കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് പുറത്ത് പ്രചാരണം പൊടിപൊടിക്കുമ്പോള്‍ അകത്ത് തിരഞ്ഞെടുപ്പിനുവേണ്ട ഒരുക്കങ്ങള്‍ തകൃതി. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാപിക്കേണ്ട ബാലറ്റുപേപ്പറുകളുടെ വിതരണവും പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസും തിങ്കളാഴ്ച തുടങ്ങി.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭ-കോര്‍പ്പറേഷനുകളുടെയും ബാലറ്റ് പേപ്പര്‍ കണ്ണൂര്‍ ഗവ. പ്രസ്സിലാണ് അച്ചടിക്കുന്നത്. ജില്ലാപഞ്ചായത്തുകളുടേത് കണ്ണൂരില്‍നിന്ന് സെറ്റ് ചെയ്ത് തിരുവനന്തപുരത്ത് അച്ചടിച്ച് ഇവിടെയെത്തിച്ചു. ഇരു ജില്ലകളിലുമായുള്ള 17 ബ്ലോക്ക് പഞ്ചായത്തുകളുടെ ബാലറ്റ് പേപ്പറുകളുടെ അച്ചടി കണ്ണൂരില്‍ പൂര്‍ത്തിയായി. ഏഴിടത്തേത് വിതരണവും ചെയ്തു. ആദ്യ ബാലറ്റുപെട്ടി പയ്യന്നൂര്‍ ബ്ലോക്കിലെ റിട്ടേണിങ് ഓഫീസര്‍ പി.എ.സുധീര്‍ പ്രസ് സൂപ്രണ്ട് അനസ് അലിയാരില്‍നിന്ന് ഏറ്റുവാങ്ങി. ഇതര ബ്ലോക്ക് പഞ്ചായത്തുകളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ സന്നിഹിതരായിരുന്നു.

ഇരു ജില്ലകളിലുമായി 109 ഗ്രാമപ്പഞ്ചായത്തുകളും (കണ്ണൂര്‍-71, കാസര്‍കോട്-38) 11 നഗരസഭകളും (കണ്ണൂരില്‍ മട്ടന്നൂര്‍ ഒഴികെ എട്ട്, കാസര്‍കോട്ട് മൂന്ന്) 17 ബ്ലോക്ക് പഞ്ചായത്തുകളും (കണ്ണൂരില്‍ 11, കാസര്‍കോട്ട് ആറ്) ആണുള്ളത്. പുറമെ കണ്ണൂര്‍ കോര്‍പ്പറേഷനും. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ ഓരോ ബൂത്തിലേക്കും തപാല്‍ വോട്ട് അടക്കം 70 എണ്ണം വേണം. നഗരസഭാ-കോര്‍പ്പറേഷനില്‍ 90-ഉം. കണ്ണൂരില്‍ ത്രിതല പഞ്ചായത്തിലേക്ക് 2014-ഉം നഗര-കോര്‍പ്പറേഷനുകളില്‍ 457-ഉം ബൂത്തുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കുമാണ് ക്ലാസ് കൊടുക്കുന്നത്. വോട്ടിങ് യന്ത്രത്തിന്റെ ഡെമോണ്‍സ്ട്രേഷനുമുണ്ട്. എല്‍.സി.ഡി.കളുടെ സഹായത്തോടെയാണ് ക്ലാസ്. ജില്ലയില്‍ ആകെ 24 കേന്ദ്രങ്ങളുണ്ട്. ജില്ലാ ആസ്ഥാനത്ത് കോര്‍പ്പറേഷന്‍ ഹാളിലും ജില്ലാ പഞ്ചായത്ത് ഹാളിലും മുനിസിപ്പല്‍ ഹൈസ്‌കൂളിലും രാവിലെയും ഉച്ചയ്ക്കുമായി ക്ലാസ് പുരോഗമിക്കുന്നു. മൂന്നാം തീയതിയോടെ പൂര്‍ത്തിയാകും.