കണ്ണൂര്‍: തിരഞ്ഞെടുപ്പുദിവസം രാവിലെത്തന്നെയെത്തി മന്ത്രിമാരും നേതാക്കളും വോട്ട് ചെയ്തു. അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ ഭാര്യ ഇന്ദിരയ്‌ക്കൊപ്പമെത്തിയാണ് മന്ത്രി ഇ.പി. ജയരാജന്‍ വോട്ട് രേഖപ്പെടുത്തിയത്. തദ്ദേശ സ്ഥാപനതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും നാടാകെ ഇടതുസര്‍ക്കാര്‍ നയങ്ങളെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ തന്നെ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഭാര്യ ഡോ. റോസ്‌നയും മകന്‍ അമന്‍ റോസും ഒപ്പമുണ്ടായിരുന്നു. അമന്‍ റോസിന്റെ കന്നിവോട്ടായിരുന്നു ഇത്.

മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി കടന്നപ്പള്ളി ചെറുവിച്ചേരി ഗവ. എല്‍.പി. സ്‌കൂളിലും മന്ത്രി എ.കെ. ശശീന്ദ്രന്‍ ചൊവ്വ ധര്‍മസമാജം യു.പി. സ്‌കൂളിലുമെത്തി വോട്ട് രേഖപ്പെടുത്തി. എം.പി.മാരായ കെ. സുധാകരന്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആലിങ്കീല്‍ ക്ഷേത്രത്തിന് സമീപത്തെ അങ്കണവാടിയിലെ ബൂത്തിലും കെ.കെ. രാഗേഷ് മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ട് ചെയ്തു. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ചെറുതാഴം സൗത്ത് എല്‍.പി. സ്‌കൂളിലും സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ പാച്ചക്കണ്ടി കൊങ്ങാറ്റ എല്‍.പി. സ്‌കൂളിലും, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പെരളശ്ശേരി എ.കെ.ജി.എസ്.എസ്.എസിലും വോട്ടു ചെയ്തു.

കഥാകൃത്ത് ടി. പത്മനാഭന്‍ കണ്ണൂര്‍ പൊടിക്കുണ്ട് രാമതെരു വോയ്‌സ് സ്‌കൂളിലെ ബൂത്തില്‍ പത്തുമണിയോടെ വോട്ട് ചെയ്യാനെത്തിയിരുന്നു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പള്ളിക്കുന്ന് എച്ച്.എസ്.എസിലും. മുസ്ലിം ലീഗ് നേതാവ് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി അലവില്‍ നോര്‍ത്ത് എല്‍.പി. സ്‌കൂളിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി.ബി.ജെ.പി. നേതാക്കളായ പി.കെ. കൃഷ്ണദാസും എന്‍. ഹരിദാസും തലശ്ശേരി സൈയ്ദാര്‍ പള്ളി മദ്രസത്തുല്‍ മുബാറക് യു.പി. സ്‌കൂളിലും സി.കെ. പദ്മനാഭന്‍ അഴീക്കോട് അക്ലിയത്ത് യു.പി.സ്‌കൂളിലും, കെ. രഞ്ചിത്ത് പള്ളിയാംമൂല എല്‍.പി. സ്‌കൂളിലും വോട്ട് ചെയ്തു.

പന്ന്യന്‍ കക്കാട് ഗവ. എല്‍.പി. സ്‌കൂളില്‍

സി.പി.ഐ. നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍ കക്കാട് ഗവ. എല്‍.പി. സ്‌കൂളിലും സി.എന്‍. ചന്ദ്രന്‍ പിണറായി പടന്നക്കര യു.പി.യിലും സി.പി. മുരളി മമ്പറം യു.പി.യിലും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. തലശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും സഹായമെത്രാന്‍ ജോസഫ് പാംപ്ലാനിയും കൊടുവള്ളി ജി.വി.എച്ച്.എസ്.എസിലും കണ്ണൂര്‍ രൂപതാ ബിഷപ്പ് മാര്‍ അലക്‌സ് വടക്കുംതല ചൊവ്വ എച്ച്.എസ്.എസിലും വോട്ട് ചെയ്തു.