കൊളച്ചേരി:പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജ്യേഷ്ഠാനുജന്‍മാര്‍ നേര്‍ക്കുനേര്‍ പൊരുതാനിറങ്ങുന്ന മറ്റൊരു സ്ഥലമാണ് കമ്പില്‍. കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ കമ്പിലില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി എ. കുമാരനും ബി.ജെ.പി. സ്ഥാനാര്‍ഥിയായി എ. സഹജനുമാണ് പോരിനൊരുങ്ങുന്നത്. ഇരുവരും കമ്പില്‍ ടൗണിലെ ബിസിനസുകാരാണ്.

സഹജനും ആദ്യകാലം സി.പി.എം. പ്രവര്‍ത്തകനായിരുന്നു. 2010-ലെ തിരഞ്ഞെടുപ്പില്‍ കമ്പില്‍ കമ്പില്‍ വാര്‍ഡില്‍ സി.പി.എം. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിലെ കോടിപ്പൊയിലിലെ കെ.കെ. മുസ്തഫയുമായി മത്സരിച്ച ഇദ്ദേഹത്തിന് അന്ന് വിജയിക്കാന്‍ കഴിഞ്ഞില്ല. സഹജന്‍ പിന്നീട് സി.പി.എം. വിട്ടു. 2015-ലെ തിരഞ്ഞെടുപ്പില്‍ സഹജന്റെ ഭാര്യ കെ. രാജിനി ഇവിടെ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. വ്യാപാരി വ്യവസായി സമിതിയുടെ കമ്പില്‍ യൂണിറ്റ് പ്രസിഡന്റാണിപ്പോള്‍. ശക്തമായ സൗഹൃദബന്ധമുള്ള സഹജന്‍ തിരഞ്ഞെടുപ്പുകാലത്ത് അത് വോട്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണെന്നും പറഞ്ഞു. എ. കുമാരന്‍. സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, നിരവധി റോഡുകളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ആള്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. മത്സരരംഗത്തുള്ള ഇവര്‍ക്ക് പറയാനുള്ളത് കുടുംബബന്ധത്തിന് സ്ഥാനാര്‍ഥിത്വം ഒരു തടസ്സമേയാകില്ലെന്നാണ്. നിലവില്‍ കമ്പില്‍ വാര്‍ഡ് യു.ഡി.എഫിന്റെതാണ്. യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇവിടെ ഇതുവരെയായില്ല.