ധര്‍മശാല: ആന്തൂരിന്റെ ചുവന്ന മണ്ണിന് ഇക്കുറിയും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനായില്ല. തിരഞ്ഞെടുപ്പ് നടന്ന 22 വാര്‍ഡിലും എല്‍.ഡി.എഫ്. മിന്നുംവിജയം നേടി.
കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് ഉയര്‍ന്ന വിവാദങ്ങളൊന്നും വോട്ടര്‍മാരില്‍ ഒരു സ്വാധീനവും ഉണ്ടാക്കിയില്ലെന്ന് വെളിവാക്കുന്ന തകര്‍പ്പന്‍ ജയമാണ് ഇക്കുറിയും എല്‍.ഡി.എഫിന് നേടാനായത്.
ആറ് വാര്‍ഡില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍പോലും യു.ഡി.എഫിനോ ബി.ജെ.പി.ക്കോ ആയില്ല. തിരഞ്ഞെടുപ്പ് നടന്ന അയ്യങ്കോല്‍, കടമ്പേരി, ധര്‍മശാല എന്നീ വാര്‍ഡുകളിലാണ് മത്സരത്തിന്റെ പ്രതീതിപോലും ഉണ്ടാക്കാന്‍ പ്രതിപക്ഷത്തിനായത്.
മറ്റു വാര്‍ഡുകളിലെല്ലാം ഇടതുപക്ഷത്തിന് ഏകപക്ഷീയമായ വിജയമാണ് നേടാനായത്. ഇതില്‍ അയ്യങ്കോലില്‍ മുസ്ലിം ലീഗും കടമ്പേരി, ധര്‍മശാല വാര്‍ഡുകളില്‍ ബി.ജെ.പി.യുമാണ് രണ്ടാംസ്ഥാനം നേടിയത്.