കണ്ണൂര്‍ : എത്രയധികം മുന്‍കരുതലുകളെടുത്താലും വോട്ടിങ് യന്ത്രം പണിമുടക്കുന്നതും വോട്ടെടുപ്പ് വൈകുന്നതും വോട്ടെടുപ്പ് ദിനത്തിലെ പതിവുകാഴ്ച. തിങ്കളാഴ്ച ജില്ലയില്‍ യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകിയത് നിരവധി ബൂത്തുകളില്‍.
ചിലയിടങ്ങളില്‍ വോട്ടിങ് തുടങ്ങുന്നത് രണ്ടുമണിക്കൂര്‍വരെ വൈകി. മുഴപ്പിലങ്ങാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആളുമാറി വോട്ട് ചെയ്തതായി പരാതിയുയര്‍ന്നു. ആന്തൂര്‍ നഗരസഭയിലെ ഒന്‍പത്, 15 വാര്‍ഡുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണമുണ്ട്. പാപ്പിനിശ്ശേരി വെസ്റ്റില്‍ ബൂത്ത് ഏജന്റിനെ ഓടിച്ചതായും വോട്ടര്‍പട്ടിക പിടിച്ചുവാങ്ങിയതായും പരാതിയുയര്‍ന്നു. രാമന്തളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് യു.ഡി.എഫ്. ഏജന്റിനെ തല്ലിയോടിച്ചതായുമുണ്ട് പരാതി. ഇതെല്ലാം വോട്ടെടുപ്പിനെ അല്പനേരത്തേക്കെങ്കിലും ബാധിച്ചു.
* പോളിങ് ഓഫീസര്‍ക്ക് ശാരീരിക അസ്വസ്ഥത നേരിട്ടതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ നഗരസഭ 26-ാം വാര്‍ഡില്‍ 20 മിനിറ്റ് വൈകിയാണ് പോളിങ് തുടങ്ങിയത്. ഫസ്റ്റ് പോളിങ് ഓഫീസര്‍ കെല്‍ട്രോണിലെ ഹരികൃഷ്ണന് പകരക്കാരന്‍ എത്തിയശേഷമാണ് പോളിങ് ആരംഭിച്ചത്. ഹരികൃഷ്ണന് പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ ചികിത്സ നല്കി.
* പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് മറ്റൊരു പ്രിസൈഡിങ് ഓഫീസര്‍ ചുമതലയേറ്റു. പാനൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡിലെ പാനൂര്‍ ഈസ്റ്റ് യു.പി. സ്‌കൂളിലാണ് സംഭവം. കേരള ബാങ്ക് ഉദ്യോഗസ്ഥന്‍ പി.പി. പ്രദീപനാണ് മോക്‌പോള്‍ കഴിഞ്ഞയുടനെ ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ പരിഹാരം കണ്ടത്തിയതിനാല്‍ വോട്ടെടുപ്പ് ഏറെ വൈകിയില്ല.
* കണ്ണൂര്‍ കോര്‍പ്പറേഷനിലെ ചൊവ്വ ധര്‍മസമാജം സ്‌കൂളിലെ ഇരു ബൂത്തുകളിലും രാവിലെ ആറേമുക്കാലിനുതന്നെ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. ഒരു ബൂത്തിലെ യന്ത്രം പണിമുടക്കിയതിനാല്‍ വോട്ടിങ് തുടങ്ങിയത് 7.40-ന്. അപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതമായി.
* മാലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. മാലൂര്‍ യു.പി. സ്‌കൂളിലെ ബൂത്തിലാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. പുതിയ യന്ത്രം എത്തിച്ചതിനുശേഷം രണ്ടുമണിക്കൂര്‍ വൈകിയാണ് വോട്ടിങ് തുടങ്ങിയത്. സമാനമായ സംഭവം അഞ്ചാം വാര്‍ഡിലുമുണ്ടായി. ഉച്ചയ്ക്ക് 12.30-ഓടെ നിലച്ച വോട്ടെടുപ്പ് ഇവിടെയും പുനരാരംഭിച്ചത് രണ്ടുമണിക്കൂര്‍ കഴിഞ്ഞ്.
* ചെങ്ങളായി പഞ്ചായത്തിലെ 13-ാം വാര്‍ഡ് കൊയ്യം എല്‍.പി. സ്‌കൂളിലെ യന്ത്രം പണിമുടക്കിയത് രണ്ടുതവണ.
* കണ്ണപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ വോട്ടെടുപ്പ് യന്ത്രത്തകരാറിലെത്തുടര്‍ന്ന് തടസ്സപ്പെട്ടു.
* ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകിയത് ഒന്നരമണിക്കൂര്‍
* ചെമ്പിലോട് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ മൂന്ന് യന്ത്രങ്ങളും പണിമുടക്കി. ഏതാനും വോട്ടുകള്‍ രേഖപ്പെടുത്തിയശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒന്‍പതരയോടെ പോളിങ് പുനരാരംഭിച്ചു.
