കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഒന്നാംഘട്ട പ്രചാരണം മുന്നണികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി. ഗ്രാമപ്പഞ്ചായത്ത് -നഗരസഭാ-കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ആദ്യ റൗണ്ട് വീടുകയറല്‍ കഴിഞ്ഞു. ചിലേടത്ത് രണ്ട് റൗണ്ടും.
ഗ്രാമപ്പഞ്ചായത്തില്‍ ഇനി ബ്ലോക്ക്, ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പമുള്ള പര്യടനമാണ്. കോര്‍ണര്‍ യോഗത്തിന്റെ സ്വഭാവമുള്ള ഈ പര്യടനത്തിന് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യമുണ്ടാകില്ല.
കാരണം കോവിഡ്. വലിയ പൊതുയോഗങ്ങളും റാലികളും ആസൂത്രണം ചെയ്തിട്ടുമില്ല. പകരം വെര്‍ച്വല്‍ റാലികള്‍. സൈബര്‍ ഇടത്തില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. എതിര്‍സ്ഥാനാര്‍ഥി മുമ്പും ഇപ്പോഴും പറയുന്നത് താരതമ്യംചെയ്തും സ്വന്തം യോഗ്യതകള്‍ എടുത്തുകാട്ടിയും മറ്റുള്ളവരെക്കൊണ്ട് പറയിച്ചും അസാധാരണ പ്രകടനം. 'പുറത്തെ പ്രചാരണം ഒന്നുമല്ല, സൈബര്‍ ലോകവുമായി താരതമ്യം ചെയ്യുമ്പോള്‍.' താഴെ ചൊവ്വയിലെ ഒരു വോട്ടര്‍ പറയുന്നു. 20-25 കുടുംബങ്ങളുടെ വാട്സാപ്പ് കൂട്ടായ്മ മൂന്നുമുന്നണികളും ഉണ്ടാക്കിയിട്ടുണ്ട്. യോഗങ്ങളും മറ്റും ഇതിലൂടെയാണ് അറിയിക്കുന്നത്.
അതേസമയം, പുറത്ത് ചുവരെഴുത്തും പോസ്റ്റര്‍ പ്രചാരണവും സജീവമാണ്. സാധാരണ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന യു.ഡി.എഫ്. ഇക്കുറി ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. കുടുംബയോഗങ്ങളില്‍ ഇടതുമുന്നണി മുന്നില്‍ നില്‍ക്കുന്നു.
25-30 പേര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ ഒരുവാര്‍ഡില്‍ പലത് നടന്നുകഴിഞ്ഞു. മുമ്പ് 60-100 പേര്‍ വരെ പങ്കെടുത്തിരുന്ന ഏതാനും യോഗങ്ങളായിരുന്നെങ്കില്‍ ഇത്തവണ കോവിഡ് കാരണം പങ്കാളിത്തം കുറച്ച് യോഗങ്ങളുടെ എണ്ണം കൂട്ടി. യു.ഡി.എഫും കുടുംബയോഗങ്ങളിലേക്ക് കടന്നിട്ടുണ്ട്. വിജയസാധ്യതയുള്ള ഇടങ്ങളിലാണ് ബി.ജെ.പി. കേന്ദ്രീകരിച്ചിരിക്കുന്നത്. എ, ബി, സി എന്നിങ്ങനെ സാധ്യതാ പട്ടികയുണ്ടാക്കിയിട്ടുണ്ട് അവര്‍. വിജയസാധ്യതയുള്ളതിനെ 'എ'യിലും തീരെ സാധ്യതയില്ലാത്തതിനെ 'സി' പട്ടികയിലും പെടുത്തിയിരിക്കുന്നു. പക്ഷേ ഉത്തരേന്ത്യയിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ചെയ്തതുപോലെ വോട്ടര്‍പട്ടികയിലെ ഓരോ പേജും ഓരോ ഗ്രൂപ്പിനെ ഏല്‍പ്പിച്ച് നേരിട്ടുകാണാന്‍ ശ്രമിക്കുന്നുണ്ട് അവര്‍.
ഈ ആഴ്ച അവസാനം മുതല്‍ സംസ്ഥാന നേതാക്കളെത്തും. തെക്കന്‍ കേരളത്തില്‍ എട്ടിനും മധ്യകേരളത്തില്‍ പത്തിനും നടക്കുന്നതിനാല്‍ അവിടെയാണ് നേതാക്കള്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
കണ്ണൂരില്‍ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് ചുമതല ഇ.പി.ജയരാജനാണ്. പഞ്ചായത്തുതലങ്ങളില്‍ യോഗം ചേരുന്ന തിരക്കിലാണ് അദ്ദേഹം.
ചെറുകിട ഇടത്തരം വ്യവസായികളെയും വ്യാപാരികളെയും നേരിട്ട് കാണുന്നുമുണ്ട്. സംസ്ഥാന നേതാക്കള്‍ ഇവിടേക്ക് വരുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
കോണ്‍ഗ്രസും ബി.ജെ.പി.യും സംസ്ഥാനനേതാക്കളുടെ പര്യടനം ഏതാണ്ട് തീരുമാനിച്ചുകഴിഞ്ഞു. ഉമ്മന്‍ചാണ്ടി ഡിസംബര്‍ അഞ്ചിന് എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ 8, 9, 10 തീയതികളില്‍ ജില്ലയിലുണ്ടാകും.
പ്രധാനമായും കുടുംബയോഗങ്ങളിലാണ് ഇവര്‍ പങ്കെടുക്കുക. മലയോരങ്ങളില്‍ സാമൂഹിക അകലം പാലിച്ച് പൊതുയോഗങ്ങള്‍ നടത്താനും പരിപാടിയുണ്ട്. ബി.ജെ.പി. നേതാക്കളായ പി.കെ.കൃഷ്ണദാസ് ഏഴിനും കെ.സുരേന്ദ്രന്‍ ഒന്‍പതിനും കുമ്മനം രാജശേഖരന്‍ 11-നും ജില്ലയിലെത്തുന്നുണ്ട്.