കണ്ണൂര്‍ : ജില്ലയലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരെണ്ണം ലഭിച്ചാല്‍പോലും യു.ഡി.എഫിന് നേട്ടമാണ്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പേരിന് ഒരു ബ്ലോക്ക് പഞ്ചായത്ത് പോലും യു.ഡി.എഫിന് ലഭിച്ചില്ല. ഇക്കുറി എതിരാളികളുടെ സമ്പൂര്‍ണ ആധിപത്യത്തിന് മറുപടി കൊടുക്കാനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. അതേ സമയം ബ്ലോക്കില്‍ യു.ഡി.എഫിന് ഒന്നും ചെയ്യാനാവില്ലെന്നും പഴയനില തുടരുക മാത്രമല്ല, അവര്‍ക്ക് വന്‍തോതില്‍ സീറ്റുകള്‍ കുറയുമെന്നും എല്‍.ഡി.എഫ്. പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ ലഭിച്ച ഡിവിഷനുകളുടെ കണക്ക് മാത്രം നോക്കിയാലും യു.ഡി.എഫ്. ബഹുദൂരം പിറകിലാണെന്ന് കാണാം. 11 ബ്ലോക്കുകളിലായി ആകെയുള്ള 149 ഡിവിഷനുകളില്‍ 107 എല്‍.ഡി.എഫ്. നേടി. അതില്‍ 95 സി.പി.എം. ഒറ്റയ്ക്കാണ്. യു.ഡി.എഫിന് ലഭിച്ചതാവട്ടെ 42 എണ്ണം. അതില്‍ കോണ്‍ഗ്രസിന് മാത്രം 30, ലീഗിന് ഏഴും.

മറ്റു കക്ഷികളുടെ നിലകൂടി നോക്കാം എല്‍.ഡി.എഫില്‍ പ്രധാന ഘടകകക്ഷിയായ സി.പി.ഐ.ക്ക് ഒന്‍പത് ഡിവിഷന്‍ ലഭിച്ചപ്പോള്‍ എന്‍.സി.പി., ഐ.എന്‍.എല്‍., ഇടത് സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഓരോന്നു വീതം ലഭിച്ചു. യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസിന് മൂന്നും . എല്‍.ജെ.ഡി.ക്ക് രണ്ടും ലഭിച്ചു. ഇക്കുറി കേരളാ കോണ്‍ഗ്രസ് മാണിവിഭാഗവും എല്‍.ജെ.ഡി.യും എല്‍.ഡി.എഫിനൊപ്പമാണ്. മലയോരമേഖല ഉള്‍പ്പെടെയുള്ള ചില ഡിവിഷനുകളില്‍ അത് എല്‍.ഡി.എഫിന് ഗുണം ചെയ്‌തേക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു .

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാനൂര്‍, തലശ്ശേരി ബ്ലോക്കുകളില്‍ എല്‍.ഡി.എഫിന് സമ്പൂര്‍ണവിജയമാണ്. പാനൂരില്‍ 13-ല്‍ 13-ഉം തലശ്ശേരിയില്‍ 14-ല്‍ 13-ഉം അവര്‍ക്ക് ലഭിച്ചു. പാനൂര്‍ മേഖലയിലാണ് എല്‍.ജെ.ഡിയുടെ ശക്തികേന്ദ്രം.

ഇരിട്ടി, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, എടക്കാട് എന്നീ ബ്‌ളോക്ക് പഞ്ചായത്തുകളില്‍ തങ്ങള്‍ക്കായിരിക്കും ഭൂരിപക്ഷമെന്ന് യു.ഡി.എഫ്. പറയുന്നു.

കഴിഞ്ഞതവണത്തെ ബലാബലം വെച്ചുകൊണ്ടാണ് ഈ കണക്കുകൂട്ടല്‍. തങ്ങള്‍ക്കുണ്ടായ പാളിച്ചകളാണ് ബ്ലോക്ക് നഷ്ടപ്പെടാന്‍ കാരണം. പലസ്ഥലത്തും ചെറിയ വോട്ടുകള്‍ക്കാണ് തോറ്റത് ഇക്കുറി പല ബ്ലോക്കുകളിലും കൂടുതല്‍ ഡിവിഷനുകള്‍ സ്വന്തമാക്കും അവര്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തുടങ്ങിയ വിഭാഗത്തിലെ തിരഞ്ഞെടുപ്പ് ആവേശം പലപ്പോഴും ബ്ലോക്കില്‍ കാണുന്നില്ലെന്ന ഒരു ആക്ഷേപമുണ്ട്. അതിനാല്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനം ഗ്രാമത്തിലുള്ള അത്ര ബ്ലോക്കില്‍ പ്രകടമല്ലെന്നു പറയുന്നു.

വിമതശല്യം, താത്പര്യമില്ലായ്മ, കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര്, ലീഗുമായി ചിലസ്ഥലത്തുള്ള ഇടച്ചില്‍ എല്ലാം ബ്ലോക്കിലെ ഫലങ്ങളെ ബാധിച്ചതായി യു.ഡി.എഫ്. പറയുന്നു. കഴിഞ്ഞ തവണ പേരാവൂര്‍ ബ്ലോക്കില്‍ 13-ല്‍ അഞ്ചും ഇരിട്ടിയില്‍ 13-ല്‍ അഞ്ചും യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്.

സാധാരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുന്നത് എല്‍.ഡി.എഫാണ്. ബ്ലോക്കിലെ വികസനപ്രവര്‍ത്തനങ്ങളില്‍ എന്നും എല്‍.ഡി.എഫ്. മുന്‍പന്തിയിലാണ്. അതിന്റെ ഫലം ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്- എല്‍.ഡി.എഫ്. നേതാക്കള്‍ പറയുന്നു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച വിജയം തന്നെയാണ് അവര്‍ കണക്കുകൂട്ടുന്നത്.ബ്ലോക്ക് പഞ്ചായത്ത്

ആകെ ബ്ലോക്കുകള്‍.....11

  • എല്‍.ഡി.എഫ്...................11
  • യു.ഡി.എഫ്.........................0