വളപട്ടണം: തനിച്ചു മത്സരിച്ച മുസ്ലിം ലീഗിന് വളപട്ടണത്ത് മിന്നുന്ന വിജയം. ലീഗിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വിയും. വളപട്ടണം പഞ്ചായത്തില്‍ ആകെയുള്ള 13 വാര്‍ഡുകളില്‍ 10-ലും മത്സരിച്ച ലീഗിന് ഏഴു സീറ്റുകള്‍ ലഭിച്ചു.
ഒന്‍പത് വാര്‍ഡുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒരു വാര്‍ഡുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗിന് മേല്‍ക്കൈയുള്ള വളപട്ടണത്ത് കഴിഞ്ഞതവണ ഒന്നിച്ച് മുന്നണിയായി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് ആറ് വാര്‍ഡുകള്‍ ലഭിച്ചിരുന്നു. ലീഗിന് കിട്ടിയത് മൂന്ന് വാര്‍ഡുകള്‍.
കോണ്‍ഗ്രസ് ചതിച്ചത് കാരണമാണ് വാര്‍ഡുകള്‍ മൂന്നായി ചുരുങ്ങിയതെന്ന് ലീഗണികളില്‍ ചര്‍ച്ചയുണ്ടായിരുന്നു. കഴിഞ്ഞതവണ പ്രസിഡന്റ് സ്ഥാനം നഷ്ടമായതിലുള്ള നിരാശയും ലീഗണികളില്‍ പ്രകടമായിരുന്നു. ഇത്തവണ ഒന്നിച്ചു മത്സരിക്കില്ലെന്ന് ലീഗ് വാശിപിടിച്ചപ്പോള്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നിട്ടും പ്രശ്‌നം തീര്‍ന്നില്ല.
ഇത്തവണ കെ.എം.ഷാജി എം.എല്‍.എ. അടക്കമുള്ള ലീഗിന്റെ ഉന്നതനേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വളപട്ടണത്ത് വന്നില്ല. അതേസമയം ഈ വേറിട്ട മത്സരത്തെക്കുറിച്ച് െക.സുധാകരന്‍ എം.പി. വളപട്ടണത്തുവന്ന് ഇതൊരു സൗഹൃദ മത്സരമായേ കണക്കാക്കേണ്ടതുള്ളൂവെന്നും പറഞ്ഞിരുന്നു.
ഒറ്റയ്ക്ക് ഭരിക്കാന്‍ വാര്‍ഡുകള്‍ നേടിയ ലീഗിന്റെ മധുരപ്രതികാരത്തിനിടയില്‍ വളപട്ടണത്തെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുതുടങ്ങി.
കഴിഞ്ഞതവണ കോണ്‍ഗ്രസ് അംഗങ്ങളായ കെ.പി.വസന്ത, ടി.എം.നജ്മ, എന്‍.പി.മനോരമ, എന്‍.കെ.ശൈലജ എന്നിവര്‍ ഇത്തവണ മത്സരിച്ച് പരാജയപ്പെട്ടപ്പോള്‍ 1979 മുതല്‍ ജയിച്ചിരുന്ന കോണ്‍ഗ്രസിലെ വി.കെ.ലളിതാദേവി ഇത്തവണയും വിജയിച്ചതാണ് കോണ്‍ഗ്രസിന്റെ ഏക ആശ്വാസം. നാലുപതിറ്റാണ്ടായി മത്സരരംഗത്തുള്ള ഈ റിട്ട. അധ്യാപിക ചില വര്‍ഷങ്ങളില്‍ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു.
സി.പി.എം. നിലവിലുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ നിലനിര്‍ത്തി. കഴിഞ്ഞതവണ ഒരു വാര്‍ഡുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണയും ഒരു വാര്‍ഡ് നിലനിര്‍ത്തി.
കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ ബി.ജെ.പി.യും നേട്ടംെകായ്തു. കളരിവാതുക്കല്‍ ഈസ്റ്റ് (ഏഴാം വാര്‍ഡ്) നാല് വോട്ടിന് കോണ്‍ഗ്രസിലെ എന്‍.കെ.ശൈലജയെ തോല്‍പ്പിച്ച് ബി.ജെ.പി.യിലെ ടി.കെ.പദ്മനാഭന്‍ വിജയം നേടി.
കളരിവാതുക്കല്‍ െവസ്റ്റ് (ഒന്‍പത്) ആദ്യ രണ്ടരവര്‍ഷം പ്രസിഡന്റായ കോണ്‍ഗ്രസിലെ എന്‍.പി.മനോരമയെ 20 വോട്ടിന് തോല്‍പ്പിച്ച് ബി.ജെ.പി.യുടെ പി.വി.രാധിക പിടിച്ചു.
കോണ്‍ഗ്രസിനകത്തെ ഭിന്നതകളാണ് വളപട്ടണത്ത് ഇതുവരെയില്ലാത്ത കനത്ത തോല്‍വിക്ക് കാരണമെന്ന വിലയിരുത്തലുമുണ്ട്.