ചെറുപുഴ: പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന പാലം ഇത്തവണയും കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കോഴിച്ചാല്‍ ഐ.എച്ച്.ഡി.പി. കോളനിയിലെ താമസക്കാര്‍ വോട്ട് ബഹിഷ്‌കരിച്ചു. ഇരുന്നൂറോളം പേരാണ് ഇവിടെ വോട്ടുചെയ്യാതിരുന്നത്.

വോട്ടെടുപ്പിന്റെ ദിവസമായ തിങ്കളാഴ്ച കാര്യങ്കോട് പുഴയിലൂടെ കോളനിയിലേക്ക് വാഹനം കടത്താനുള്ള താത്കാലിക റോഡിന്റെ നിര്‍മാണം നടത്തുകയായിരുന്നു ഇവര്‍. പാലം കിട്ടുംവരെ ആര്‍ക്കും വോട്ടുചെയ്യില്ലെന്നാണ് ചെറുപുഴ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍പ്പെട്ട ഇവര്‍ പറയുന്നത്.

69 കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. വാഹനം കടന്നുപോകാന്‍ കഴിയുന്ന ഒരു പാലമെന്നത് ഇവരുടെ സ്വപ്നമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തുമെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രലോഭനത്തില്‍ അവസാന നിമിഷം വോട്ടുചെയ്യുന്ന പതിവ് ഇത്തവണ തെറ്റി. വോട്ട് ബഹിഷ്‌കരണം എല്‍.ഡി.എഫിനെയാണോ യു.ഡി.എഫിനെയാണോ ബാധിച്ചതെന്ന് 16-ന് അറിയാം. ഇരുമുന്നണികളിലുംപെട്ടവര്‍ ഇവിടെയുണ്ട്.

എല്ലാ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും തങ്ങളെ അവഗണിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

ജനകീയകമ്മിറ്റി രൂപവത്കരിച്ചാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രസിഡന്റ് ബിജു ആനമല, സെക്രട്ടറി

മോന്‍സി എളുക്കുന്നേല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. തങ്ങള്‍ക്ക് പാലം അനുവദിച്ചുതരുന്നതാരാണോ അവര്‍ക്കൊപ്പം ഞങ്ങളെല്ലാവരും എന്നുമുണ്ടാകുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.