കണ്ണൂര്‍: കോര്‍പ്പറേഷനിലെ വന്‍ പിറകോട്ടടിയും ശ്രീകണ്ഠപുരം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ തകര്‍ന്നതും ജില്ലയില്‍ ആഹ്ലാദത്തിനിടയിലും എല്‍.ഡി.എഫില്‍ മ്ലാനത പരത്തി. ജില്ലാ പഞ്ചായത്തിലും ഗ്രാമപ്പഞ്ചായത്തുകളിലും കൂടുതല്‍ കരുത്തോടെ വിജയം ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു.
ഇഞ്ചിനിഞ്ച് പോരാട്ടം നടന്ന കോര്‍പ്പറേഷനിലും ശ്രീകണ്ഠപുരം നഗരസഭയിലും കൂടുതല്‍ ശോഭയോടെ വിജയം ആവര്‍ത്തിക്കാനായത് യു.ഡി.എഫിന് ആത്മവിശ്വാസമുയര്‍ത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വീണ്ടെടുക്കാനും ഇരിക്കൂറില്‍ സമനില പിടിക്കാന്‍ കഴിഞ്ഞതും നേട്ടമായി.
കോര്‍പ്പറേഷനില്‍ പഴയ മുനിസിപ്പല്‍ മേഖല, പള്ളിക്കുന്ന്, പുഴാതി മേഖലകള്‍ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായതിനാല്‍ യു.ഡി.എഫിന് അനായാസ വിജയമുണ്ടാകുമെന്ന് 2015-ലെ തിരഞ്ഞെടുപ്പ് കാലത്ത് കരുതിയെങ്കിലും തുല്യനിലയിലെത്താനും യു.ഡി.എഫ്. വിമതസഹായത്തോടെ നാലുവര്‍ഷം ഭരിക്കാനുമായതിനാല്‍ ഇത്തവണ എല്‍.ഡി.എഫ്. വിജയം ആശിച്ചതാണ്.
എന്നാല്‍ കൃത്യമായ സംഘാടനത്തിലൂടെയും സൂക്ഷ്മമായ പ്രവര്‍ത്തനത്തിലൂടെയും പ്രതീക്ഷിച്ചതിലുമപ്പുറം വിജയം നേടാന്‍ യു.ഡി.എഫിന് സാധിച്ചു. എല്‍.ഡി.എഫിനാകട്ടെ വലിയ തിരിച്ചടിയാണുണ്ടായത്.
പ്രതീക്ഷത്ര വിജയമുണ്ടാക്കാനായില്ലെങ്കിലും ബി.ജെ.പി.ക്ക് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറക്കാനും തളിപ്പറമ്പ് നഗരസഭയില്‍ ഒന്നില്‍നിന്ന് മൂന്ന് സീറ്റായും തലശ്ശേരി നഗരസഭയില്‍ അഞ്ചില്‍നിന്ന് എട്ടായും (കഴിഞ്ഞ് തവണ ആറിടത്ത് ജയിച്ചത് പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് നഷ്ടപ്പെട്ടു)സീറ്റ് വര്‍ധിപ്പിക്കാനായി. എസ്.ഡി.പി.ഐ. പലേടത്തും സാന്നിധ്യമുറപ്പിച്ചുവെന്നതാണ് മറ്റൊരു ഫലം. മുഴപ്പിലങ്ങാട് നാല്, മാട്ടൂലില്‍ മൂന്ന്, ഇരിട്ടി നഗരസഭയില്‍ മൂന്ന് എന്നിങ്ങനെ വിജയിച്ച് അവര്‍ കോര്‍പ്പറേഷനിലെ ചില വാര്‍ഡുകളില്‍ നിര്‍ണായക ശക്തിയായി.
കേരള കോണ്‍ഗ്രസ്-എമ്മും എല്‍.ജെ.ഡി.യും എല്‍.ഡി.എഫിന്റെ ഭാഗമായത് പല മേഖലകളിലും കൂടുതല്‍ ശക്തി പകര്‍ന്നു. മലയോരമേഖലയില്‍ എല്‍.ഡി.എഫിന് വലിയ നേട്ടമായി. ചെറുപുഴ, ഉദയഗിരി, പയ്യാവൂര്‍, കണിച്ചാര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വിജയം നേടാനായത് കേരള കോണ്‍ഗ്രസ്-എം മുന്നണിയിലെത്തിയതിനാലാണ്.
പഞ്ചായത്തായിരുന്നപ്പോല്‍ എല്‍.ഡി.എഫിനൊപ്പമായിരുന്ന ശ്രീകണ്ഠപുരം 2015-ല്‍ നഗരസഭയായപ്പോഴാണ് യു.ഡി.എഫ് നേടിയത്. ഇത്തവണ വിജയം ഉറപ്പാണെന്ന് എല്‍.ഡി.എഫ്. അവകാശപ്പെട്ടിരുന്നെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. വിജയം ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം ഇരിട്ടി നഗരസഭയില്‍ കഴിഞ്ഞതവണത്തേതിനേക്കാള്‍ ഒരുസീറ്റ് കൂടുതല്‍ നേടിയെങ്കിലും തനിച്ച് ഭൂരിപക്ഷമെന്ന ലക്ഷ്യം കൈവരിക്കാനായില്ല. ഭരണത്തിലെത്തണമെങ്കില്‍ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടിവരുമെന്ന പ്രശ്‌നവും മുന്നണിയെ തുറിച്ചുനോക്കുന്നു. കാരണം 14 സീറ്റ് എല്‍.ഡി.എഫും 11 യു.ഡി.എഫും അഞ്ച് ബി.ജെ.പി.യും മൂന്ന് എസ്.ഡി.പി.ഐ.യുമാണ് നേടിയത്. ബി.ജെ.പി.ക്ക് സീറ്റ് വര്‍ധിക്കുമെന്നും അതനുസരിച്ച് മുന്നണികളുടെ ബലാബലത്തില്‍ മാറ്റം വരുമെന്നുമാണ് കരുതിയത്. എന്നാല്‍ ബി.ജെ.പി.ക്ക് കൂടുതല്‍ സീറ്റ് ലഭിച്ചില്ല.
ആന്തൂരില്‍ സമ്പൂര്‍ണവിജയം നേടിയ എല്‍.ഡി.എഫ്. കൂത്തുപറമ്പിലും വന്‍ വിജയമാണ് നേടിയത്.
28-ല്‍ ഓരോ സീറ്റ് മാത്രമാണ് കൂത്തുപറമ്പില്‍ യു.ഡി.എഫിനും ബി.ജെ.പി.ക്കും കിട്ടിയത്. തളിപ്പറമ്പ്, പാനൂര്‍ നഗരസഭകളില്‍ എല്‍.ഡി.എഫിന് മുന്‍തവണത്തേക്കാള്‍ ഓരോ സീറ്റ് വര്‍ധിച്ചെങ്കിലും യു.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുകയായിരുന്നു.
ജില്ലാ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തിയ എല്‍.ഡി.എഫിന് മിക്ക സീറ്റിലും വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. മുന്നണി വിട്ട് കേരളാ കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡി.യും നേടിയ രണ്ട് സീറ്റ് ഒഴിവാക്കിയാല്‍ ഏഴ് സീറ്റാണ് കഴിഞ്ഞതവണ യു.ഡി.എഫിനുണ്ടായിരുന്നത്. തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെതന്നെ അത്രയും സീറ്റ് നേടാന്‍ സാധിച്ചത് നേട്ടമാണെന്ന് യു.ഡി.എഫ്. നേതൃത്വം പറയുന്നു.