കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജില്ലയില്‍ യു.ഡി.എഫിനെക്കാള്‍ അധികം നേടിയത് 222,127 വോട്ട്. ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവയിലെ വോട്ടുകള്‍ കണക്കാക്കുമ്പോഴാണിത്. ഇടതുമുന്നണി ആകെ 787,735 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫിന് 565,608 വോട്ടാണ് കിട്ടയത്. ബി.ജെ.പി. 174,227 വോട്ട് നേടി. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ വാര്‍ഡുകള്‍ ഒഴിവാക്കി 1,994,409 വോട്ടര്‍മാരായിരുന്നു ആകെ. ഇതില്‍ 1,571,887 പേരാണ് വോട്ട് ചെയ്തത്.

ഇടതുമുന്നണിക്ക് 50.11 ശതമാനം വോട്ടുകിട്ടി. യു.ഡി.എഫിന് 35.98 ശതമാനവും ബി.ജെ.പി.ക്ക് 11.08 ശതമാനവും വോട്ടാണ് കിട്ടിയത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡിലെ വോട്ടര്‍മാരെ കൂടി കണക്കാക്കിയാല്‍ ഇടതുമുന്നണിയുടെ വോട്ട് ശതമാനം ഉയരും.

kannur

ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വോട്ടുനില അനുസരിച്ച് ഗ്രാമമേഖലയില്‍ ഇടതുമുന്നണിക്ക് 191,620 വോട്ടിന്റെ ലീഡുണ്ട്. അവര്‍ 609,041 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫ്. 417,421 വോട്ടും ബി.ജെ.പി.125,675 വോട്ടുമാണ് നേടിയത്. 55 വാര്‍ഡുള്ള കോര്‍പ്പറേഷനില്‍ 34 വാര്‍ഡുനേടി ഭരണം പിടിച്ച യു.ഡി.എഫ്. 2253 വോട്ടിന്റെ ലീഡ് നേടി. യു.ഡി.എഫിന് 57118 വോട്ടും എല്‍.ഡി.എഫിന് 54865 വോട്ടുമാണ് ആകെ കിട്ടിയത്. ഒരു സീറ്റ് നേടിയ ബി.ജെ.പി. അടങ്ങുന്ന എന്‍.ഡി.എ. മത്സരിച്ച 44 വാര്‍ഡിലും കൂടി 15184 വോട്ടുനേടി.

തിരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ നാലിടത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച ഇടതുമുന്നണിക്ക് ഇരിട്ടിയില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും യു.ഡി.എഫിനെക്കാള്‍ 925 വോട്ട് അധികം കിട്ടി. കൂത്തുപറമ്പില്‍ മൂന്നിരട്ടിയോളം വോട്ടാണ് കൂടുതല്‍ കിട്ടിയത്. ആന്തൂരില്‍ അഞ്ചിരട്ടിയോളമുണ്ട്. പയ്യന്നൂരിലും വലിയ അന്തരം കാണാം. യു.ഡി.എഫിന് ഭരണം കിട്ടിയ തളിപ്പറമ്പില്‍ അവര്‍ ഇടതുമുന്നണിയെക്കാള്‍ ഇരിട്ടിയോളം വോട്ട് അധികം നേടി. പക്ഷേ, ശ്രീകണ്ഠപുരം, പാനൂര്‍ നഗരസഭകളില്‍ രണ്ടായിരത്തോളമേ വ്യത്യാസമുള്ളൂ. നഗരസഭകളില്‍ ആകെയുള്ള 289 വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. 175 ഇടത്ത് വിജയിച്ചപ്പോള്‍ യു.ഡി.എഫ്. 85 വാര്‍ഡുകള്‍ പിടിച്ചു. പാതിയോളം മാത്രം. ബി.ജെ.പി.ക്ക് 20 വാര്‍ഡുകള്‍ കിട്ടി.

ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തിലും ഇടതുമേധാവിത്വം കാണാം. 71 ഗ്രാമപ്പഞ്ചായത്തുകളിലുമായി ആകെയുള്ള 1166 വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. 796 ഇടത്ത് വിജയിച്ചപ്പോള്‍ യു.ഡി.എഫ്. 324 വാര്‍ഡുകള്‍ കൊണ്ട് തൃപ്തിപ്പെട്ടു. കഴിഞ്ഞ തവണ യു.ഡി.എഫിന് 362, എല്‍.ഡി.എഫ്. 771 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞതവണ 16 വാര്‍ഡില്‍ വിജയിച്ച ബി.ജെ.പി. ഇക്കുറി 25 ഇടത്ത് വിജയിച്ച് ആശ്വാസംകൊണ്ടു.

ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍

എല്‍.ഡി.എഫിന് 796

യു.ഡി.എഫിന് 324

ആകെ പോള്‍ ചെയ്ത വോട്ടില്‍ പകുതിയിലേറെ ഇടതുമുന്നണിക്ക്

ആകെ വോട്ട് - 1,994,409 പോള്‍ ചെയ്തത് - 1,571,887