ശ്രീകണ്ഠപുരം: നഗരസഭയിലെ ചേപ്പറമ്പ്, നിടിയേങ്ങ, പെരുവുഞ്ഞി, നിടിയേങ്ങ കവല എന്നീ വാര്‍ഡുകളിലെ യു.ഡി.എഫ്. സ്ഥാനാര്‍ള്‍ക്കും ചീഫ് ഏജന്റുമാര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും പോലീസ് സംരക്ഷണം നല്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥാനാര്‍ഥികളായ കെ.പി. ലിജേഷ്, കെ.വി. കുഞ്ഞിരാമന്‍, അമ്പിളി സെബാസ്റ്റ്യന്‍, ജോസഫീന വര്‍ഗീസ് എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാന്‍ ഉത്തരവായത്. നിടിയേങ്ങ സ്‌കൂളിലെ ബൂത്തുകളില്‍ വീഡിയോ ക്യാമറ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞകാലങ്ങളില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം. ആക്രമണമുണ്ടായെന്നും സുരക്ഷയൊരുക്കണമെന്നും കാണിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ അഭിഭാഷകന്‍ ശ്രീവിനായകന്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. ഭരണസ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടതുപക്ഷത്തിനുള്ള താക്കീതാണ് കോടതിവിധിയെന്നും ശ്രീകണ്ഠപുരം നഗരഭരണം യു.ഡി.എഫ്. നിലനിര്‍ത്തുമെന്നും നാലു വാര്‍ഡുകളിലേയും തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന പി.വി. ജയന്‍, പി.ടി. കുര്യാക്കോസ്, നിടിയേങ്ങ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന പി.ഐ. മാത്യു, എം. പ്രകാശന്‍, എന്‍. പ്രമോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഏരുവേശ്ശി എട്ടാം വാര്‍ഡില്‍ കര്‍ശന സുരക്ഷ നല്‍കണം

ശ്രീകണ്ഠപുരം: കള്ളവോട്ട് കേസ് വിവാദം നിലനില്‍ക്കുന്ന ഏരുവേശ്ശി എട്ടാം വാര്‍ഡില്‍ ഇത്തവണ കര്‍ശന സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി ഉത്തരവ്. വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മധു തൊട്ടിയില്‍ അഭിഭാഷകരായ വി.എ. സതീശന്‍, വി.ടി. മാധവനുണ്ണി എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ 58 കള്ളവോട്ട് ചെയ്തതായി കാണിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളി കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിയാക്കിയിരുന്നു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം സാഹചര്യം ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സ്ഥാനാര്‍ഥി തന്നെ കോടതിയെ സമീപിച്ചത്. വോട്ടര്‍മാര്‍ വീട്ടില്‍ നിന്നിറങ്ങി വോട്ട് ചെയ്ത് തിരിച്ച് വീട്ടിലെത്തുന്നതു വരെ സുരക്ഷ നല്‍കണം. സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് സ്ഥാനാര്‍ഥി മധു തൊട്ടിയില്‍, എം.സി. രാജേഷ്, എം.സി. മഹേഷ്, സോയിച്ചന്‍ കുളത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.