കണ്ണൂര്‍: ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം. തലശ്ശേരി, കൂത്തുപറമ്പ്, ആന്തൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ്. നിലനിര്‍ത്തിയപ്പോള്‍ പാനൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നിവ യു.ഡി.എഫും നിലനിര്‍ത്തി. ഇരിട്ടിയില്‍ കഴിഞ്ഞതവണത്തെപ്പോലെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. എല്‍.ഡി.എഫിന് 14-ഉം യു.ഡി.എഫിന് 11-ഉം ലഭിച്ചു. ഇവിടെ ബി.ജെ.പി. അഞ്ച് വാര്‍ഡ് പിടിച്ചപ്പോള്‍ എസ്.ഡി.പി.ഐ. മൂന്നുസീറ്റ് പിടിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരിട്ടിയില്‍ ഭരണം യു.ഡി.എഫിന് ലഭിച്ചെങ്കിലും ലീഗുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ ഭരണം എല്‍.ഡി.എഫിന്റെ കൈയിലെത്തുകയായിരുന്നു. ശ്രീകണ്ഠപുരത്തും ഇക്കുറി ഭരണം പിടിക്കാമെന്ന് എല്‍.ഡി.എഫ്. കരുതിയിരുന്നെങ്കിലും നടന്നില്ല. ശ്രീകണ്ഠപുരത്ത് കഴിഞ്ഞതിനെക്കാള്‍ മെച്ചപ്പെട്ട വിജയമാണ് യു.ഡി.എഫിനുണ്ടായത്. ആന്തൂരില്‍ ആകെയുള്ള 28-ല്‍ മുഴുവന്‍ സീറ്റും എല്‍.ഡി.എഫിന് ലഭിച്ചു. കൂത്തുപറമ്പില്‍ ആകെയുള്ള 28-ല്‍ 26-ഉം എല്‍.ഡി.എഫിന് ലഭിച്ചു. ഓരോ സീറ്റ് യു.ഡി.എഫിനും ബി.ജെ.പി.ക്കും ലഭിച്ചു.