തലശ്ശേരി: അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ഏഴുപേര്‍ രണ്ടു പാര്‍ട്ടികള്‍ക്കുവേണ്ടി വിവിധ വാര്‍ഡുകളില്‍ മത്സരരംഗത്ത്. തലശ്ശേരി എം.എം.റോഡില്‍ 100 മീറ്റര്‍ പരിസരത്തായി താമസിക്കുന്ന ഇവര്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളാണ്. നാലുപേര്‍ ബി.ജെ.പി.ക്കുവേണ്ടി മത്സരിക്കുമ്പോള്‍ മൂന്നുപേര്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നു. കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത് അമ്മയും മക്കളുമാണ്.

നഗരസഭയിലെ 45 മാരിയമ്മ വാര്‍ഡിലുള്‍പ്പെടുന്നതാണ് എം.എം.റോഡ്. ബി.ജെ.പി. സ്ഥാനാര്‍ഥി ആര്‍.മനോജ് മാത്രമാണ് സ്വന്തം വാര്‍ഡായ മാരിയമ്മയില്‍ മത്സരിക്കുന്നത്. നഗരസഭ മുന്‍ കൗണ്‍സിലറായ മനോജ് ബി.ജെ.പി. നഗരസഭ കമ്മിറ്റി വൈസ് പ്രസിഡന്റാണ്. മനോജിന്റെ ബന്ധുവായ ജി.ഗിരീഷ് വാര്‍ഡ് 21 കുട്ടിമാക്കൂലില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ്. ബി.ജെ.പി. തിരുവങ്ങാട് മേഖലാ സെക്രട്ടറിയാണ് ഗിരീഷ്. തൊട്ടടുത്ത വീട്ടിലെ വിജയലക്ഷ്മി വാര്‍ഡ് 12 ടൗണ്‍ഹാളിലും ആര്‍.ചന്ദ്രന്‍ വാര്‍ഡ് 20 ഊരാങ്കോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥികളാണ്. മഹിളാമോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗമാണ് വിജയലക്ഷ്മി. മൂന്നുപേരും ആദ്യമായാണ് മത്സരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റായ എ.ഷര്‍മിള 13 മോറക്കുന്നിലും മകള്‍ എസ്.ഹൈമ പത്ത് ചെള്ളക്കരയിലും മകന്‍ അഡ്വ. എസ്.രാഹുല്‍ 21 കുട്ടിമാക്കൂലിലുമാണ് മത്സരിക്കുന്നത്. ഷര്‍മിളയും ഹൈമയും മുന്‍പും മത്സരിച്ചിരുന്നു. രാഹുലിന്റെ ആദ്യ മത്സരമാണ്.