കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി.ക്ക് വന്‍ നേട്ടം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 31 സീറ്റ് ലഭിച്ചപ്പോള്‍ ഇക്കുറി അത് 46 ആയി ഉയര്‍ന്നു. തലശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് ലഭിച്ച് മുഖ്യപ്രതിപക്ഷവുമായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യവിജയം തന്നെ പള്ളിക്കുന്നില്‍ ബി.ജെ.പി.യുടേതായിരുന്നു. എല്‍.ഡി.എഫിനെ മൂന്നാംസ്ഥാനത്താക്കിയാണ് ബി.ജെ.പി.യിലെ വി.കെ.ഷൈജു വിജയിച്ചത്. ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജയകൃഷ്ണനായിരുന്നു.

നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലുമായി വന്‍തോതില്‍ വോട്ട് വര്‍ധിച്ചിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ടെമ്പിള്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രണ്ടാമത് വന്നത് 646 വോട്ടോടെ ബി.ജെ.പി.യാണ്. കോണ്‍ഗ്രസിന് 895 വോട്ട് ലഭിച്ചു. മൂന്നാംസ്ഥാനത്തായ സി.പി.എമ്മിന് 145 വോട്ടാണ് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ മണ്ഡലമുള്‍പ്പെടുന്ന ധര്‍മടം പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ ചിറക്കല്‍ പഞ്ചായത്തിലും ബി.ജെ.പി. സാന്നിധ്യമുറപ്പിച്ചു.

ബി.ജെ.പി. വിജയിച്ച സീറ്റുകളുടെ എണ്ണം: തലശ്ശേരി നഗരസഭ (8), ഇരിട്ടി നഗരസഭ (5), തളിപ്പറമ്പ് നഗരസഭ (3), പാനൂര്‍ നഗരസഭ (3), കുന്നോത്ത് പറമ്പ് (3), തൃപ്രങ്ങോട്ടൂര്‍ (3), തില്ലങ്കേരി (2), വളപട്ടണം (2), പാട്യം (2), അഴീക്കോട്, ചിറക്കല്‍, പേരാവൂര്‍, മുഴക്കുന്ന്, പട്ടുവം, കൊളച്ചേരി, കൂത്തുപറമ്പ്, അയ്യംകുന്ന് (ഒന്നുവീതം)