കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മേല്‍ക്കൈ നിലനിര്‍ത്തി ഇടതുമുന്നണി. കോര്‍പറേഷനില്‍ ഭരണം നഷ്ടമായെങ്കിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ സ്വാധീനത്തിന് ഇളക്കം തട്ടിയില്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന പ്രവചനാതീതമായ മത്സരത്തിനൊടുവില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണമുറപ്പിച്ചു.
കോര്‍പറേഷനില്‍ ഇരിപ്പുറപ്പിച്ച് യുഡിഎഫ്
2015ലെ തിരഞ്ഞെടുപ്പില്‍ 55 ഡിവിഷനുകളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ 27 സീറ്റ് വീതമാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. യുഡിഎഫ് വിമതനായ പികെ രാഗേഷിന്റെ പിന്തുണയില്‍ ആദ്യ രണ്ട് വര്‍ഷം എല്‍ഡിഎഫ് ഭരിച്ചു. പികെ രാഗേഷ് പിന്തുണ പിന്‍വലിച്ചതോടെ ബാക്കി മൂന്ന് വര്‍ഷം എല്‍ഡിഎഫും യുഡിഎഫും പങ്കിട്ടുഭരിക്കുകയായിരുന്നു. ഭരണം തുലാസ്സിലായതോടെ ഇത്തവണ വ്യക്തമായ ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുമുന്നണികളും. ഭരണം ലക്ഷ്യമിട്ട് യുഡിഎഫ് നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു. തിരഞ്ഞെടുപ്പില്‍ 34 സീറ്റുകളാണ് യുഡിഎഫ് നേടിയത്. 19 ഇടത്ത് എല്‍ഡിഎഫും വിജയിച്ചു. കോര്‍പറേഷനില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ഒരു ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.
2015ലെ യുഡിഎഫ് വിമതനും നിലവില്‍ ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷ് ഇക്കുറി യുഡിഎഫ് ടിക്കറ്റില്‍ ആലിങ്കീല്‍ ഡിവിഷനില്‍ നിന്ന് ജനവധി തേടിയിരുന്നു. 300ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പികെ രാഗേഷ് വിജയിച്ചത്. കെപിസിസി ജന.സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പള്ളിയമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ചു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍ സുകന്യ പൊടിക്കുണ്ട് വാര്‍ഡില്‍ നിന്ന് വിജയിച്ചു.
കണ്ണൂര്‍ കോര്‍പറേഷനിലെ കിഴുന്ന ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി സ്‌നേഹ പരാജയപ്പെട്ടു. 90 വോട്ടുകള്‍ മാത്രമാണ് സ്‌നേഹ നേടിയത്.
ജില്ലാ പഞ്ചായത്തില്‍ വിജയം ആവര്‍ത്തിച്ച് എല്‍ഡിഎഫ്
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തി. മത്സരം നടന്ന 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 16 സീറ്റില്‍ എല്‍ഡിഎഫും 7 സീറ്റില്‍ യുഡിഎഫും വിജയിച്ചു. എല്‍ഡിഎഫ്-19, യുഡിഎഫ് 5 എന്നിങ്ങനെയായിരുന്നു 2015ലെ സീറ്റ് നില.
നഗരസഭകളില്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി ഇരുമുന്നണികളും
തിരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളിലും ഇരു മുന്നണികളും 2015ലെ വിജയം ആവര്‍ത്തിച്ചു. ആന്തൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, ഇരിട്ടി എന്നീ നഗരസഭകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പാനൂര്‍ എന്നീ നഗരസഭകള്‍ യുഡിഎഫിനൊപ്പം നിന്നു. ആന്തൂര്‍ നഗരസഭയില്‍ 28 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭകളിലെ 289 വാര്‍ഡുകളില്‍ 85 വാര്‍ഡില്‍ യുഡിഎഫും 175 സീറ്റില്‍ എല്‍ഡിഎഫും 20 സീറ്റില്‍ ബിജെപിയും 9 ഇടത്ത് ഇതര സ്ഥാനാര്‍ഥികളും വിജയിച്ചു.
തളിപ്പറമ്പ് നഗരസഭ 30 ഡിവിഷനില്‍ മത്സരിച്ച വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ് പരാജയപ്പെട്ടു. 236 വോട്ടാണ് ലത സുരേഷിന് ലഭിച്ചത്. 140 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്.
തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയാണ് ലത സുരേഷ്. കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചത്. ഇവിടെ ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നില്ല.
ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി യുഡിഎഫ്
ആകെയുള്ള 11 പഞ്ചായത്തുകളിലും എല്‍ഡിഎഫിനായിരുന്നു ഭരണം. ഇക്കുറി ബ്ലോക്ക് തലത്തില്‍ നേരിയ മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിന് സാധിച്ചു. പതിനൊന്നില്‍ ഒരു ബ്ലോക്കില്‍ യുഡിഎഫ് വിജയിച്ചു. ഒമ്പതിടത്ത് എല്‍ഡിഎഫിനാണ് വിജയം. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് സീറ്റുകള്‍ വീതം എല്‍ഡിഎഫും യുഡിഎഫും നേടി. ഇവിടെ ഭരണം നറുക്കിട്ട് തീരുമാനിക്കും. പാനൂരിലും തലശ്ശേരിയിലും മുഴുവന്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫ് വിജയിച്ചു.
ഗ്രാമപഞ്ചായത്തിലും സീറ്റുകള്‍ കൂട്ടി എല്‍ഡിഎഫ്
71 ഗ്രാമപഞ്ചായത്തുകളിലായിരുന്നു മത്സരം. 2015ല്‍ 53 എല്‍ഡിഎഫ്, 19 യുഡിഎഫ് എന്നിങ്ങനെയായിരുന്നു സീറ്റ് നില.ഇത്തവണ സീറ്റ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചെങ്കിലും ചുരുക്കം ചില ഇടതുകോട്ടകളില്‍ അക്കൗണ്ട് തുറക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. എല്‍ഡിഎഫ് 56, യുഡിഎഫ് 15 എന്നിങ്ങനെയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഫലം. കടമ്പൂര്‍, നിടിയേങ്ങ തുടങ്ങിയ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി മലപ്പട്ടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു.
അതേസമയം 11 പഞ്ചായത്തുകളില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു. 20 വര്‍ഷമായി യുഡിഎഫ് ഭരിച്ച പയ്യാവൂർ പഞ്ചായത്ത് ഇക്കുറി എല്‍ഡിഎഫിനൊപ്പം നിന്നു. ഉദയഗിരി പഞ്ചായത്തിലുള്‍പ്പെടെ പല നഗരസഭാ ഡിവിഷനുകളിലും വാര്‍ഡുകളിലും കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് നിര്‍ണായകമായി.
Content Highlights: Kannur Local Body Election Result 2020