ഇരിട്ടി: മലയോര മേഖലയിലെ 15 പഞ്ചായത്തുകളില്‍ പതിമൂന്നിടത്തും ഇടതുഭരണം. ഇരിട്ടി നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും സീറ്റുനിലയില്‍ മേല്‍ക്കൈ. ആറളവും കണിച്ചാറും കൂടെവന്നതിന്റെ സന്തോഷം. കൈയിലുണ്ടായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കൈവിട്ടുപോയതിന്റെ ചെറിയ നിരാശ. ഇതാണ് എല്‍.ഡി.എഫ്. ക്യാമ്പിലെ പുതിയ ചിത്രം.
പരമ്പരാഗതമായി കൈവശമുണ്ടായിരുന്ന ആറളവും കണിച്ചാറും കൈവിട്ടുപോയതിന്റെ ജാള്യതയിലാണ് യു.ഡി.എഫ്. വിമതര്‍ തകര്‍ത്താടിയ അയ്യന്‍കുന്നില്‍ ഭരണം നിലനിര്‍ത്താനായതും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായി ഭരണത്തിലേറാന്‍ കഴിഞ്ഞതും മാത്രമാണ് യു.ഡി.എഫിനുള്ള ആശ്വാസം.
അയ്യന്‍കുന്നിലും പേരാവൂരിലും അക്കൗണ്ട് തുറന്നതല്ലാതെ കാര്യമായ ചലനം ഉണ്ടാക്കാന്‍ ബി.ജെ.പി.ക്കും കഴിയാതെപോയി. പേരാവൂര്‍ ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനായപ്പോള്‍ മുഴക്കുന്നില്‍ കഴിഞ്ഞതവണത്തേക്കാള്‍ മൂന്ന് സീറ്റ് അധികം നേടി ഭരണമുറപ്പിച്ചു.
ബി.ജെ.പി.യുടെ കൈയിലുണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കുന്നതിലും അവര്‍ വിജയിച്ചു.ഇവിടെ മുസ്ലിം ലീഗിന്റെ കൈയിലുണ്ടായിരുന്ന അയ്യപ്പന്‍കാവ് വാര്‍ഡ് എസ്.ഡി.പി.ഐ. പിടിച്ചതും യു.ഡി.എഫിന് ക്ഷീണമായി. പടിയൂരില്‍ കഴിഞ്ഞതവണ നഷ്ടപ്പെട്ട മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫിനായി.
നഗരസഭയില്‍ കാലിടറി യു.ഡി.എഫ്.
ഇരിട്ടി നഗരസഭയില്‍ മൂന്ന് സീറ്റും മുഴക്കുന്ന് പഞ്ചായത്തില്‍ ഒരു സീറ്റും നേടി എസ്.ഡി.പി.ഐ. മികവുകാട്ടി. ഇരിട്ടി നഗരസഭയില്‍ 14 സീറ്റുമായി എല്‍.ഡി.എഫ്. മുന്നിലെത്തി. യു.ഡി.എഫിന് 11 സീറ്റേ നേടാനായുള്ളൂ. കഴിഞ്ഞതവണ 15 സീറ്റ് നേടിയിട്ടും ഭരിക്കാന്‍ കിട്ടിയ അവസരം മുന്നണിയിലെ അനൈക്യം കാരണം നഷ്ടപ്പെടുത്തിയതിന് ജനം നല്‍കിയ വലിയ തിരിച്ചടിയാണ് ഇക്കുറി യു.ഡി.എഫിന്റെ തോല്‍വി.
പത്ത് സീറ്റുമായി ചെയര്‍മാന്‍സ്ഥാനം സ്വപ്നംകണ്ടിറങ്ങിയ മുസ്ലിം ലീഗ് എട്ട് സീറ്റിലേക്ക് ഒതുങ്ങി. കഴിഞ്ഞതവണ നഷ്ടപ്പെട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല കൈയിലുണ്ടായിരുന്ന സീറ്റുകളില്‍ ഒന്ന് സി.പി.എമ്മും സ്വാധീന മേഖലകളില്‍ രണ്ട് സീറ്റുകള്‍ എസ്.ഡി.പി.ഐ.യും പിടിച്ചെടുത്തു.
അഞ്ച് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. 11 വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തുമാണ് കോണ്‍ഗ്രസ്. ബി.ജെ.പി.ക്ക് കൈയിലുണ്ടായിരുന്ന സീറ്റ് നിലനിര്‍ത്താനായതല്ലാതെ പുതിയ മേഖലയിലേക്ക് കടന്നുകയറാനും കഴിഞ്ഞില്ല.
യു.ഡി.എഫ്. പത്തിടത്തും എല്‍.ഡി.എഫ്. എട്ടിടത്തും മൂന്നാം സ്ഥാനത്ത്
ഇരിട്ടി: ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഇരിട്ടി നഗരസഭയില്‍ പത്തിടത്ത് യു.ഡി.എഫും എട്ടിടത്ത് എല്‍.ഡി.എഫും മൂന്നാം സ്ഥാനത്തേക്ക് വീണു. വട്ടക്കയം, കീഴൂര്‍ക്കുന്ന്, വള്ള്യാട്, കീഴൂര്‍, നരിക്കുണ്ടം, പുന്നാട് ഇസ്റ്റ്,പുന്നാട്, നിടിയാഞ്ഞിരം, ആവട്ടി, ചാവശ്ശേരിവെസ്റ്റ് വാര്‍ഡകളിലാണ് യു.ഡി.എഫ്. മൂന്നാമതായത്.താവിലാക്കുറ്റി , മിത്തലെ പുന്നാട്, പുറപ്പാറ, നരയംമ്പാറ, നടുവനാട്, കുരന്‍മുക്ക്, ചാവശ്ശേരി, പത്തൊമ്പതാം മൈല്‍ വാര്‍ഡുകളില്‍ എല്‍.ഡി.എഫും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോണ്‍ഗ്രസ് മുന്നാം സ്ഥാനത്ത് എത്തിയ വാര്‍ഡുകളില്‍ കീഴൂര്‍ക്കുന്ന്, ആവട്ടി വാര്‍ഡുകളില്‍ ബി.ജെ.പി.യും ബാക്കിയുള്ള വാര്‍ഡുകളില്‍ സി.പി.എമ്മുമാണ് വിജയിച്ചത്. എല്‍.ഡി.എഫ് മുന്നാം സ്ഥാനത്ത് എത്തിയ വാര്‍ഡുകളില്‍ താവിലാക്കുറ്റി, മിത്തലെ പുന്നാട് എന്നിവിടങ്ങളില്‍ ബി.ജെ.പിയും പുറപ്പാറ, ചാവശ്ശേരി, പത്തൊമ്പതാം മൈല്‍ വാര്‍ഡുകളില്‍ യു.ഡി.എഫും നരയംമ്പാറ, നടുവനാട്, കുരന്‍മുക്ക് വാര്‍ഡുകള്‍ എസ്.ഡി.പി.ഐ.യുമാണ് വിജയിച്ചത്.