ശ്രീകണ്ഠപുരം: 22 വര്‍ഷത്തിനുശേഷം പയ്യാവൂര്‍ പഞ്ചായത്തില്‍ ഇടത് ഭരണം. കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെയും ഉള്‍പ്പെടെ വാര്‍ഡുകള്‍ പിടിച്ചാണ് ഇടതുപക്ഷം ചരിത്രവിജയം നേടിയത്. 1998-ല്‍ കോണ്‍ഗ്രസിലെ തമ്മിലടിയെത്തുടര്‍ന്ന് എ ഗ്രൂപ്പിന്റെ പിന്തുണയോടെ സി.പി.എമ്മിലെ ടി.എം.ജോഷി നാമമാത്രകാലം പ്രസിഡന്റായതിന് ശേഷം പിന്നീട് ഇപ്പോഴാണ് ഇടതിന് ഭരണം കിട്ടുന്നത്.

ഇത്തവണയും കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി തന്നെയാണ് എല്‍.ഡി.എഫ്. നേട്ടത്തിന് വഴിയൊരുക്കിയത്. എല്‍.ഡി.എഫ്.-9, യു.ഡി.എഫ്.-6, സ്വത.-1 എന്നിങ്ങനെയാണ് കക്ഷിനില. പല വാര്‍ഡുകളിലും യു.ഡി.എഫ്. വോട്ട് ഭിന്നിച്ചത് കോണ്‍ഗ്രസ് തോല്‍വിക്ക് കാരണമായി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിജയം എല്‍.ഡി.എഫ്. ക്യാമ്പിന് ആവേശം ഇരട്ടിപ്പിച്ചിരിക്കുകയാണ്. 16-ാം വാര്‍ഡായ വഞ്ചിയത്തുനിന്ന് 20 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച സി.പി.എമ്മിലെ സാജു സേവ്യര്‍ പ്രസിഡന്റാകും.