കണ്ണൂര്‍: നാമനിര്‍ദേശപത്രികാ സമര്‍പ്പണ സമയപരിധി കഴിഞ്ഞപ്പോള്‍ ജില്ലയില്‍ 15 ഇടത്ത് സി.പി.എം. സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. ആന്തൂര്‍ നഗരസഭയിലാണ് ആറുപേര്‍ക്ക് എതിരിലില്ലാത്തത്. തളിപ്പറമ്പ് നഗരസഭയില്‍ ഒരു വാര്‍ഡിലും മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചിലും കാങ്കോല്‍ ആലപ്പടമ്പില്‍ രണ്ടിലും കോട്ടയം പഞ്ചായത്തില്‍ ഒരിടത്തും ഒരോ പത്രികയേ ലഭിച്ചുള്ളൂ.

പരമ്പരാഗത സി.പി.എം. ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭയിലെ രണ്ട്, മൂന്ന്, പത്ത്, 11, 16, 24 എന്നീ വാര്‍ഡിലാണ് എതിരില്ലാത്തത്. വാര്‍ഡ് 2. മൊറാഴ - സി.പി. മുഹാസ്, 3. കാനൂല്‍ - എം. പ്രീത, 10. കോള്‍മൊട്ട - എം.പി. നളിനി, 11. നണിച്ചേരി- എം. ശ്രീഷ, 16. ആന്തൂര്‍- ഇ. അഞ്ജന, 24. ഒഴക്രോം- വി. സതീദേവി എന്നിവര്‍ക്കാണ് എതിരില്ലാത്തത്. സൂക്ഷ്മപരിശോധനയില്‍ ഇവരുടെ പത്രിക സ്വീകരിച്ചാല്‍ വിജയം ഉറപ്പായി. ഇതില്‍ മൊറാഴ, കാനൂല്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ കഴിഞ്ഞ തവണ മത്സരമുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ തവണ എതിരില്ലാതെ വിജയിച്ച അഞ്ചാംപീടിക, സി.എച്ച്. നഗര്‍, കോടല്ലൂര്‍, മുണ്ടപ്രം, മൈലാട്, പാളിയത്തുവളപ്പ്, പറശ്ശിനി, പൊടിക്കുണ്ട്, പുന്നക്കുളങ്ങര, തളിവയല്‍, വെള്ളിക്കല്‍, വേണിയില്‍ എന്നിവിടങ്ങളില്‍ ഇക്കുറി മറ്റു പാര്‍ട്ടികള്‍ പത്രിക നല്‍കിയിട്ടുണ്ട്.

നഗരസഭയില്‍ യു.ഡി.എഫ്. 19 വാര്‍ഡുകളിലും ബി.ജെ.പി. 13 ഇടത്തും പത്രിക നല്‍കി. യു.ഡി.എഫ്. മല്‍സരിക്കാത്ത കടമ്പേരി, കൊവ്വല്‍, സി.എച്ച്. നഗര്‍ എന്നീ വാര്‍ഡുകളില്‍ ബി.ജെ.പി.ക്ക് സ്ഥാനാര്‍ഥികളുണ്ട്. മുണ്ടപ്രം, ബക്കളം, പറശ്ശിനിക്കടവ്, തളിയില്‍, പൊടിക്കുണ്ട്, തളിവയല്‍, പുന്നക്കളങ്ങര, വേണിയില്‍, പണ്ണേരി തുടങ്ങിയ വാര്‍ഡുകളില്‍ ബി.ജെ.പി.ക്കും സ്ഥാനാര്‍ഥിയില്ല.

തളിപ്പറമ്പില്‍ കൂവോട്

തളിപ്പറമ്പ് നഗരസഭയില്‍ ഇരുപത്തിയഞ്ചാം വാര്‍ഡ് കൂവോട് സി.പി.എം. സ്ഥാനര്‍ഥി ഡി. വനജയ്ക്ക് എതിരാളിയില്ല. യു.ഡി.എഫില്‍ കോണ്‍ഗ്രസിനാണ് കൂവോട് സീറ്റ് കൊടുത്തിരുന്നത്. മുന്‍ കൗണ്‍സിലര്‍ ദീപ രഞ്ചിത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്തുണയ്ക്കാന്‍ ആളെ കിട്ടിയില്ല.

മലപ്പട്ടം പഞ്ചായത്തിലെ മൂന്ന്, അഞ്ച്, എട്ട്, ഒന്‍പത്, 11 വാര്‍ഡുകളിലാണ് സി.പി.എം. സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. മൂന്നാം വാര്‍ഡ് അഡുവാപ്പുറം നോര്‍ത്തില്‍ ടി.സി. സുഭാഷിണി, അഞ്ചാം വാര്‍ഡ് കരിമ്പീലില്‍ കെ.വി. മിനി, എട്ടാം വാര്‍ഡ് മലപ്പട്ടം ഈസ്റ്റില്‍ കെ.പി. രമണി, ഒന്‍പതാം വാര്‍ഡ് മലപ്പട്ടം വെസ്റ്റില്‍ ടി.കെ. സുജാത, പതിനൊന്നാം വാര്‍ഡ് കൊവുന്തല കെ.സജിത എന്നിവര്‍ക്കാണ് എതിരില്ലാത്തത്. കഴിഞ്ഞ തവണ ഒരു വാര്‍ഡില്‍ മാത്രമാണ് എല്‍.ഡി.എഫ്. എതിരില്ലാതെ ജയിച്ചത്.

കാങ്കോല്‍ ആലപ്പടമ്പില്‍ രണ്ടിടത്ത്

കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് കരിങ്കുഴിയിലെ ഇ.സി. സതി, വാര്‍ഡ് 11 താഴെക്കുറുന്തിലെ കെ. പത്മിനി എന്നിവരെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്.

ആകെ 14 വാര്‍ഡുകളാണിവിടെയുള്ളത്. കോട്ടയം ഗ്രാമപ്പഞ്ചായത്തില്‍ മൂന്നാം വാര്‍ഡായ പുറക്കളത്ത് സി.പി.എമ്മിലെ കെ. സഞ്ജയന് എതിരില്ല. പട്ടികജാതി സംവരണ വാര്‍ഡാണ് പുറക്കളം.