* രാമന്തളി പഞ്ചായത്തിലെ ഒന്ന്, 15 വാര്‍ഡുകളില്‍ പോളിങ്ങിനിടെ വോട്ടിങ് യന്ത്രം പണിമുടക്കി. ഒന്നാം വാര്‍ഡിലേതിന്റെ തകരാര്‍ പരിഹരിച്ചും 15-ാം വാര്‍ഡില്‍ പുതിയ യന്ത്രം സ്ഥാപിച്ചുമാണ് പോളിങ് പുനരാരംഭിച്ചത്.
* തലശ്ശേരി ചേറ്റംകുന്ന് എല്‍.പി. സ്‌കൂളിലെ ബൂത്തില്‍ തകരാറിനെത്തുടര്‍ന്ന് മുക്കാല്‍മണിക്കൂര്‍ പോളിങ് തടസ്സപ്പെട്ടു.
* ഏരുവേശ്ശി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മുയിപ്രയിലെ ബൂത്തിലും യന്ത്രം പണിമുടക്കി.
* പാപ്പിനിശ്ശേരി 16-ാം വാര്‍ഡിലെ ബൂത്ത് രണ്ടിലുമുണ്ടായി യന്ത്രത്തകരാറ്.
* കുറ്റിയാട്ടൂരില്‍ മൂന്നിടങ്ങളിലാണ് യന്ത്രം പണിമുടക്കിയത്.
* ന്യൂമാഹി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് അല്പസമയം വോട്ടെടുപ്പ് തടസ്സപ്പെട്ടു. നാലാം വാര്‍ഡ് ഏടന്നൂരില്‍ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍തന്നെ യന്ത്രം നിസ്സഹകരിച്ചു. ഒരുമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. 11-ാം വാര്‍ഡ് അഴീക്കലില്‍ വോട്ടെടുപ്പ് തുടങ്ങിയ ഉടനെ യന്ത്രം തകരാറിലായെങ്കിലും 20 മിനിറ്റിനകം വോട്ടെടുപ്പ് പരിഹാരംകണ്ടു.
* പടിയൂരിലും പെരുവംപറമ്പിലും വോട്ടിങ് മുടങ്ങിയത് മണിക്കൂറുകളോളം. പടിയൂര്‍ എസ്.എന്‍.എ.യു.പി. സ്‌കൂളിലെ പത്താം വാര്‍ഡ് രണ്ടാം ബൂത്തിലാണ് ഏറെ നേരം പോളിങ് മുടങ്ങിയത്. രാവിലെ പോളിങ് തുടങ്ങി 16 പേര്‍ വോട്ടുചെയ്ത ശേഷമാണ് യന്ത്രം തകരാറിലായത്. 11.30-ഓടെ പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടിങ് പുനരാരംഭിച്ചു.
* പെരുവംപറമ്പ് യു.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് യന്ത്രം തകരാറിലായത്. മൂന്നുപേര്‍ വോട്ടുചെയ്തശേഷമാണ് തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതര്‍ എത്തി പുതിയ യന്ത്രം സ്ഥാപിച്ച് 8.30-ഓടെ വോട്ടിങ് പുനരാരംഭിച്ചു.
* തലശ്ശേരി നഗരസഭ 38 ടെമ്പിള്‍ വാര്‍ഡിലെ മുബാറക് സ്‌കൂള്‍, തലശ്ശേരി നമ്പ്യാര്‍ പീടിക നഴ്‌സിങ് കോളേജ് , കൊട്ടിയൂര്‍ ചുങ്കക്കുന്ന് ഗവ യു.പി. സ്‌കൂള്‍, അടക്കാത്തോട് കുണ്ടേരി സാംസ്‌കാരിക നിലയം, ചെറുകുന്ന് 10-ാം വാര്‍ഡ് മുണ്ടപ്രം എന്നിവിടങ്ങളിലെ ബൂത്തുകളിലും യന്ത്രത്തകരാറുണ്ടായി.
* പിണറായി കിഴക്കും ഭാഗം ജൂനിയര്‍ ബേസിക് സ്‌കൂളിലെ ബൂത്ത് രണ്ടില്‍ വോട്ടെടുപ്പ് വൈകിയത് മൂന്നു മണിക്കൂര്‍. രാവിലെ 10.30 -ന് പണിമുടക്കിയ യന്ത്രത്തിന് ബദല്‍ സംവിധാനമുണ്ടാക്കി വോട്ടിങ്ങ് പുനരാരംഭിച്ചത് 1.30- ന്.
