പയ്യന്നൂര്‍: ചരിത്രം തിരുത്തപ്പെട്ടില്ല, പയ്യന്നൂര്‍ നഗരസഭയില്‍ ഭരണത്തുടര്‍ച്ച നേടി എല്‍.ഡി.എഫ്. കഴിഞ്ഞ വര്‍ഷത്തേക്കാല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചാണ് എല്‍.ഡി.എഫ്. നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. 44 സീറ്റുകളില്‍ 35 എണ്ണത്തിലും വിജയം. കഴിഞ്ഞ തവണ 11 സീറ്റുകളില്‍ വിജയം നേടിയ യു.ഡി.എഫ്. ഇത്തവണ എട്ടായി ചുരുങ്ങി.

2015-ലെ തിരഞ്ഞെടുപ്പിനെക്കാള്‍ രണ്ട് സീറ്റുകളാണ് കോണ്‍ഗ്രസിന് പയ്യന്നൂരില്‍ നഷ്ടമായത്. മൂന്ന് സീറ്റുകളുണ്ടായിരുന്ന ലീഗ് രണ്ടായി ചുരുങ്ങി. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന സീറ്റുകളായ കണിയേരി, ചിറ്റാരിക്കൊവ്വല്‍, പെരുമ്പ, കൊറ്റി, തായിനേരി വെസ്റ്റ്, അന്നൂര്‍, കിഴക്കേക്കൊവ്വല്‍ എന്നിവ എല്‍.ഡി.എഫ്. പിടിച്ചെടുത്തപ്പോള്‍ ടെമ്പിള്‍ വാര്‍ഡ്, ഗ്രാമം ഈസ്റ്റ്, കേളോത്ത് നോര്‍ത്ത് എന്നിവ യു.ഡി.എഫ്. പിടിച്ചെടുത്തു. കേളോത്ത് നോര്‍ത്തില്‍ കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പമായിരുന്ന എല്‍.ജെ.ഡി. മത്സരിച്ച് വിജയിച്ച വാര്‍ഡായിരുന്നു. പിന്നീട് എല്‍.ജെ.ഡി. എല്‍.ഡി.എഫില്‍ ലയിച്ചതോടെ യു.ഡി.എഫിന് നഷ്ടമാവുകയായിരുന്നു.

അതേസമയം 33-ാം വാര്‍ഡില്‍ ലീഗ് മത്സരിപ്പിക്കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച എം. ബഷീര്‍ വിജയിച്ചത് ലീഗിന് തിരിച്ചടിയായി. പാര്‍ട്ടി സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് മുന്‍ കൗണ്‍സിലര്‍കൂടിയായ തായിനേരി വെസ്റ്റില്‍ വിമതനായി മത്സരിക്കുന്നത്. ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥിയേക്കാള്‍ ജനകീയപിന്തുണ തനിക്കുണ്ടെന്ന് ബഷീര്‍ തിരഞ്ഞെടുപ്പില്‍ തെളിയിക്കുകയായിരുന്നു. ഇനി ബഷീറിന്റെ നിലപാട് ലീഗിന് നിര്‍ണായകമാവും.

19 വാര്‍ഡുകളില്‍ മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് കാര്യമായ ചലനമുണ്ടെങ്കിലും 42-ാം വാര്‍ഡില്‍ 94 വോട്ടും 26-ാം വാര്‍ഡില്‍ 75 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചു.

10-ാം വാര്‍ഡായ കാനായി നോര്‍ത്തില്‍നിന്ന് ജയിച്ച എല്‍.ഡി.എഫിലെ കെ.എം.കെ.എം. സുലോചനയ്ക്കാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമുള്ളത്. 807 വോട്ട്. 35-ാം വാര്‍ഡ് മുച്ചിലോട്ടുനിന്ന് വിജയിച്ച എല്‍.ഡി.എഫിലെ തന്നെ വി. ബാലനാണ് കുറഞ്ഞ ഭൂരിപക്ഷം. ആറുവോട്ടിന്റെ വ്യത്യാസത്തിലാണ് ബാലന്‍ വിജയിച്ചുകയറിയത്.

എല്‍.ഡി.എഫിലും യു.ഡി.എഫിലും മത്സരിച്ച പ്രമുഖ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ് അന്നൂര്‍ കിഴക്കേകൊവ്വലിലും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ഗോപിനാഥ് കണ്ടങ്കാളി നോര്‍ത്തിലും പരാജയപ്പെട്ടു. നഗരസഭ അരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന എം. സഞ്ജീവന്‍ ഗ്രാമം വെസ്റ്റിലും എന്‍.സി.പി. ജില്ലാ സെക്രട്ടറി എ.വി. തമ്പാന്‍ തായിനേരി വെസ്റ്റിലും കോണ്‍ഗ്രസ് എസ് ജില്ലാ നിര്‍വാഹകസമിതി അംഗം പി. ജയന്‍ ശാന്തിഗ്രാമത്തിലും മത്സരിച്ച് പരാജയപ്പെട്ടു.