ദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം അവസാനിക്കുമ്പോള്‍ത്തന്നെ ഒരു കാര്യം വ്യക്തമായി- ഇടതുപക്ഷ ജനാധിപത്യമുന്നണി അഭൂതപൂര്‍വമായ വിജയം നേടും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ താത്കാലികമായുണ്ടായ നേട്ടം ആവര്‍ത്തിക്കുമെന്ന അവകാശവാദം ആദ്യമേതന്നെ യു.ഡി.എഫ്. ഉപേക്ഷിച്ചു.

ഇപ്പോഴവര്‍ കേന്ദ്ര ഏജന്‍സികളുടെ കുത്സിത നീക്കങ്ങളെ കൂട്ടുപിടിച്ച് നുണപ്രചാരണം നടത്തി ആശയക്കുഴപ്പമുണ്ടാക്കാനാവുമോ എന്നാണ് നോക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അടക്കമുള്ള ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാന്‍ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ മാത്രമല്ല, സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിരന്തരം ആരോപിക്കുന്നുണ്ട്. ചിദംബരത്തെയും ശിവകുമാറിനെയുമെല്ലാം അവര്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചത് ആരും മറന്നുപോയിട്ടില്ല. രാജീവ്ഗാന്ധിയുടെ കുടുംബത്തെ അപ്പാടെ അവര്‍ വലയം ചെയ്തിരിക്കുകയാണ്. എന്നിട്ടും കേരളത്തില്‍ ഇ.ഡി.യടക്കമുള്ള ഏജന്‍സികള്‍ യഥാര്‍ഥ അന്വേഷണത്തെ വഴിമാറ്റി വാര്‍ത്ത സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഇത് മനസ്സിലാക്കിയ ജനങ്ങള്‍ കള്ളപ്രചാരണത്തെ പുച്ഛിച്ച് തള്ളുകയാണ്. തെറ്റുചെയ്തവരാരായാലും ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ എക്കാലവും ഉറച്ചുനില്‍ക്കുന്ന പ്രസ്ഥാനമാണ് എല്‍.ഡി.എഫ്.

ഭരണനേട്ടങ്ങളുടെ വിലയിരുത്തല്‍

എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനനേട്ടങ്ങളും പിണറായി സര്‍ക്കാരിന്റെ നാലരക്കൊല്ലത്തെ വികസനനേട്ടങ്ങളും പ്രത്യേകം പ്രചരിപ്പിക്കാതെതന്നെ എല്ലാവര്‍ക്കുമറിയാം. ഗതാഗതക്കുരുക്കില്‍ ജനങ്ങള്‍ കടുത്ത പ്രയാസമനുഭവപ്പെടുമ്പോഴും ദേശീയപാത വികസനം തടയാന്‍ ശ്രമിച്ചവരാണ് യു.ഡി.എഫും ബി.ജെ.പി.യും. ബി.ജെ.പി. ദേശീയനേതാക്കള്‍ നന്ദിഗ്രാമിലെ മണ്ണുകൊണ്ടുവന്ന് കീഴാറ്റൂരില്‍ നിക്ഷേപിച്ചപ്പോള്‍ അതിനു കൂട്ടുനിന്നു യു.ഡി.എഫ്. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനക്കുതിപ്പാണ് ഇടതു സര്‍ക്കാരിന്റെ കാലത്തുണ്ടായത്. തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കാതിരിക്കുമോ?

വര്‍ഗീയതയുമായി ചങ്ങാത്തം

വര്‍ഗീയകക്ഷികളുമായി തരാതരം ധാരണയുണ്ടാക്കിയിരിക്കുകയാണ് യു.ഡി.എഫ്. ജില്ലാ പഞ്ചായത്തില്‍ അവരുടെ ഒരു സ്ഥാനാര്‍ഥി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്. ജില്ലയില്‍ ബി.ജെ.പി.ക്ക് 337 വാര്‍ഡില്‍ സ്ഥാനാര്‍ഥികളില്ല.

