കണ്ണൂര്‍: നിങ്ങള്‍ റെഡിയാണോ...ചിഹ്നങ്ങള്‍ റെഡി. അരിവാളും കൈപ്പത്തിയും താമരയും അടക്കമുള്ള തിരഞ്ഞെടുപ്പ് ചിഹ്നവുമായി മാസ്‌ക് വിപണി ഉണര്‍ന്നു. ആവശ്യക്കാര്‍ക്ക് ഏണിയും നല്‍കും.

ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്ത മാസ്‌ക് വില്‍ക്കാമോ എന്ന കടക്കാരുടെ ആശങ്ക മാറിയതോടെയാണ് കൂടുതല്‍ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിയത്. മാസ്‌ക് ഏതായാലും പ്രശ്‌നമില്ല. പക്ഷെ, അത് രോഗപ്പകര്‍ച്ചയെ തടയുന്നത് ആയിരിക്കണം എന്നതാണ് നിര്‍ദേശം.

ചിഹ്നങ്ങളുള്ള മാസ്‌കിന്റെ വില സ്ഥാനാര്‍ഥിയുടെ ചെലവില്‍വരുമെന്നതിനാല്‍ അവര്‍ക്കും ഒരു ജാഗ്രതയുണ്ട്. എറണാകുളത്തുനിന്നും കണ്ണൂരില്‍നിന്നുമാണ് പ്രിന്റ് മാസ്‌ക് കടകളില്‍ എത്തുന്നത്.

തമിഴ്നാട് തിരുപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഏജന്‍സികള്‍ സജീവമാണെങ്കിലും മാസ്‌കിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല. അതുകൊണ്ട് അറിയുന്നവരില്‍നിന്നു മാത്രമാണ് കടക്കാര്‍ ഇവ വില്‍ക്കാന്‍ വാങ്ങുന്നത്.

30 രൂപയാണ് പാര്‍ട്ടി ചിഹ്നങ്ങളുള്ള മാസ്‌കിന്റെ വിലയെന്ന് പയ്യന്നൂര്‍ ടൗണിലെ കടക്കാരന്‍ രാജന്‍ പറഞ്ഞു. ലെയറുകളുള്ള വെള്ള തുണിയുടെ മാസ്‌കിന്റെ ഒരു വശത്താണ് ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. കഴുകിയാല്‍ പ്രിന്റ് മായില്ലെന്നാണ് പറയുന്നത്. നല്ല ക്വാളിറ്റിയുള്ള പ്രിന്റ് മാസ്‌ക് ചില സ്ഥാനാര്‍ഥികള്‍ നേരിട്ടെത്തിയാണ് പരിശോധിച്ച് വാങ്ങുന്നത്.

ചിരി പുറത്ത് കാണുന്ന തരം മാസ്‌കുണ്ടോ എന്ന അന്വേഷണവും ഇതിനിടയില്‍ എത്തി. ചിരിക്കുന്ന ഭാഗത്ത് ഗ്ലാസ് ടൈപ്പ് പോലെ സുതാര്യമായ മാസ്‌കിനും ഓര്‍ഡര്‍ വരുന്നുണ്ടെന്ന് കടക്കാര്‍ പറഞ്ഞു. മാസ്‌കിനൊപ്പം ബാഡ്ജ്, ടാഗ്, പ്രിന്റ് ടീ ഷര്‍ട്ട്, കീ ചെയ്ന്‍ എന്നിവയും വിപണിയില്‍ വില്‍പ്പന തുടങ്ങി.