78.81ശതമാനം പോളിങ്
കണ്ണൂര്‍: ജനം രണ്ടും കല്‍പ്പിച്ചിറങ്ങി, കോവിഡ് മാറിനിന്നു. 5116 സ്ഥാനാര്‍ഥികളുടെ ഭാവി വോട്ടിങ് യന്ത്രത്തിനുള്ളിലായി. കണ്ണൂരില്‍ തിങ്കളാഴ്ച രാത്രി 10-20 ന്റെ കണക്കനുസരിച്ച 78.81 ശതമാനം പേര്‍ വോട്ടുചെയ്തു. ആകെ വോട്ടര്‍മാര്‍ 19.94 ലക്ഷമായിരുന്നു. വോട്ടു രേഖപ്പെടുത്തിയവരില്‍ 77.76 ശതമാനം പുരുഷന്‍മാരും 79.07 ശതമാനം സ്ത്രീകളുമാണ്.
അവസാന കണക്കില്‍ വോട്ടിങ് ശതമാനം ഉയര്‍ന്നേക്കാം. 2015-ലെ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ 81.83 ശതമാനവും നഗരസഭകളില്‍ 80.16 ശതമാനവും കോര്‍പ്പറേഷനില്‍ 74.75 ശതമാനവുമായിരുന്നു. ശരാശരി-77.6. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇക്കുറി 72.47 ശതമാനം പേര്‍ വോട്ടുചെയ്തതായാണ് പ്രാഥമിക കണക്ക്. ചില ബൂത്തുകളില്‍ രാത്രി എട്ടരയോടെയാണ് പോളിങ് അവസാനിച്ചത്. യന്ത്രത്തകരാറും വോട്ടര്‍മാരുടെ എണ്ണക്കൂടുതലുമാണ് ഇത്രയും വൈകിച്ചത്. വോട്ടിങ് യന്ത്രത്തിന്റെ പണിമുടക്കും ഇത്തവണയുണ്ടായി.
ഉച്ചവരെ വേഗത്തിലും ഉച്ചകഴിഞ്ഞ് മന്ദഗതിയിലുമായിരുന്നു പോളിങ്. കോവിഡ് ഭീതിയില്‍ ആദ്യം വോട്ടുചെയ്ത് പോകാന്‍ ആളുകള്‍ അതിരാവിലെ ബുത്തുകള്‍ക്ക് മുമ്പില്‍ ക്യൂനിന്നു. കോര്‍പ്പറേഷനില്‍പ്പെട്ട താഴെചൊവ്വ എല്‍.പി. സ്‌കൂളില്‍ പോളിങ് തുടങ്ങുംമുമ്പ് നൂറോളം പേര്‍ ക്യൂവിലുണ്ടായിരുന്നു. ചില ഗ്രാമ ബൂത്തുകളിലും ഇതായിരുന്നു സ്ഥിതി.
വിവിധതദ്ദേശസ്ഥാപനങ്ങളിലെ വോട്ടിങ് ശതമാനം
കണ്ണൂര്‍ കോര്‍പ്പറേഷന്‍-72.47; നഗരസഭകള്‍: തളിപ്പറമ്പ്-75.6, കൂത്തുപറമ്പ്-80.40, തലശ്ശേരി-74.35, പയ്യന്നൂര്‍-83.81, ഇരിട്ടി-85.36, പാനൂര്‍-73.27, ശ്രീകണ്ഠപുരം-80.27, ആന്തൂര്‍-89.38
ബ്ലോക്കുതല പോളിങ്: കല്യാശ്ശേരി-78, പേരാവൂര്‍-79.13, പയ്യന്നൂര്‍- 82.12, തളിപ്പറമ്പ്-81.59, ഇരിക്കൂര്‍-80.07, കണ്ണൂര്‍-75.10, എടക്കാട്-78.83, തലശ്ശേരി-79.85, കൂത്തുപറമ്പ്-79.14, പാനൂര്‍-78.43, ഇരിട്ടി-80.17.
ലഭ്യമായ ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം: ചെറുപുഴ-76.3, പെരിങ്ങോം-83.5, എരമംകുറ്റൂര്‍-83.94, കാങ്കോല്‍ ആലപ്പടമ്പ്-90.83, കരിവെള്ളൂര്‍ പെരളം-87.39, കുഞ്ഞിമംഗലം-79.52, രാമന്തളി-74.72.
പരിസ്ഥിതിസൗഹൃദം
തിരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമാക്കാന്‍ ജില്ലാ ശുചിത്വമിഷന്‍ നടത്തിയ ശ്രമം വലിയൊരളവുവരെ വിജയിച്ചതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എം.രാജീവ് അറിയിച്ചു. പോളിങ് സാമഗ്രികളുടെ വിതരണവും ശേഖരണവും നടക്കുന്ന 20 കേന്ദ്രങ്ങള്‍ പരിസ്ഥിതിസൗഹൃദമായാണ് സജ്ജീകരിച്ചിരുന്നത്. ഇതിനുപുറമെ 40 ബൂത്തുകളും പ്രകൃതിസൗഹൃദമായി സജ്ജീകരിച്ചിരുന്നു.