ്പോള്‍ കോവിഡ് സാഹചര്യവും നിലനില്‍ക്കുന്നു. എല്ലാം ശുഭമാകും എന്ന പ്രതീക്ഷയാണുള്ളത്-പ്രകാശന്‍ മാണിക്കോത്ത് (പ്രിസൈഡിങ് ഓഫീസര്‍), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, കൊളവല്ലൂര്‍

സമാധാനപരമാകുമെന്ന് പ്രതീക്ഷ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പങ്കാളികളാവേണ്ടവരും സന്നദ്ധത കാട്ടേണ്ടവരും തന്നെയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് സമാധാനപരമായി കലാശിക്കുമെന്നാണ് പ്രതീക്ഷ. ബൂത്തിലെത്തുന്നവര്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം മനസ്സിലാക്കി സ്വയം പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്-പി.പി.സുസ്മിത (പ്രിസൈഡിങ് ഓഫീസര്‍), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക, മുതിയങ്ങ

കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു

ദമ്പതിമാരില്‍ ഒരാളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. സൗകര്യങ്ങള്‍ നന്നേ കുറഞ്ഞ അങ്കണവാടികളില്‍പ്പോലും ഇത്തവണ ബൂത്തുകളുണ്ട്. വനിതാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രയാസകരമാണ്. സ്ത്രീകളെ പരമാവധി ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണവിതരണ സംവിധാനത്തിലും ആശങ്ക നിലനില്‍ക്കുന്നു-ഇ.പി.അബ്ദുല്ല, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്.