കോട്ടയം പഞ്ചായത്തിലെ 13,14 വാഡില്‍ 2015-ല്‍ മത്സരിച്ച ബി.ജെ.പി. ഇത്തവണ യു.ഡി.എഫിനുവേണ്ടി മാറിനിന്നു. പാപ്പിനിശ്ശേരിയില്‍ നാല് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനത്തേക്ക് ബി.ജെ.പി. സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. കീച്ചേരിക്കുന്ന് വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ജമാ അത്തെ ഇസ്ലാമിക്ക് പുറമേ എസ്.ഡി.പി.ഐ.യുമായും പലേടത്തും യു.ഡി.എഫിന് രഹസ്യധാരണയുണ്ട്. ഇത്തരത്തിലുള്ള കുതന്ത്രങ്ങളെല്ലാം പകല്‍വെളിച്ചംപോലെ വ്യക്തമായിക്കഴിഞ്ഞു. യു.ഡി.എഫില്‍ പടലപ്പിണക്കം രൂക്ഷമാണ്. നാല്പതോളം വാര്‍ഡില്‍ അവര്‍ക്ക് റിബലുണ്ട്. കെ.പി.സി.സി. നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെപ്പോലും ഡി.സി.സി. മാറ്റി. സണ്ണി ജോസഫ് എം.എല്‍.എ.യുടെ സഹോദരനായ മുന്‍ നേതാവ് റിബലായി മത്സരിക്കുന്നു. അവിശുദ്ധ കൂട്ടുകെട്ടില്‍ പ്രതിഷേധമുള്ള നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും എല്‍.ഡി.എഫിനനുകൂലമായി പ്രവര്‍ത്തനരംഗത്തിറങ്ങിയിരിക്കുകയാണ്.

ഇടതുമുന്നണിയുടെ സാധ്യതകള്‍

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പമായിരുന്ന ലോക് താന്ത്രിക് ജനതാദളും കേരളാ കോണ്‍ഗ്രസും ഇപ്പോള്‍ ഇടതുപക്ഷജനാധിപത്യമുന്നണിയിലാണ്. മുന്നണിയുടെ ജനകീയാടിത്തറ വലിയതോതില്‍ വിപുലമായിരിക്കുന്നു. എല്ലാ തദ്ദേശ സ്ഥാപനത്തിലും പ്രത്യേകം പ്രകടനപത്രിക മുന്നോട്ടുവെച്ചാണ് എല്‍.ഡി.എഫ്. മത്സരിക്കുന്നത്. ഇതേവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലും ബഹുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചും പ്രായോഗികത പരിഗണിച്ചും ഒരുമാസത്തോളം സമയമെടുത്താണത് തയ്യാറാക്കിയത്. ഇതെല്ലാം ജനങ്ങളില്‍ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71-ല്‍ 52 ഗ്രാമപ്പഞ്ചായത്താണ് മുന്നണി നേടിയത്. അതെല്ലാം നിലനിര്‍ത്തുന്നതിന് പുറമേ പുതിയ പഞ്ചായത്തുകളില്‍ക്കൂടി ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍. ബ്ലോക്ക് പഞ്ചായത്തുകളിലെ സമ്പൂര്‍ണ വിജയം ആവര്‍ത്തിക്കും. നഗരസഭകളില്‍ കഴിഞ്ഞ തവണ യു.ഡി.എഫ്. ജയിച്ച ശ്രീകണ്ഠപുരം ഇത്തവണ എല്‍.ഡി.എഫ്. ജയിക്കും. ഇരിട്ടി നല്ല ഭൂരിപക്ഷത്തോടെ നിലനിര്‍ത്തും. തളിപ്പറമ്പിലും പാനൂരിലും യു.ഡി.എഫ്. ഭരണത്തിനെതിരായ ജനവികാരം എല്‍.ഡി.എഫ്. വിജയത്തിലേക്കെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. എല്ലാറ്റിലുമുപരി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ്. അധികാരത്തിലെത്തും.