കണ്ണൂര്‍: പൂരം കഴിഞ്ഞു. പൂരപ്പിറ്റേന്നത്തെ പറമ്പുപോലെയായി ഗ്രാമവും നഗരവും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരുടെയും ഇഞ്ചോടിഞ്ച് പോരാടിയവരുടെയും തോറ്റ് തുന്നംപാടിയവരുടെയും ചിരിക്കുന്ന മുഖങ്ങളാണെങ്ങും. അവ കൂറ്റന്‍ ബോര്‍ഡുകളായും ചുവരെഴുത്തുകളായും പോസ്റ്ററുകളായും തോരണങ്ങളായും മുക്കിലും മൂലയിലും വിലസുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണവസ്തുക്കള്‍ ഡിസംബര്‍ 19-നകം നീക്കണമെന്നാണ് കളക്ടര്‍ ടി.വി. സുഭാഷിന്റെ നിര്‍ദേശം. ഇവ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും സ്വന്തം ചെലവില്‍ നീക്കം ചെയ്യണം. 19-ന് ശേഷം മാറ്റാത്തവ നീക്കുന്നതിനുള്ള തുക സ്ഥാനാര്‍ഥികളില്‍നിന്ന് ഈടാക്കുകയും തിരഞ്ഞെടുപ്പ് ചെലവുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു.
• പുനഃചംക്രമണത്തിന് സാധ്യമായ പ്രചാരണവസ്തുക്കള്‍ അത്തരം ഏജന്‍സികള്‍ക്ക് കൈമാറി രശീത് സൂക്ഷിക്കണം
• പ്രചാരണവസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയുകയോ സൂക്ഷിക്കുകയോ ചെയ്യരുത്
• പ്രചാരണത്തിനുപയോഗിച്ച സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കരുത്
കതിരൂരിലെ പ്രചാരണ ഫ്‌ലക്‌സുകള്‍ ഇനി ഗ്രോബാഗുകള്‍
കതിരൂര്‍: സി.പി.എം. കതിരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ബാനറുകളും ബോര്‍ഡുകളും ഇനി ഗ്രോബാഗുകള്‍. ഇവ ശേഖരിച്ച് പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചുവരികയാണ്.
തുണികൊണ്ടുള്ള ഫ്‌ലക്‌സുകള്‍ പോലും ആവശ്യം കഴിഞ്ഞാല്‍ കാലങ്ങളോളം പാര്‍ട്ടി ഓഫീസുകളില്‍ കൂട്ടിയിടുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കാനാണ് 'ഫ്‌ളക്സില്‍നിന്ന് ഗ്രോബാഗ്' എന്ന ആശയം കതിരൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍നിന്ന് വിജയിച്ച സി.പി.എം. പ്രതിനിധി എ. മുഹമ്മദ് അഫ്സല്‍ മുന്നോട്ടുവെച്ചത്. സി.പി.എം. പ്രതിനിധികളായി കതിരൂര്‍ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.പി. സനില്‍, നെയ്യന്‍ സുധീഷ് എന്നിവര്‍ ആശയത്തോട് സഹകരിച്ചതോടെ പ്രവൃത്തി ദ്രുതഗതിയിലായി.
നിയമവിധേയമായ പോളി എത്തിലിനില്‍ തീര്‍ത്ത ഷീറ്റുകള്‍ 10 ഇഞ്ച് നീളത്തില്‍ മുറിച്ചെടുത്ത്, അടിയില്‍ വൃത്താകൃതിയില്‍ മറ്റൊരു കഷണം തുന്നിച്ചേര്‍ത്താണ് ഗ്രോബാഗ് നിര്‍മാണം. ഇതുവരെയായി നിര്‍മിച്ചുനല്‍കിയത് 100 ബാഗുകള്‍. 1000 ബാഗുകള്‍ നിര്‍മിക്കാനാണ് പദ്ധതി. കതിരൂരിലെ അനുപമ ശ്രീജന്‍, സീമ, വിജി, ബിനിത എന്നിവരുടെ നേതൃത്വത്തിലുള്ള 15 വനിതകളാണ് ബാഗ് തുന്നുന്നത്. ബാഗിലേക്കാവശ്യമായ മണ്ണ് പൂളബസാറിലെ രാജീവനും വളം ബറോഡ ബാങ്ക് ഉദ്യോഗസ്ഥന്‍ രമേശന്‍ കാഞ്ഞിലേരിയും നല്‍കി. പച്ചക്കറിത്തൈകള്‍ നല്കിയത് മുരിക്കോളി രവീന്ദ്രനാണ്. കാന്താരി, ചീര, തക്കാളി, പയര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ നടുന്നത്. കതിരൂരിലെ എല്‍.ഡി.എഫിന്റെ മാത്രം പ്രചാരണവസ്തുക്കളാണ് ഇപ്പോള്‍ ശേഖരിച്ചത്. പാര്‍ട്ടി നോക്കാതെ വസ്തുക്കള്‍ എവിടെയുണ്ടെന്നെറിയിച്ചാലും അവിടെ വന്ന് ശേഖരിക്കാന്‍ തയ്യാറാണെന്ന് നെയ്യന്‍ സുധീഷ് പറഞ്ഞു. സൗജന്യമായാണ് തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ നല്കുന്നത്.
കാണാം, ചില മാതൃകകള്‍
ജില്ലയിലെ ചില പഞ്ചായത്തുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വമേധയാ പ്രചാരണവസ്തുക്കള്‍ നീക്കാനിറങ്ങിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രമായ കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ അധികൃതര്‍ കാട്ടിയത് ഇത്തരത്തിലൊരു മാതൃകയാണ്. സ്‌കൂള്‍ വളപ്പും പരിസരവും വ്യാഴാഴ്ച രാവിലെത്തന്നെ വൃത്തിയാക്കിത്തുടങ്ങി. പ്ലാസ്റ്റിക് കുപ്പികള്‍ പ്രത്യേകം സജ്ജമാക്കിയ ബോട്ടില്‍ ബൂത്തുകളില്‍ നിക്ഷേപിച്ചു. അതേസമയം പോളിങ് ബൂത്തായി പ്രവര്‍ത്തിച്ച പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ നടപ്പാതയില്‍ സ്ഥാപിച്ച ഹരിത ബൂത്തിന്റെ മാതൃക വ്യാഴാഴ്ചയും നീക്കാത്ത നിലയിലാണ്.