കൊട്ടിയൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും പഞ്ചായത്ത് പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ജയ്മോന്‍ കല്ലുപുരക്കകത്തിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഇദ്ദേഹത്തിന്റെതായി പറയുന്ന ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സണ്ണി ജോസഫ് എം.എല്‍.എ.യ്ക്ക് അയച്ച ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. ഒമ്പതാം വാര്‍ഡ് കൊട്ടിയൂരില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുതേടിയുള്ള ഇദ്ദേഹത്തിന്റെ പോസ്റ്ററും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

പാര്‍ട്ടിക്ക് അവമതിപ്പ് ഉളവാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും സ്ഥാനാര്‍ഥി നിര്‍ണയ ഉപസമിതിയും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ജയ്മോനെതിരേ അച്ചടക്കനടപടി സ്വീകരിച്ചത്.

സ്വന്തം നിലയില്‍ മത്സരിക്കും

തിരഞ്ഞെടുപ്പില്‍ ഒമ്പതാം വാര്‍ഡില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് ജയ്മോന്‍ പറഞ്ഞു. ശബ്ദസന്ദേശം അയച്ചത് ഞാന്‍തന്നെയാണ്. എന്നാല്‍ എം.എല്‍.എ.യ്ക്ക് അയച്ച സന്ദേശം പ്രചരിപ്പിച്ചത് താനല്ല. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്നറിയിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നും ഇദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകീട്ട് കൊട്ടിയൂരില്‍ നടന്ന മേല്‍ക്കമ്മിറ്റി യോഗത്തില്‍ വിളിച്ചുവരുത്തി യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് നേതാവ് മര്‍ദിച്ചെന്നും ജയ്മോന്‍ ആരോപിച്ചു. യുവാക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന് കെ.പി.സി.സി. നിര്‍ദേശമുണ്ടായിട്ടും കൊട്ടിയൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kerala local body Election 2020